Friday, April 6, 2012

വിദേശ വാര്‍ത്തകള്‍ - ഗ്രീസ് പ്രക്ഷോഭം, ബ്രിട്ടന്‍, ചൈന...


ഗ്രീസില്‍ വന്‍ പ്രക്ഷോഭം

ഏഥന്‍സ്: ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നടപ്പാക്കുന്ന ഗ്രീസില്‍ പെന്‍ഷന്‍ നഷ്ടമായ എഴുപത്തേഴുകാരന്‍ പാര്‍ലമെന്റിനു മുന്നില്‍ ജീവനൊടുക്കി. റിട്ട. ഫാര്‍മസിസ്റ്റ് ദിമിത്രിസ് ക്രിസ്റ്റോളസ് ആണ് ബുധനാഴ്ച ജീവനൊടുക്കിയത്. ക്രിസ്റ്റോളസിന് അന്തിമോപചാരമര്‍പ്പിക്കാന്‍ തലസ്ഥാനത്ത് ഒത്തുകൂടിയ നൂറുകണക്കിനാളുകള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യംമുഴക്കി. സാമ്പത്തിക നടപടികളെത്തുടര്‍ന്ന് ജീവിതം കടുത്ത പ്രതിസന്ധിയിലായെന്ന് വിളിച്ചുപറഞ്ഞാണ് ദിമിത്രിസ് ക്രിസ്റ്റോളസ് ബുധനാഴ്ച രാവിലെ സിന്ദാഗ്മ ചത്വരത്തില്‍ സ്വയം വെടിവച്ച് മരിച്ചത്. ഭക്ഷണത്തിനായി തോട്ടിപ്പണി ചെയ്യുന്നതിലും നല്ലത് മരണമാണെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ചശേഷമാണ് ജീവനൊടുക്കിയത്. ദിമിത്രിസ് ക്രിസ്റ്റോളസിന്റെ മരണത്തില്‍ പ്രധാനമന്ത്രി ലൂകാസ് പാപന്ദമോസ് അനുശോചിച്ചു. കച്ചവടം പൊളിഞ്ഞ യുവാവ് ചൊവ്വാഴ്ച വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഫെ ഉടമയായ മുപ്പത്തഞ്ചുകാരനാണ് കീടനാശിനി കഴിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇതിനു പിന്നാലെ പെന്‍ഷന്‍കാരന്‍ ആത്മഹത്യചെയ്തതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. വടക്കന്‍ നഗരമായ തെസാലോനികില്‍ വന്‍ പ്രക്ഷോഭം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടവരും മറ്റുമായി നിരവധി പേരാണ് ഗ്രീസില്‍ ആത്മഹത്യചെയ്യുന്നത്. 2011ലെ ആദ്യ അഞ്ചുമാസം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് 40 ശതമാനം വര്‍ധിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. സര്‍ക്കാരിതര ആത്മഹത്യാ പ്രതിരോധ സംവിധാനത്തിലേക്ക് വിളിക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. യൂറോപ്യന്‍ യൂണിയന്‍ കണക്കനുസരിച്ച് ഗ്രീസില്‍ തെഴിലില്ലായ്മ 21 ശതമാനമാണ് വര്‍ധിച്ചത്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ബ്രിട്ടനില്‍ തുടരാനാകില്ല

ലണ്ടന്‍: പഠനശേഷം തൊഴില്‍ തേടിയും മറ്റും രണ്ട് വര്‍ഷംകൂടി വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ തങ്ങാമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. കുടിയേറ്റം തടയാനെന്നപേരില്‍ കാമറോണ്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. ഏതെങ്കിലും കോഴ്സ് ചെയ്യുന്നവര്‍ക്ക് അത് പൂര്‍ത്തിയാക്കിയശേഷം പരിശീലനത്തിനും വരുമാനം നേടുന്നതിനുമായി രണ്ട് വര്‍ഷംകൂടി ബ്രിട്ടനില്‍ തങ്ങാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ സൗകര്യം നിര്‍ത്തലാക്കിയ ഉത്തരവ് നിലവില്‍ വന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ, മറ്റ് യൂറോപ്പിതര രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ബ്രിട്ടനില്‍ തങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. സ്വാശ്രയവിദ്യാര്‍ഥികള്‍ക്ക് പഠനവായ്പ തിരിച്ചടയ്ക്കുന്നതിന് പണം കണ്ടെത്താനും പ്രവൃത്തിപരിചയത്തിനുമായി ഈ സമയം ഉപയോഗപ്പെടുത്താമായിരുന്നു. പുതിയ ഉത്തരവോടെ ഈ സൗകര്യം ഇല്ലാതാകും.

