Friday, June 29, 2012

12-ാം പദ്ധതി മാര്‍ഗരേഖ അധികാരവികേന്ദ്രീകരണത്തിന് തിരിച്ചടി: തോമസ് ഐസക്


പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണത്തിന് തിരിച്ചടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. റോഡുകള്‍, പാലങ്ങള്‍, ആശുപത്രി-സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയ പശ്ചാത്തല വികസനമേഖലയില്‍ 45 ശതമാനം പദ്ധതിത്തുക ചെലവിടണം എന്നാണ് മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. ഇത് കൃഷി ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനമേഖലയില്‍ പദ്ധതിവിഹിതം ഗണ്യമായി കുറയ്ക്കുന്നതിന് ഇടയാക്കും. അതുവഴി സംസ്ഥാനം വികസനമുരടിപ്പിലേക്ക് നീങ്ങുമെന്നും ഐസക് പറഞ്ഞു. കൊല്ലം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പ്രരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഐസക്.

മാര്‍ഗരേഖ പ്രകാരം പദ്ധതി തയ്യാറാക്കാനുള്ള സമയവും കുറവാണ്. ആഗസ്ത് 17നു മുമ്പ് വികസനസെമിനാര്‍ നടത്തി പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കണം. ഇത് അസാധ്യമാണ്. 2012-13 സാമ്പത്തികവര്‍ഷം പദ്ധതി ശൂന്യവര്‍ഷമായി മാറും എന്നാണ് ഇതിന് അര്‍ഥം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിത്തുകയുടെ 30 ശതമാനമാണ് കാര്‍ഷികമേഖലയില്‍ ചെലവിട്ടത്. ഈ സ്ഥാനത്ത് 12-ാം പദ്ധതിക്കാലത്തെ വിഹിതം ഏഴു ശതമാനമായി കുറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതി ഉള്‍പ്പെടെയുള്ള വീടുകളുടെ നിര്‍മാണത്തിന് 3000 കോടി രൂപ വായ്പയെടുക്കാന്‍ പഞ്ചായത്തുകളെ അനുവദിച്ചിരുന്നു. അതിനാല്‍ പദ്ധതിത്തുക മാറ്റിവയ്ക്കേണ്ടിവന്നില്ല. ആ സ്ഥാനത്താണ് ഇപ്പോള്‍ പഞ്ചായത്തുകളുടെ ചുമലില്‍ വലിയ ബാധ്യത സര്‍ക്കാര്‍ വരുത്തിവയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം എവൈഎ പദ്ധതിയുടെ തുക കുടിശ്ശികയാണ്. ഇത് കൊടുത്തുതീര്‍ന്നശേഷമേ ഇപ്പോഴുള്ള പദ്ധതിക്ക് പണം കണ്ടെത്താനാകൂ എന്നതാണ് സ്ഥിതി. വീടുകളുടെ നിര്‍മാണത്തിനു തുക മാറ്റിവയ്ക്കാതെ സബ്സിഡി നല്‍കിയിട്ടു കാര്യമില്ല. പദ്ധതികളുടെ സൂക്ഷ്മപരിശോധനയ്ക്കു നിലവിലുണ്ടായിരുന്ന സാങ്കേതിക ഉപദേശകസമിതി ഇല്ലാതാക്കി പകരം ചുമതല ഉദ്യോഗസ്ഥനു നല്‍കിയിരിക്കുകയാണ്. ഇതു പഞ്ചായത്ത് ഭരണം ഉദ്യോഗസ്ഥരുടെ പക്കലത്തൊന്‍ വഴിതുറക്കും. ത്രിതല സമിതികളുടെയും അതുവഴി സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള കുടുംബശ്രീയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഐസക് പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ പരസ്പരം ജാമ്യംനിന്ന് ബാങ്കുകളില്‍നിന്ന് വായ്പ എടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സര്‍ക്കാര്‍ മുന്‍കൂറായി ബാങ്കുകള്‍ക്ക് പലിശ നല്‍കുന്നു. ജനശ്രീക്ക് ജനശ്രീ മിഷനും എം എം ഹസനുമാണ് മേല്‍നോട്ടച്ചുമതല. ഇവര്‍ ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നത് അവരുടെ പേരിലാണ്. അഴിമതിക്ക് കളമൊരുക്കലാണ് ഇതെന്നും ഐസക് പറഞ്ഞു.

ജനകീയാസൂത്രണപദ്ധതി വെല്ലുവിളി നേരിടുന്നു: തോമസ് ഐസക്

കൊല്ലം: അധികാരവികേന്ദ്രീകരണത്തിലൂടെ താഴേത്തട്ടിലേക്ക് അധികാരമെത്തിച്ച് രാജ്യത്തിനാകെ മാതൃകയായ ജനകീയാസൂത്രണപദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികളുടെയും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരുടെയും യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. അധികാരം മാത്രമല്ല പശ്ചാത്തല, സേവന, ആരോഗ്യ, ശുചീകരണ, വികസന മേഖലകള്‍ക്ക് ആവശ്യമായ പണവും നല്‍കി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ അധികാരവും പണവുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച 12-ാം പദ്ധതിയുടെ രേഖ അസംബന്ധങ്ങള്‍ നിറഞ്ഞതാണ്. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്. അധികാരം കിട്ടി ഒരു വര്‍ഷമായിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ തിടുക്കത്തിലാണ് പദ്ധതിരേഖ തയ്യാറാക്കിയത്. കേരളത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ മികച്ച നേട്ടമാണ് കുടുംബശ്രീ. 32 ലക്ഷം കുടുംബങ്ങളും രണ്ടുലക്ഷം അയല്‍ക്കൂട്ടങ്ങളുമുള്ള കുടുംബശ്രീയെ തകര്‍ക്കാനും അതുവഴി ജനശ്രീയെ സഹായിക്കാനുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനമായി പ്രൈവറ്റ് ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനശ്രീ എം എം ഹസ്സന്റെ സ്വകാര്യസ്ഥാപനമാണ്. ജനകീയാസൂത്രണപദ്ധതിയെ അലങ്കോലമാക്കി വീണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ അഴിമതിയുടെ കരങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. പോളയത്തോട് എന്‍ എസ് സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.

deshabhimani news

No comments:

Post a Comment