Wednesday, April 25, 2012

വാര്‍ത്തകള്‍ - കാന്തപുരം, വെള്ളാപ്പള്ളി, നബാര്‍ഡ്..


പാണക്കാട് തങ്ങള്‍ രാഷ്ട്രീയനേതാവുമാത്രം: കാന്തപുരം

കൊച്ചി: മുസ്ലിംലീഗ്, സമുദായത്തിന്റെ മൊത്തത്തിലുള്ള പ്രതിനിധിയല്ലെന്ന് സുന്നി ജം ഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മറ്റ് രാഷ്ട്രീയസംഘടനകളെപ്പോലെതന്നെയാണ് ലീഗ്. പാണക്കാട് തങ്ങളെ മുസ്ലലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രീയ നേതാവായിമാത്രമേ കണക്കാക്കാനാവൂ എന്നും കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ വിലപേശല്‍ നടത്തുന്നതില്‍നിന്ന് മത സാമുദായിക നേതാക്കള്‍ പിന്മാറണം. മതത്തിന്റെ പേരില്‍ അധികാരം ചോദിക്കുന്നത് സമൂഹത്തില്‍ സമാധാനം ഉണ്ടാക്കില്ല. പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ഇടമാക്കി മാറ്റരുത്. ഭരണം മാറിയാലും വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന പരിഷ്കാരങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്നും കാന്തപുരം പറഞ്ഞു. എസ്വൈഎസ് സ്റ്റേറ്റ് സുപ്രീം കൗണ്‍സില്‍ അംഗം അഹമ്മദ്കുട്ടി ഹാജി, കേരളയാത്ര കണ്‍വീനര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗ്രാമീണസേവന ഉത്തരവ് നടപ്പാക്കില്ല; മെഡിക്കല്‍ സമരം പിന്‍വലിച്ചു

നിര്‍ബന്ധിത ഗ്രാമീണസേവന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ പിജി വിദ്യാര്‍ഥികളും ഹൗസ്സര്‍ജന്മാരും പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് അനിശ്ചിതകാല സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഗ്രാമീണസേവന ഉത്തരവ് ഇപ്പോള്‍ നടപ്പാക്കില്ലെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കി. പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിനിധികളെയും സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പ്രതിഷേധം വ്യാപകമായതോടെയാണ് സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. നിര്‍ബന്ധിത സേവന ഉത്തരവ് മരവിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഉത്തരവ് പിന്‍വലിക്കുകതന്നെ വേണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.

നബാര്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടരുത്: കര്‍ഷകസംഘം

നബാര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടു. കേരളത്തിലെ കൃഷിക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇത്തരം നടപടി അംഗീകരിക്കാനാകില്ല. രാജ്യത്തെ 15 ജില്ലാ വികസന ഓഫീസ് പൂട്ടാനാണ് നബാര്‍ഡ് തീരുമാനം. ഇതില്‍ നാലെണ്ണം കേരളത്തിലേതാണ്. എറണാകുളം, കോഴിക്കോട് ജില്ലാ ഓഫീസുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. നബാര്‍ഡിന്റെ സംസ്ഥാന ആസ്ഥാനത്തിന് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു ജില്ലാ ഓഫീസുകളായ കൊല്ലം, പത്തനംതിട്ട ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

രാജ്യത്തിന്റെ പലഭാഗത്തും കര്‍ഷക ആത്മഹത്യ പെരുകിവരുന്ന സാഹചര്യത്തില്‍ ജില്ലാ വികസന ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ക്രൂരമാണ്. നബാര്‍ഡിന്റെ ഈ കര്‍ഷകദ്രോഹനടപടി തിരുത്തിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. നബാര്‍ഡിന്റെ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാ കര്‍ഷകരും പ്രതികരിക്കണമെന്ന് സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

സെല്‍വരാജിനെ മത്സരിപ്പിക്കുന്നതിലും നല്ലത് കോണ്‍ഗ്രസ് പിരിച്ചുവിടുന്നത്: വെള്ളാപ്പള്ളി

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ആര്‍ സെല്‍വരാജിനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലും നല്ലത് കോണ്‍ഗ്രസ് പിരിച്ചുവിടുന്നതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജിവച്ച സ്ഥാനത്തിനുവേണ്ടി മറുകണ്ടംചാടി വീണ്ടും മത്സരിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനവും പൊതുജനത്തെ കഴുതയാക്കലുമാണ്. തങ്ങള്‍ കഴുതകളല്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടേതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

രാജിവച്ചസ്ഥിതിക്ക് ഒരു ടേമെങ്കിലും കഴിഞ്ഞായിരുന്നു സെല്‍വരാജ് മത്സരത്തിന് ഇറങ്ങേണ്ടത്. ഇപ്പോള്‍ രാഷ്ട്രീയ വിഡ്ഢിത്തമാണ് അദ്ദേഹം കാണിക്കുന്നത്. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഇക്കുറി അദ്ദേഹത്തെ അംഗീകരിക്കില്ല. മണ്ഡലത്തിലെ എസ്എന്‍ഡിപിയുടെ നിലപാട് പ്രാദേശിക ഘടകങ്ങളുമായി ആലോചിച്ച് പ്രഖ്യാപിക്കും. ചീഫ് വിപ്പ് പി സി ജോര്‍ജ് നെയ്യാറ്റിന്‍കരയെക്കുറിച്ചു പറയുന്നത് അറിവില്ലായ്മകൊണ്ടാണ്. പിറവം അല്ല നെയ്യാറ്റിന്‍കര. ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തെന്നു കരുതി എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ രണ്ടു തട്ടില്‍ കളിക്കുകയാണ്. ഇപ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നു പറയുന്ന അദ്ദേഹംതന്നെയാണ് മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിനു യോഗ്യനാണെന്നു പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂട്ടരാജി വാര്‍ത്ത വയലാര്‍ രവി നിഷേധിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് താന്‍ രാജിവച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രവാസി മന്ത്രി വയലാര്‍ രവി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കായി വയലാര്‍ രവി രാജി സമര്‍പ്പിച്ചെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. പാര്‍ടി ഏല്‍പ്പിച്ച ഉത്തരവാദിത്തമാണ്. അത് മാറ്റേണ്ടത് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമാണ്- അദ്ദേഹം പറഞ്ഞു.

വയലാര്‍ രവിക്കു പുറമേ ജയ്റാം രമേശ്, ഗുലാം നബി ആസാദ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ കൂടി രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വാര്‍ത്ത. സംഘടനാരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി മന്ത്രിസ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത പ്രചരിച്ചശേഷം പ്രണബ് മുഖര്‍ജി, എ കെ ആന്റണി, പി ചിദംബരം എന്നിവരടക്കം ഏഴ് കേന്ദ്രമന്ത്രിമാര്‍ സോണിയാഗാന്ധിയുടെ വസതിയിലെത്തി അവരുമായി ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവന്നു. എന്നാല്‍, കേന്ദ്രമന്ത്രിമാര്‍ സോണിയാഗാന്ധിയെ കണ്ടത് പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനാണെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി നാരായണസ്വാമി പറഞ്ഞു.

deshabhimani 250412

No comments:

Post a Comment