Friday, June 29, 2012

കോഴയില്‍ മുങ്ങി ലീഗ് ഉലയുന്നു


അഴിമതി ആരോപണങ്ങളും വര്‍ഗീയപ്രീണനവും മുസ്ലിംലീഗിനെ ഉലയ്ക്കുന്നു. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനുശേഷം ലീഗ് നേതൃത്വം ഇത്രയേറെ പ്രതിരോധത്തിലായ സന്ദര്‍ഭം വേറെയില്ല. അധികാരത്തിന്റെ പിന്‍ബലത്തില്‍ ലീഗ് നടത്തുന്ന അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതിക്കൂട്ടിലാകുന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

ജൂലൈ ഒന്നിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാനിരിക്കെയാണ് വിവാദങ്ങള്‍ ലീഗിനെ വിടാതെ പിന്തുടരുന്നത്. അഞ്ചാം മന്ത്രിക്കും കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനത്തിനും പിന്നാലെയെത്തിയ എയ്ഡഡ് സ്കൂള്‍ കോഴ ലീഗിനെ പൂര്‍ണമായും വിഷമത്തിലാക്കി. ലീഗ് നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകള്‍ക്ക് പഞ്ചായത്തുകള്‍ പണം നല്‍കണമെന്ന ഉത്തരവുണ്ടാക്കിയ പൊല്ലാപ്പ് തീരുംമുമ്പാണ് പുതിയ അഴിമതി ആരോപണം. പൊതുസമൂഹത്തില്‍ ഒറ്റപ്പെടുന്നുവെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആരോപണങ്ങളും വിമര്‍ശനങ്ങളും എങ്ങനെ പ്രതിരോധിക്കണമെന്ന് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച അനൗപചാരിക നേതൃയോഗം ചേരുകയാണ്. ശനിയാഴ്ച കോഴിക്കോട്ട് തുടങ്ങുന്ന ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യങ്ങള്‍ ചര്‍ചയാകും. രണ്ടുദിവസത്തെ കൗണ്‍സിലിന്റെ അജന്‍ഡയില്‍ പ്രധാനം ജനറല്‍സെക്രട്ടറി തെരഞ്ഞെടുപ്പാണ്. കുഞ്ഞാലിക്കുട്ടിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണത്തില്‍ അസ്വസ്ഥതയുള്ള ഇ ടി മുഹമ്മദ്ബഷീര്‍ സംസ്ഥാന കൗണ്‍സിലോടെ സ്ഥാനംവിടുമെന്നാണ് സൂചന. നേതാക്കളുടെ ഇഷ്ടക്കാരെ ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്മാരാക്കിയെന്ന പരാതിയും കൗണ്‍സിലില്‍ ഉന്നയിക്കപ്പെടും. ജില്ലകളിലെ ഗ്രൂപ്പുപോര് തെരുവില്‍ പരസ്യ ഏറ്റുമുട്ടലിലേക്കെത്തിയതും ചര്‍ച്ചയാകും. ലീഗ് മന്ത്രിമാരുടെ, പ്രത്യേകിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ നിലപാടുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോകുന്നതിലെ അപകടം അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
(ആര്‍ രഞ്ജിത്)

