Friday, April 6, 2012

അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യം രാജ്യതാല്‍പ്പര്യത്തിന് എതിര്: കാരാട്ട്


അമേരിക്കയുമായി മന്‍മോഹന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ തന്ത്രപരമായ സഖ്യം, ആഭ്യന്തര സാമ്പത്തിക-രാഷ്ട്രീയ നയങ്ങളെ ബാധിക്കുന്നുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ വിദേശനയത്തെ അമേരിക്കയുമായുള്ള സഖ്യം സ്വാധീനിക്കുന്നുണ്ട്. ഈ നിലപാട് രാജ്യതാല്‍പ്പര്യത്തിന് ഹാനികരമാണ്. ഔദ്യോഗിക വിശദീകരണങ്ങള്‍ എന്തായാലും അമേരിക്കന്‍ സമ്മര്‍ദത്തിന് യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചത് ഇതിന് തെളിവാണ്. സിറിയയുടെ കാര്യത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയോടൊപ്പം ഇന്ത്യ വോട്ട് ചെയ്തു. വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കണമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ താല്‍പ്പര്യം അമേരിക്കന്‍ സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണെന്ന് കാരാട്ട് പറഞ്ഞു.

മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കുന്നതാണ് ഹിന്ദുത്വ ശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന അജന്‍ഡ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനുള്ള ഭരണവര്‍ഗങ്ങളുടെ തന്ത്രത്തിന്റെ ഭാഗമാണ് വര്‍ഗീയത ഇളക്കിവിടല്‍. വന്‍കിട ബിസിനസ്സുകാരുടെയും ഭൂപ്രമാണിമാരുടെയും ഏജന്റായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അനുഭവം വ്യക്തമാക്കുന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സിപിഐ എം ഉറച്ചുനിന്ന് പോരാടുകയാണ്. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ വര്‍ഗീയതയെയും തീവ്രവാദത്തെയും പാര്‍ടി എതിര്‍ക്കുന്നു. കഴിഞ്ഞ ലോക്സഭാതെരഞ്ഞടുപ്പില്‍ സിപിഐ എമ്മിന് തിരിച്ചടി നേരിട്ടു. തുടര്‍ന്ന് നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ടി പരാജയപ്പെട്ടു. എന്നാല്‍, കേരളത്തില്‍ നേരിയ വ്യത്യാസത്തിനാണ് പാര്‍ടി ഭരണത്തില്‍നിന്ന് പുറത്തായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബംഗാളില്‍ സിപിഐ എമ്മിനെതിരെ നിരന്തരമായ ആക്രമണമാണ്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായതുകൊണ്ടാണ് സാമ്രാജ്യത്വ ശക്തികളും ഭരണവര്‍ഗവും ബംഗാള്‍ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ പാര്‍ടി കോണ്‍ഗസിനുശേഷം 570 സിപിഐ എം അംഗങ്ങളും അനുഭാവികളുമാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ അവകാശങ്ങള്‍ക്കെതിരെ ഭീകരമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ആക്രമണത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളെയും യോജിപ്പിച്ച് പോരാടുമെന്ന് കാരാട്ട് പറഞ്ഞു.

deshabhimani 050412

1 comment:

  1. അമേരിക്കയുമായി മന്‍മോഹന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ തന്ത്രപരമായ സഖ്യം, ആഭ്യന്തര സാമ്പത്തിക-രാഷ്ട്രീയ നയങ്ങളെ ബാധിക്കുന്നുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ വിദേശനയത്തെ അമേരിക്കയുമായുള്ള സഖ്യം സ്വാധീനിക്കുന്നുണ്ട്. ഈ നിലപാട് രാജ്യതാല്‍പ്പര്യത്തിന് ഹാനികരമാണ്. ഔദ്യോഗിക വിശദീകരണങ്ങള്‍ എന്തായാലും അമേരിക്കന്‍ സമ്മര്‍ദത്തിന് യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചത് ഇതിന് തെളിവാണ്. സിറിയയുടെ കാര്യത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയോടൊപ്പം ഇന്ത്യ വോട്ട് ചെയ്തു. വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കണമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ താല്‍പ്പര്യം അമേരിക്കന്‍ സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണെന്ന് കാരാട്ട് പറഞ്ഞു.

    ReplyDelete