Saturday, June 30, 2012

ഉച്ചഭക്ഷണ പദ്ധതിയും അട്ടിമറിക്കുന്നു: അരി മാത്രം നല്‍കും; കറിക്കുള്ള പണം ബാങ്കിലൂടെ


സ്കൂള്‍ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ഇനി അരിമാത്രമേ നേരിട്ട് നല്‍കൂ. ചെറുപയറും മറ്റുംവാങ്ങാനുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മുന്‍കൂറായി നല്‍കും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ജൂലൈ ഒന്നു മുതല്‍ ഈ പരിഷ്കാരം നിലവില്‍ വരും. മാവേലി സ്റ്റോറുകളില്‍നിന്ന് സ്കൂളുകള്‍ക്ക് അരി മാത്രമേ ലഭിക്കൂ. മുട്ട, പാല്‍, പയറു വര്‍ഗം, പച്ചക്കറി എന്നിവ പ്രാദേശികമായി വാങ്ങണം. ഇവ വാങ്ങാന്‍ നിശ്ചിത തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്ക് നല്‍കും. ഒരോ തവണയും ആവശ്യമായ തുക മാത്രമേ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാനാവൂ.

പ്രഭാതഭക്ഷണം, ലഘുഭക്ഷണം എന്നിവ നല്‍കുന്നുണ്ടെങ്കില്‍ അതിന് പ്രാദേശിക സഹായം കണ്ടെത്തണം. ഉച്ചഭക്ഷണത്തിന് കൂടുതല്‍ ധനസഹായം ആവശ്യമെങ്കില്‍ തദ്ദേശസ്ഥാപനം, വ്യക്തികള്‍, സന്നദ്ധ സംഘടന, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായം ഉറപ്പാക്കണം. ദിവസവും കഞ്ഞിയും പയറും മാത്രം നല്‍കിയാല്‍ പച്ചക്കറി, എണ്ണ, പലവ്യഞ്ജനം എന്നിവയ്ക്കുള്ള തുക നല്‍കില്ലെന്നും ഉത്തരവില്‍ പറഞ്ഞു. 100 കുട്ടികള്‍ വരെയുള്ള സ്കൂളില്‍ ഒരാള്‍ക്ക് പ്രതിദിനം നാലുരൂപ വീതവും 150 രൂപ പാചകക്കൂലിയും നല്‍കും. 101 മുതല്‍ 500 വരെ കുട്ടികളുള്ളിടത്ത് അഞ്ചു രൂപ വീതവും 500ന് മുകളിലുള്ളിടത്ത് ഓരോ കുട്ടിക്കും നാലു രൂപ വീതവും നല്‍കാനുമാണ് തീരുമാനം.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani 300612

No comments:

Post a Comment