ബാധ്യതയെന്ന പ്രചാരണത്തിനു പിന്നില്‍ കോഴക്കൊതി

35 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വന്‍ ബാധ്യതയാകുമെന്ന പ്രചാരണത്തിനുപിന്നില്‍ കോഴക്കൊതി മാത്രം. എയ്ഡഡ് മേഖലയ്ക്ക് കൈമാറുമ്പോള്‍ പോലും സര്‍ക്കാരിന് നഷ്ടമാകുന്ന 50 കോടിയുടെ കണക്ക് മറച്ചുവച്ചാണ് ഇവ സര്‍ക്കാര്‍ ഏറ്റെടുത്താലുണ്ടാകുന്ന ഇല്ലാക്കണക്ക് പ്രചരിപ്പിക്കുന്നത്. എയ്ഡഡ് ആക്കിയാലും സര്‍ക്കാര്‍ ഏറ്റെടുത്താലും ഇരുനൂറ്റെണ്‍പതോളം അധ്യാപകര്‍ക്കും സ്കൂള്‍ മാനേജുമെന്റുകള്‍ നിയമിക്കുന്ന ഇതര ജീവനക്കാര്‍ക്കും ശമ്പള ഇനത്തിലും മറ്റ് ആനുകൂല്യ ഇനത്തിലും ചെലവാക്കേണ്ടിവരുന്ന തുകയേ സര്‍ക്കാര്‍ ഏറ്റെടുത്താലും നല്‍കേണ്ടിവരൂ എന്ന യാഥാര്‍ഥ്യം മറയ്ക്കുകയാണ് ഭരണക്കാരും അനുകൂല മാധ്യമങ്ങളും. ഈ സ്കൂളുകളെ സര്‍ക്കാര്‍ സ്കൂളുകളാക്കണമെങ്കില്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതിലൂടെ കോടികളുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രചരിപ്പിക്കുന്നത്. സ്കൂള്‍ കെട്ടിടങ്ങളും സ്ഥലവും ഏറ്റെടുക്കേണ്ടിവരുമ്പോഴാണിത്. എന്നാല്‍, 35 സ്കൂളുകള്‍ക്കും നിലവിലുള്ള സൗകര്യങ്ങള്‍ കേന്ദ്രഫണ്ടുകൊണ്ട് ഒരുക്കിയിരിക്കുന്നതാണെന്ന വസ്തുത സര്‍ക്കാര്‍ മറച്ചു പിടിക്കുന്നു.

അടിസ്ഥാന സൗകര്യമൊരുക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം മാനദണ്ഡമാക്കി ഹൈസ്കൂളിന് 11 ലക്ഷം രൂപയും യുപിക്ക് 3.6 ലക്ഷവും എല്‍പിക്ക് 2.88 ലക്ഷം വീതവും നല്‍കിയിരുന്നു. 1995ല്‍ നല്‍കിയ തുകയാണ് ഇത്. അന്നത്തെ സ്ഥലവിലയും കെട്ടിടനിര്‍മാണസാമഗ്രികളുടെ വിലയും പരിശോധിക്കണം. ആ പണം കൊണ്ടൊരുക്കിയ അടിസ്ഥാനസൗകര്യത്തിന് ഇന്നത്തെ മാര്‍ക്കറ്റ് വില സര്‍ക്കാര്‍ നല്‍കി ഏറ്റെടുക്കണമെന്നതും അസംബന്ധന്യായമാണ്. ആവശ്യപ്പെടുമ്പോള്‍ സ്ഥാപനം പൂര്‍ണമായും വിട്ടുകൊടുക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതിനുശേഷമാണ് കേന്ദ്രതുക സ്കൂളുകള്‍ കൈപ്പറ്റിയിട്ടുള്ളത്. ഈ സ്കൂളുകള്‍ക്ക് രണ്ടാം ഗഡു സഹായം 97ല്‍ നല്‍കിയപ്പോഴാണ് ശമ്പളം ഉള്‍പ്പെടെയുള്ള ആവര്‍ത്തന ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്. ഈ സ്കൂളുകളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രം അനുവദിക്കുന്ന സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് 2002 സെപ്തംബര്‍ 19 മുതല്‍ ലഭിക്കുന്നുണ്ട്. എസ്എസ്എ ഫണ്ടുകള്‍ മാനേജ്മെന്റ് സ്കൂളുകള്‍ക്ക് അനുവദിക്കാറില്ല.

രൂപീകരിച്ച ഘട്ടം മുതല്‍ ഇന്നുവരെ പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടുകള്‍കൊണ്ടു പ്രവര്‍ത്തിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ എയ്ഡഡ് മേഖലയിലാക്കാനുള്ള നീക്കത്തിനെതിരെ ഭരണകക്ഷിയിലടക്കം പ്രതിഷേധം അലയടിച്ചപ്പോഴാണ് സര്‍ക്കാരിന് ബാധ്യതയാകുമെന്ന തന്ത്രവുമായി ഉമ്മന്‍ചാണ്ടിയും മുസ്ലിംലീഗും രംഗത്തെത്തിയത്. നിലവിലുള്ള ജീവനക്കാരില്‍നിന്നുതന്നെ സ്ഥിരപ്പെടുത്തുന്നതിന് സ്കൂള്‍ വികസനിധിയിലേക്കെന്നപേരില്‍ വന്‍ തുക ഈടാക്കാം. ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വേറെയും തുക തരപ്പെടുത്താം. അടുത്ത വര്‍ഷം ഹയര്‍സെക്കന്‍ഡറി കോഴ്സുകളും കൂടുതല്‍ ജീവനക്കാരുടെ തസ്തികകളും ഭരണം കൈയാളുന്ന ലീഗ് നേതാക്കളെ സ്വാധീനിച്ച് ചുളുവില്‍ സമ്പാദിക്കുകയും ചെയ്യാം.
(എം വി പ്രദീപ്)

