Tuesday, May 1, 2012

കേരളം എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ല?


കടലില്‍ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ ബന്ധുക്കളും ബോട്ടുടമ ഫ്രെഡിയുമായി ഇറ്റലി സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമവിരുദ്ധകരാറിനെതിരെ കേരളം എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്ന് സുപ്രിംകോടതി. കരാര്‍ നിയമപ്രകാരം നിലനില്‍ക്കില്ല. ഇന്ത്യന്‍ നിയമസംവിധാനത്തെ പ്രത്യക്ഷത്തില്‍ ആക്രമിക്കുന്നതാണ് കരാര്‍. ഇത് അനുവദിക്കാനാവില്ല. നിയമം ലംഘിച്ച് എങ്ങനെ കരാറില്‍ എത്തിയെന്ന് ആരാഞ്ഞ കോടതി കടല്‍സംബന്ധമായ കേസ് എങ്ങനെ ലോക്അദാലത്തിന് മുന്നിലെത്തിയെന്ന് ആശ്ചര്യപ്പെട്ടു. ഉടന്‍ അപ്പീല്‍ നല്‍കാന്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വെടിവെയ്പ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന് കൃത്യമായി പറയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മടിക്കുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജിയിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ലെന്ന് സുപ്രീംകോടതിയില്‍ കുറ്റപ്പെടുത്തി. ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെക്സി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശം.

കടല്‍ക്കൊലയുമായി ബന്ധപ്പെട്ട് വാദികള്‍ ഇനി നിയമനടപടികള്‍ക്കും പോകില്ലെന്നും ഒരു കോടതിയിലും മൊഴി നല്‍കില്ലെന്നുമുള്ള വ്യവസ്ഥകളാണ് കോടതിയെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ കരാര്‍ നിയമത്തിലെ 23-ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണിത്-കോടതി പറഞ്ഞു.

കപ്പല്‍ വിട്ടുകിട്ടുന്നത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത് വെടിവെയ്പ്പില്‍ മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറമ്മയായിരുന്നു. ഇവരുടെ ഭാഗം കേള്‍ക്കണമെന്നതിലാണ് കേസ് കഴിഞ്ഞ തവണ സുപ്രീംകോടതി മാറ്റിയത്. എന്നാല്‍ തിങ്കളാഴ്ചയും ഇവര്‍ക്ക് വേണ്ടി ആരും ഹാജരായില്ല. ഇറ്റാലിയന്‍ സര്‍ക്കാരുമായി ഡോറമ്മ ധാരണയിലെത്തിയെന്നും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.

കരാര്‍ നിയമത്തിന്റെ 23-ാം ചട്ടപ്രകാരം ഇന്ത്യന്‍ നയങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അസാധുവാക്കപ്പെടും. മേലില്‍ ഏതെങ്കിലും കോടതിയില്‍ പരാതിപ്പെടുകയോ മൊഴി നല്‍കുകയോ ഹാജരാവുകയോ ചെയ്യില്ലെന്ന വ്യവസ്ഥ എങ്ങനെ കരാറിന്റെ ഭാഗമാക്കും? നിയമവിരുദ്ധകരാര്‍ എങ്ങനെ ലോക്അദാലത്ത് സ്വീകരിച്ചു? എന്തുകൊണ്ട് ഹൈക്കോടതി ഇതിന് അംഗീകാരം നല്‍കി?-കോടതി ചോദിച്ചു.

ഒട്ടേറെ കാര്യങ്ങള്‍ കോടതിയില്‍ പറയേണ്ട ഡോറമ്മയുടെ വായ പണംകൊടുത്ത് മൂടികെട്ടിയത് ഇന്ത്യന്‍ നിയമപ്രക്രിയയെ അവഹേളിക്കുന്നതിന് തുല്യമാണ്. നിയമവിരുദ്ധമാര്‍ഗത്തിലൂടെ അവരെ കേസില്‍ നിന്ന് അടര്‍ത്തിമാറ്റിയത് അംഗീകരിക്കാനാവില്ല. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. ഡോറമ്മയുമായുള്ള ഇറ്റാലിയന്‍ കരാര്‍ ഇന്ത്യന്‍ നിയമപ്രക്രിയയെ അവഹേളിക്കുന്നതും അട്ടിമറിക്കുന്നതുമാണ്. സംസ്ഥാന നേതൃത്വം ദ്രുതഗതിയില്‍ പ്രതികരിക്കേണ്ടിയിരുന്നു. കരാറിനെതിരെ നടപടി ഉറപ്പുവരുത്തേണ്ടതുണ്ട്. കോടതിക്ക് തെളിവ് നല്‍കില്ലെന്ന വിധത്തില്‍ കരാര്‍ പാടില്ല. ഇത് നിലനില്‍ക്കുന്നതല്ല-കോടതി പറഞ്ഞു. കരാറിനെതിരെ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍ എന്തുകൊണ്ട് അപ്പീല്‍ വൈകിയെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല.
(എം പ്രശാന്ത്)

deshabhimani 010512

1 comment:

  1. കടലില്‍ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ ബന്ധുക്കളും ബോട്ടുടമ ഫ്രെഡിയുമായി ഇറ്റലി സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമവിരുദ്ധകരാറിനെതിരെ കേരളം എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്ന് സുപ്രിംകോടതി. കരാര്‍ നിയമപ്രകാരം നിലനില്‍ക്കില്ല. ഇന്ത്യന്‍ നിയമസംവിധാനത്തെ പ്രത്യക്ഷത്തില്‍ ആക്രമിക്കുന്നതാണ് കരാര്‍. ഇത് അനുവദിക്കാനാവില്ല. നിയമം ലംഘിച്ച് എങ്ങനെ കരാറില്‍ എത്തിയെന്ന് ആരാഞ്ഞ കോടതി കടല്‍സംബന്ധമായ കേസ് എങ്ങനെ ലോക്അദാലത്തിന് മുന്നിലെത്തിയെന്ന് ആശ്ചര്യപ്പെട്ടു.

    ReplyDelete