Friday, April 6, 2012

കരാര്‍തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക


വര്‍ധിച്ചുവരുന്ന കരാര്‍തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ച് തൊഴിലാളികള്‍ക്ക് നിയമാനുസൃത വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയിലെ അനിയന്ത്രിതമായ കരാര്‍വത്കരണത്തിനെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളെ ആഹ്വാനംചെയ്തു. സ്വകാര്യമേഖലയ്ക്കൊപ്പം സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലും കരാര്‍ സമ്പ്രദായം നടപ്പാക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കരാര്‍വത്കരണം വേതനച്ചെലവ് ഗണ്യമായി കുറച്ചും എല്ലാ അവകാശങ്ങളും ലംഘിച്ചും തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കരാര്‍ സമ്പ്രദായം അടിച്ചേല്‍പ്പിച്ച് തൊഴിലാളികളെ ക്രൂരമായി ചൂഷണംചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ പാര്‍ടി കോണ്‍ഗ്രസ് ഉത്കണ്ഠയും പ്രതിഷേധവും പ്രകടിപ്പിച്ചു. എ കെ പത്മനാഭനാണ് പ്രമേയം അവതരിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരും ഒട്ടേറെ സംസ്ഥാന ഗവണ്‍മെന്റുകളും നവഉദാരവത്കരണനയങ്ങളുടെ ചുവടുപിടിച്ച് കരാര്‍ സമ്പ്രദായം അടിച്ചേല്‍പ്പിക്കുകയാണ്. വ്യവസായങ്ങള്‍ മത്സരാധിഷ്ഠിതവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നവയുമാക്കി മാറ്റാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 1970ലെ കരാര്‍ തൊഴില്‍ (നിയന്ത്രിക്കലും ഇല്ലാതാക്കലും)നിയമം അപ്പാടെ ലംഘിക്കാന്‍ സ്വകാര്യ-പൊതുമേഖലാസ്ഥാപനങ്ങളെ അനുവദിക്കുന്നു. തുടര്‍ച്ചയായി ജോലിലഭിക്കുന്ന മേഖലകളില്‍ കരാര്‍തൊഴിലാളികളെ നിയോഗിക്കുന്നത് ഈ നിയമം നിരോധിക്കുന്നു. എന്നാല്‍ ഉല്‍പ്പാദന-സേവനമേഖലകളില്‍ മാത്രമല്ല, സര്‍ക്കാര്‍ സര്‍വീസിലും നിയമം ലംഘിച്ച് കരാര്‍തൊഴില്‍ സമ്പ്രദായം വ്യാപകമാവുകയാണ്. അസംഘടിത മേഖലകളിലാകട്ടെ ഈ പ്രവണത എല്ലാ നിയന്ത്രണവും ലംഘിച്ചു. പൊതുമേഖലയിലെ തൊഴില്‍ ശക്തിയില്‍ അമ്പതുശതമാനവും കരാറുകാരായി. സ്വകാര്യ മേഖലയില്‍ 80 ശതമാനവും കരാറുകാര്‍. രാജ്യത്തെ ലൈസന്‍സുള്ള കരാറുകാരുടെ കീഴില്‍ 3.6 കോടി കരാര്‍തൊഴിലാളികളുണ്ടെന്നാണ് സര്‍ക്കാര്‍ ഏജന്‍സിയുടെ സര്‍വെ റിപ്പോര്‍ട്ട്. ലൈസന്‍സില്ലാത്ത കരാറുകാര്‍ തഴച്ചുവളരുന്നതുകൂടി കണക്കിലെടുത്താല്‍ ഇത് അഞ്ചുകോടി കവിയും.

കരാര്‍ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ചുരുങ്ങിയ വേതനം മാത്രമല്ല, ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിക്കുന്നു. സ്ഥിരം തൊഴിലാളിയുടെ പത്തിലൊന്നു വേതനം മാത്രമാണ് അതേ ജോലിചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന കരാര്‍ തൊഴിലാളിക്ക് പല തൊഴില്‍ മേഖലയിലും ലഭിക്കുന്നത്. ഈ തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം നിഷേധിക്കുന്നു. സ്ത്രീകരാര്‍ തൊഴിലാളികളാകട്ടെ കടുത്ത പീഡനത്തിനും ലൈംഗികചൂഷണത്തിനും ഇരകളാകുന്നു.

കരാര്‍തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനായി കരാര്‍തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നു. സമാനമായ തൊഴില്‍ ചെയ്യുന്ന സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അതേ വേതനവും ഇതര ആനുകൂല്യങ്ങളും അവര്‍ക്ക് ഉറപ്പു വരുത്തണമെന്ന ആവശ്യവും യൂണിയനുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ മറവിലുള്ള കടുത്ത ചൂഷണത്തിനെതിരെ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പാര്‍ടി കോണ്‍ഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികളെ ചൂഷണത്തിനിരയാക്കുന്നതിനെതിരെ വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും അവകാശങ്ങളും നീതിയും നേടിയെടുക്കാനായി സംഘടിക്കുന്നതിന് കരാര്‍തൊഴിലാളികള്‍ക്ക് എല്ലാ സഹായവും നല്‍കാനും പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു.

deshabhimani 060412

1 comment:

  1. വര്‍ധിച്ചുവരുന്ന കരാര്‍തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ച് തൊഴിലാളികള്‍ക്ക് നിയമാനുസൃത വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയിലെ അനിയന്ത്രിതമായ കരാര്‍വത്കരണത്തിനെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളെ ആഹ്വാനംചെയ്തു. സ്വകാര്യമേഖലയ്ക്കൊപ്പം സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലും കരാര്‍ സമ്പ്രദായം നടപ്പാക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കരാര്‍വത്കരണം വേതനച്ചെലവ് ഗണ്യമായി കുറച്ചും എല്ലാ അവകാശങ്ങളും ലംഘിച്ചും തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കരാര്‍ സമ്പ്രദായം അടിച്ചേല്‍പ്പിച്ച് തൊഴിലാളികളെ ക്രൂരമായി ചൂഷണംചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ പാര്‍ടി കോണ്‍ഗ്രസ് ഉത്കണ്ഠയും പ്രതിഷേധവും പ്രകടിപ്പിച്ചു. എ കെ പത്മനാഭനാണ് പ്രമേയം അവതരിപ്പിച്ചത്.

    ReplyDelete