ആശങ്കയൊഴിയാതെ 238 അധ്യാപകര്‍

മലപ്പുറം: ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ തുടങ്ങിയ എഐപി സ്കൂളുകള്‍ വിവാദക്കുരുക്കിലകപ്പെട്ടതോടെ ആശങ്കയിലായത് 238 അധ്യാപകര്‍. അധ്യാപകരെന്ന സ്ഥാനപ്പേരും പദവിയുമുണ്ടെങ്കിലും കാര്യമായ ആനുകൂല്യങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങളായി ജോലി ചെയ്തവര്‍ പഠിപ്പിക്കുന്ന സ്കൂളുകള്‍ എയ്ഡഡോ സര്‍ക്കാരോ എന്നറിയാതെ അന്തിച്ചുനില്‍ക്കുന്നു. ഇനിയും മാനേജ്മെന്റിന് പണം കൊടുക്കാനാവില്ലെന്നും സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

1995 മുതല്‍ എട്ടുവര്‍ഷം പ്രതിമാസം 400 രൂപമുതല്‍ 1500 രൂപവരെ വേതനം വാങ്ങിയാണ് അധ്യാപകര്‍ പ്രവര്‍ത്തിച്ചത്. പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ക്രിമെന്റ്, ഫെസ്റ്റിവല്‍ അലവന്‍സ്, പ്രസവാവധി, മെഡിക്കല്‍ ലീവ് തുടങ്ങിയവ ഇല്ലാതെയാണ് ജോലിയെടുക്കുന്നത്. ആകെയുള്ളത് സര്‍ക്കാര്‍ അധ്യാപകരുടെ അടിസ്ഥാന ശമ്പളവും ഡിഎയും വീട്ടുവാടക അലവന്‍സുമാണ്. അതു കിട്ടിയതാകട്ടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷവും. 2003ല്‍ അടിസ്ഥാന ശമ്പളം നല്‍കാന്‍ ഉത്തരവായെങ്കിലും ക്ഷാമബത്ത നല്‍കാനാവില്ലെന്ന നിലപാടായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആന്റണിയുടേത്. മറ്റ് വകുപ്പുകളിലൊക്കെ ഈ ആനുകൂല്യം നല്‍കിയപ്പോഴായിരുന്നു ഈ ചിറ്റമ്മനയം. മൂന്നുവര്‍ഷത്തിനുശേഷമാണ് ഡിഎ നല്‍കിത്തുടങ്ങിയത്. എന്നാല്‍ മുന്‍വര്‍ഷത്തെ കുടിശിക നല്‍കിയില്ല.

എഐപി സ്കൂള്‍ അധ്യാപകരുടെ ആവശ്യങ്ങളോട് അതത് കാലത്ത് അനുഭാവം കാട്ടിയത് എല്‍ഡിഎഫ് സര്‍ക്കാരുകളായിരുന്നു. ചുരുങ്ങിയ വേതനത്തില്‍ ജോലിചെയ്തിരുന്ന അധ്യാപകര്‍ക്ക് മാന്യമായ വേതനം നല്‍കി. സര്‍ക്കാര്‍ അധ്യാപകരുടേതിന് തുല്യമായ അടിസ്ഥാന ശമ്പളവും പിന്നീട് അനുവദിച്ചു. കുട്ടികള്‍ക്ക് സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതും ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയതും എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു. ഒടുവില്‍ ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളും നീക്കിയിരുന്നു. പക്ഷേ അതിന്റെ അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിന്മാറേണ്ടിവന്നു. അന്നത്തെ നടപടികള്‍ അട്ടിമറിച്ചാണ് ഇപ്പോള്‍ സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കി ലീഗ്നേതാക്കളുള്‍പ്പെടുന്ന മാനേജ്മെന്റുകള്‍ക്ക് ഒത്താശ ചെയ്തത്.