സര്‍ക്കാര്‍ തീരുമാനത്തെ സര്‍വകലാശാലകളും ബ്രിട്ടീഷ് കൗണ്‍സിലും എതിര്‍ത്തു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച കേന്ദ്രമെന്ന ബ്രിട്ടന്റെ സ്ഥാനം നഷ്ടപ്പെടുമെന്നും രാജ്യത്തിനുള്ള വിദേശവരുമാനം കുറയുമെന്നുമാണ് വിമര്‍ശം. കണ്‍സര്‍വേറ്റീവ് പാര്‍ടി യോഗത്തില്‍ കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നല്‍കിയ ഉറപ്പനുസരിച്ചാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടന്‍ നിയന്ത്രണം കൊണ്ടുവന്നത്.

പാശ്ചാത്യഭീഷണിക്കെതിരെ കടുത്ത ഭാഷയില്‍ റഷ്യ

ബിഷ്കേക്: സിറിയന്‍പ്രശ്നത്തില്‍ അന്ത്യശാസനവും ഭീഷണിയും മുഴക്കുന്ന അമേരിക്കന്‍ ചേരിയുടെ നടപടിക്കെതിരെ റഷ്യ ശക്തമായി പ്രതികരിച്ചു. ഏപ്രില്‍ പത്തിനകം സൈന്യത്തെ പിന്‍വലിക്കണമെന്നും വെടിനിര്‍ത്തണമെന്നും അല്ലാത്തപക്ഷം ബാസര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമുള്ള യുഎന്‍ രക്ഷാസമിതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ പ്രതികരണം. യുഎന്‍- അറബ് ലീഗ് പ്രതിനിധിയായി സിറിയ സന്ദര്‍ശിച്ച മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ദൗത്യം വിജയിപ്പിക്കുന്നതിനുള്ള നീക്കത്തില്‍ ഉറച്ച നിലപാടാണെന്നും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവറോവ് പറഞ്ഞു.

മുന്‍ സോവിയറ്റ് രാജ്യമായ കിര്‍ഖിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിറിയന്‍ സര്‍ക്കാര്‍ അന്നന്റെ നിര്‍ദേശം അംഗീകരിച്ച് നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് വലിയ കാര്യമാണ്. എന്നാലിത് വിലകുറച്ചുകണ്ടുള്ള ഭീഷണിപ്പെടുത്തലും അന്ത്യശാസനവും ദൗര്‍ഭാഗ്യകരമാണ്. കോഫി അന്നന്റെ നിര്‍ദേശം നടപ്പാക്കാനുള്ള ഐക്യരാഷ്ട്ര സംഘടന സുരക്ഷ സമിതിയുടെ നീക്കത്തെ റഷ്യ പിന്തുണയ്ക്കും. മറിച്ച് ഭീഷണിപ്പെടുത്തുന്ന നീക്കം സംഘര്‍ഷം വര്‍ധിപ്പിക്കുകയേയുള്ളൂ. അങ്ങനെയുണ്ടായാല്‍ റഷ്യ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും ലാവറോവ് പറഞ്ഞു.