എയ്ഡഡ് പദവി: ഹൈക്കോടതിയും എതിര്‍ത്തു

35 സ്കൂളിന് സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനം. 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്കൂളുകള്‍ എയ്ഡഡാക്കാന്‍ നീക്കം നടത്തിയപ്പോള്‍ ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്്. സ്കൂളുകള്‍ എയ്ഡഡാക്കുന്നതിനെതിരെ മലപ്പുറം നെല്ലിശേരി എജെബിഎസ് സ്കൂള്‍ പിടിഎ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. സര്‍ക്കാര്‍നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍നീക്കത്തെ ചോദ്യംചെയ്ത് നെല്ലിശേരി എജെബിഎസ് സ്കൂള്‍ പിടിഎ പ്രസിഡന്റ് എം കെ ഹമീദ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, കെ പത്മനാഭന്‍നായര്‍ എന്നിവരാണ് വിധി പ്രസ്താവിച്ചത്.

സര്‍ക്കാര്‍തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്കൂള്‍ മാനേജ്മെന്റുകള്‍ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. മാനേജ്മെന്റുകള്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ സ്കൂളുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുകയോ മറ്റ് സര്‍ക്കാരിതര സംഘടനകളെ ഏല്‍പ്പിക്കുകയോ വേണമെന്നും കോടതി പറഞ്ഞു. വിധിക്കെതിരെ മലപ്പുറത്തെ 25 സ്കൂള്‍ മാനേജ്മെന്റ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരുന്നു. സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരാതെ ലീഗിന് അനുകൂല നിലപാടെടുക്കുകയായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍. ഇ ടി മുഹമ്മദ് ബഷീറായിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായിട്ടായിരുന്നു സുപ്രീംകോടതി വിധി. ഇപ്പോള്‍ കോടികളുടെ കോഴ ലക്ഷ്യമിട്ട് സ്കൂളുകള്‍ എയ്ഡഡാക്കാനാണ് നീക്കം നടക്കുന്നത്. ചട്ടം ലംഘിച്ച് എയ്ഡഡ് മേഖലയ്ക്ക് നല്‍കുന്ന സ്കൂളുകളിലേറെയും മുസ്ലിംലീഗ് നേതാക്കളുടേതാണ്.

സാക്ഷരതാപ്രവര്‍ത്തനം നിശ്ചലം; നടക്കുന്നത് ലീഗ്വല്‍ക്കരണം

മലപ്പുറം: സര്‍ക്കാര്‍ അനാസ്ഥമൂലം സാക്ഷരതാമിഷന്‍ പ്രവര്‍ത്തനം നിശ്ചലം. തുടര്‍ സാക്ഷരതാ പ്രവര്‍ത്തനവും സാക്ഷരകേരളത്തില്‍നിന്ന് സാംസ്കാരിക കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി നടപ്പാക്കിയ ലീപ് കേരള മിഷന്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനവും നിലച്ചു. പല തുടര്‍വിദ്യാകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. സ്വന്തക്കാര്‍ക്കുവേണ്ടി തസ്തികകള്‍ വിഭജിച്ചും പുതിയ തസ്തികകളുണ്ടാക്കിയും മുസ്ലിംലീഗ് നടത്തിയ ഇടപെടലുകളാണ് രാജ്യത്തിനു മാതൃകയായ പദ്ധതി അവതാളത്തിലാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കലല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടന്നിട്ടില്ല. നിലവിലുണ്ടായിരുന്ന രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ സ്ഥാനത്ത് ജോയിന്റ് ഡയറക്ടറെ നിയമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ചുമതല എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അഡ്മിനിസ്ട്രേറ്റര്‍ കം നോഡല്‍ ഓഫീസര്‍ എന്ന തസ്തികയില്‍ ഒരാളുണ്ടായിരുന്നിടത്ത് രണ്ട് തസ്തിക സൃഷ്ടിച്ച് ലീഗ് പ്രവര്‍ത്തകനെ തിരുകിക്കയറ്റി. മാത്രമല്ല, തുല്യതാ കോര്‍ഡിനേറ്റര്‍, അക്കാദമിക് കണ്‍സള്‍ട്ടന്റ്, പ്രോഗ്രാം കോ ഓഡിനേറ്റര്‍, അക്കാദമിക് കോ ഓഡിനേറ്റര്‍ എന്നിങ്ങനെ പത്തോളം തസ്തിക സൃഷ്ടിച്ച് സാക്ഷരതാമിഷന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി. ലീഗ് അനുഭാവികളായ ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍മാരെ ജില്ലാ കോ ഓഡിനേറ്ററായി ഉയര്‍ത്താന്‍ നിലവിലുള്ള ജില്ലാ കോ ഓഡിനേറ്റര്‍മാരെ പുതിയ തസ്തിക കള്‍ ഉണ്ടാക്കി മാറ്റി. ആദിവാസി സാക്ഷരതാ കോ ഓഡിനേറ്റര്‍, തമിഴ-കന്നട ന്യൂനപക്ഷ ഭാഷാ കോ ഓഡിനേറ്റര്‍ എന്നിങ്ങനെയാണ് തസ്തികകള്‍. ഇവര്‍ക്കാവട്ടെ പുതിയ തസ്തിക കിട്ടിയെന്നല്ലാതെ ഇരിക്കാന്‍ കസേരയോ ഓഫീസോ ഇല്ല.

അതുല്യം പദ്ധതിയിലുള്‍പ്പെടുത്തി നാലാംതരം തുല്യതാ പ്രവര്‍ത്തനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പത്താംതരം സാക്ഷരതാ പ്രവര്‍ത്തനവും ഇ- സാക്ഷരതാ ജോലികളും ആരംഭിച്ചിരുന്നു. ഇതെല്ലാം നിലച്ച മട്ടാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച "അക്ഷരകൈരളി" സാംസ്കാരിക മാഗസിന്‍ എവിടെയും വിതരണത്തിനെത്തിയിട്ടില്ല. സാക്ഷരതാ മിഷന്‍ ബുള്ളറ്റിനായ അക്ഷരവാര്‍ത്തയുടെ പ്രസിദ്ധീകരണവും മുടങ്ങി. നൂറുദിനംകൊണ്ട് ഒരു ലക്ഷം പേരെ സാക്ഷരരാക്കാന്‍ ലക്ഷ്യമിട്ട "അക്ഷരലക്ഷം" പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചെങ്കിലും അത് കടലാസിലൊതുങ്ങി. മൂന്നാറില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടി. അവിടെയുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ഉപേക്ഷിച്ച് കേന്ദ്രം മലപ്പുറത്തേക്ക് മാറ്റി അതിന്റെ തലപ്പത്തും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം തുടങ്ങി. സാക്ഷരതാമിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ടെലിഫിലിം ഇനിയും പുറത്തിറങ്ങിയിട്ടില്ല. സാധാരണ പൊതുജന സമ്പര്‍ക്ക വകുപ്പ് മുഖേന പുറത്തിറക്കുന്ന പോസ്റ്ററുകളാണ് പ്രചാരണത്തിന് ഉപയോഗിക്കുക. അത് മറികടന്ന് ടെലിഫിലിം നിര്‍മിച്ചതിനു പിന്നില്‍ അഴിമതിയുള്ളതായും ആരോപണമുണ്ട്. സ്വന്തക്കാരെ പ്രീതിപ്പെടുത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും സാക്ഷരതാരംഗത്തെ മുഴുവന്‍സമയ പ്രവര്‍ത്തകരായ പ്രേരക്മാര്‍ക്കുവേണ്ടി ഒന്നുംചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരും സമര പാതയിലാണ്.
(ബിജു കാര്‍ത്തിക്)

deshabhimani 290612

1 comment:

  1. അഴിമതി ആരോപണങ്ങളും വര്‍ഗീയപ്രീണനവും മുസ്ലിംലീഗിനെ ഉലയ്ക്കുന്നു. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനുശേഷം ലീഗ് നേതൃത്വം ഇത്രയേറെ പ്രതിരോധത്തിലായ സന്ദര്‍ഭം വേറെയില്ല. അധികാരത്തിന്റെ പിന്‍ബലത്തില്‍ ലീഗ് നടത്തുന്ന അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതിക്കൂട്ടിലാകുന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

    ReplyDelete