അതേസമയം, സിറിയയില്‍ സര്‍ക്കാരും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏപ്രില്‍ പന്ത്രണ്ടോടെ അവസാനിപ്പിക്കുമെന്ന് കോഫി അന്നന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് അഹമ്മദ് ഫവാസി ജനീവയില്‍ പറഞ്ഞു. പത്തിന് സര്‍ക്കാര്‍ സേനയെ പിന്‍വലിക്കുമെന്നാണ് കരുതുന്നത്. കലാപം അവസാനിപ്പിക്കാന്‍ പിന്നീട് 48 മണിക്കൂര്‍ എല്ലാ വിഭാഗത്തിനും നല്‍കുമെന്നും അഹമ്മദ് ഫവാസി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സേനയെ പിന്‍വലിക്കണമെന്ന് അന്നന്‍ സിറിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിരീക്ഷിച്ചു വരികയാണ്. സുരക്ഷാ സമിതി പ്രമേയം അനുവദിക്കുന്ന മുറയ്ക്ക് സംയുക്ത സമാധാനസേന അങ്ങോട്ട് നീങ്ങുമെന്നും വക്താവ് പറഞ്ഞു. സിറിയന്‍ നടപടിക്ക് പിന്തുണ തേടി അന്നന്‍ 11ന് തെഹ്റാനിലേക്ക് പോകുമെന്നും വക്താവ് പറഞ്ഞു.

സിറിയയിലെ ബാസര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാസങ്ങളായി കലാപം നടന്നുവരികയാണ്. ഈ കലാപകാരികള്‍ക്ക് അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിയുടെ പിന്തുണയുണ്ട്. ജനവാസകേന്ദ്രങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ സേന ആക്രമണം നടത്തുന്നുവെന്നാണ് പാശ്ചാത്യ ചേരിയുടെ ആരോപണം

മ്യാന്‍മറിനെതിരായ ഉപരോധം പിന്‍വലിക്കണം: ചൈന

വാഷിങ്ടണ്‍: മ്യാന്‍മറില്‍ വിമോചന പോരാളി ഓങ് സാന്‍ സൂകിയുടെ പാര്‍ടി വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍ ആ രാജ്യത്തിനെതിരെയുള്ള ഉപരോധത്തില്‍ അയവു വരുത്താന്‍ അമേരിക്ക തീരുമാനിച്ചു. അതേസമയം, മ്യാന്‍മറിന്റെ പുരോഗതിക്ക് എല്ലാ ഉപരോധവും പിന്‍വലിക്കണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ചൈന ആവശ്യപ്പെട്ടു.

മ്യാന്‍മറിന്റെ പരിഷ്കാര നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ നിക്ഷേപരംഗത്തുള്ള ഉപരോധത്തില്‍ ഇളവുവരുത്തുമെന്ന് അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. നിലവിലുള്ള മറ്റ് നിരവധി ഉപരോധങ്ങള്‍ പിന്‍വലിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ഇളവ് സാമ്പത്തിക- രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ മാത്രമാണെന്നും ഹിലരി പറഞ്ഞു.

ഉപരോധം ഇളവുചെയ്യാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതംചെയ്ത ചൈന ഉപരോധങ്ങള്‍ എല്ലാം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. മ്യാന്‍മറില്‍ സ്ഥിരതയും പുരോഗതിയും കൊണ്ടുവരാന്‍ പുതിയ തെരഞ്ഞെടുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചൈന പറഞ്ഞു.പാര്‍ലമെന്റിലെ 45 സീറ്റിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ സൂകിയുടെ എന്‍എല്‍ഡി പാര്‍ടി സമ്പൂര്‍ണവിജയം നേടിയിരുന്നു.

സയീദിന്റെ തലയ്ക്ക് വിലയിട്ടത് ഇന്ത്യയെ ഇറാനില്‍നിന്ന് അകറ്റാനെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പാക് ഭീകര സംഘടന ലഷ്കറെ തൈബയുടെ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍(50 കോടിയില്‍പരം രൂപ) ഇനാം പ്രഖ്യാപിച്ചത് പ്രധാനമായും മൂന്നര വര്‍ഷം മുമ്പ് നടന്ന മുംബൈ ഭീകരാക്രമണത്തിലെ പങ്കിന്റെ പേരിലെന്ന് അമേരിക്ക. എന്നാല്‍, ഇന്ത്യയെ ഇറാനില്‍നിന്ന് അകറ്റുക എന്നതടക്കമുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെയാണ് ഇപ്പോള്‍ ഈ നടപടിയെന്ന് രാഷ്ട്രാന്തര സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

അമേരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ ന്യൂലന്‍ഡാണ് സയീദിനെതിരായ നടപടി മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണെന്ന് അവകാശപ്പെട്ടത്. സയീദിനെ നീതിക്കുമുന്നില്‍ കൊണ്ടുവരുന്നതിനാണ് നടപടിയെന്നും അയാള്‍ക്കെതിരെ ഇന്ത്യയില്‍ കുറ്റം ചുമത്തിയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്ക് പാകിസ്ഥാനിലൂടെ വീണ്ടും പാത തുറന്നുകൊടുക്കുന്നതിനെ താന്‍ എതിര്‍ക്കുന്നതുകൊണ്ടാണ് നടപടി എന്ന സയീദിന്റെ ആരോപണം അവര്‍ തള്ളി. നടപടി സംബന്ധിച്ച് പാകിസ്ഥാന്‍ വിവരം ലഭിച്ചില്ലെന്ന പാക് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും അമേരിക്കന്‍ വക്താവ് തള്ളി. പാകിസ്ഥാനുമായി ആശയവിനിമയം നടത്തിയിരുന്നെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, ഇപ്പോഴും ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയെ അതില്‍നിന്ന് പിന്തിരിപ്പിക്കാനാണ് ഇന്ത്യയ്ക്ക് താല്‍പ്പര്യമുള്ള ഒരു നടപടി ഇപ്പോള്‍ സ്വീകരിച്ചതിന് കാരണം എന്നാണ് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ആര്‍ട് കെല്ലര്‍ പറഞ്ഞു. "പൊള്ളയായ ശക്തി: സിഐഎയും ഇറാനും" എന്ന പുസ്തകം എഴുതിയ ആളാണ് കെല്ലര്‍. പരസ്യമായി പ്രവര്‍ത്തിക്കുകയും പൊതുവേദികളില്‍ നിത്യ സാന്നിധ്യമായിരിക്കുകയും ചെയ്യുന്ന സയീദിന്റെ തലയ്ക്ക് വിലയിട്ടത് വിചിത്രമായിരിക്കുന്നു എന്നാണ് ജോര്‍ജ്ജൗണ്‍ സര്‍വകലാശാലയിലെ സുരക്ഷാ വിദഗ്ധ ക്രിസ്തീന്‍ ഫെയറിന്റെ അഭിപ്രായം.

ഇതേസമയം, താന്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്നും പ്രഖ്യാപിച്ച സമ്മാനം തനിക്ക് തന്നേക്കൂഎന്നും പറഞ്ഞ് ഹാഫിസ് സയീദ് അമേരിക്കയെ പരിഹസിച്ചു. നാളെ താന്‍ ലാഹോറില്‍ ഉണ്ടാകുമെന്നും അമേരിക്കയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും സയീദ് പറഞ്ഞു. ഇന്ത്യയുടെ നാശവും ഇന്ത്യയടങ്ങുന്ന ഉപഭൂഖണ്ഡമാകെ മുഗള്‍ ഭരണമാതൃകയില്‍ ഇസ്ലാമിക ഭരണം പുനഃസ്ഥാപിക്കുകയുമാണ് സയീദിന്റെ ലക്ഷ്യമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥനും ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെബാന്‍ സെന്ററിലെ മുതിര്‍ന്ന ഫെലോയുമായ ബ്രൂസ് റീഡല്‍ പറഞ്ഞു. അഫ്പാക് നയം രൂപീകരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയോഗിച്ച മൂന്നംഗ സംഘത്തില്‍ ഒരാളായിരുന്നു റീഡല്‍.

deshabhimani 060412

1 comment:

  1. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നടപ്പാക്കുന്ന ഗ്രീസില്‍ പെന്‍ഷന്‍ നഷ്ടമായ എഴുപത്തേഴുകാരന്‍ പാര്‍ലമെന്റിനു മുന്നില്‍ ജീവനൊടുക്കി. റിട്ട. ഫാര്‍മസിസ്റ്റ് ദിമിത്രിസ് ക്രിസ്റ്റോളസ് ആണ് ബുധനാഴ്ച ജീവനൊടുക്കിയത്. ക്രിസ്റ്റോളസിന് അന്തിമോപചാരമര്‍പ്പിക്കാന്‍ തലസ്ഥാനത്ത് ഒത്തുകൂടിയ നൂറുകണക്കിനാളുകള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യംമുഴക്കി.

    ReplyDelete