Saturday, June 30, 2012

സൈക്കിള്‍ ഷെയറിങ് പദ്ധതി ന്യൂയോര്‍ക്കിലും


ലോകത്തിലെ 200 നഗരത്തില്‍ പ്രാബല്യത്തിലുള്ള സൈക്കിള്‍ ഷെയറിങ് പദ്ധതി ന്യൂയോര്‍ക്കിലേക്കും. മാസ്റ്റര്‍ കാര്‍ഡും സിറ്റിബാങ്കും അള്‍ട്ടാ ബൈസിക്കിള്‍ ഷെയറുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. "സിറ്റി ബൈക്ക്" എന്നു പേരിട്ട പദ്ധതി അടുത്തമാസം ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ 10,000 സൈക്കിളാണ് അമേരിക്കയിലെ ഏറ്റവും വലിയ സൈക്കിള്‍ ഷെയറിങ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 600 സ്റ്റേഷനാണുള്ളത്. ജിപിഎസ് ട്രാക്കിങ് സംവിധാനത്തിലൂടെയും സ്മാര്‍ട് ഫോണ്‍ സോഫ്റ്റ്വെയറിലൂടെയും സ്റ്റേഷനുകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റേഷനില്‍ സൈക്കിള്‍ ഇല്ലെങ്കില്‍ അടുത്ത സ്റ്റേഷന്‍ കണ്ടെത്താന്‍ ഈ സംവിധാനം ഉപകരിക്കും. ഓരോ സ്റ്റേഷനിലും 15 മുതല്‍ 60 വരെ സൈക്കിള്‍ ഉണ്ടാകും. ഒരുദിവസം ഏകദേശം 10 ഡോളറാണ് വാടക. ഒരാഴ്ചത്തേക്കോ മാസവാടകയ്ക്കോ സൈക്കിള്‍ എടുക്കാനും സൗകര്യമുണ്ട്.

നഗരത്തില്‍ നാലുവര്‍ഷംകൊണ്ട് സൈക്കിള്‍ യാത്രക്കാരുടെ എണ്ണം ഇരട്ടി ആയതായാണ് കണക്ക്. ഏതാണ്ട് അഞ്ചുലക്ഷംപേര്‍ ഒരുമാസം സൈക്കിള്‍ സവാരി നടത്തുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ സര്‍വേ വെളിപ്പെടുത്തിയത്. സൈക്കിള്‍ യാത്രക്കാര്‍ക്കായി 260 മൈല്‍ സൈക്കിള്‍ ലൈന്‍ നിര്‍മിച്ചെന്ന് മേയര്‍ ബ്ലൂംബര്‍ഗ് പറഞ്ഞു. 2009ല്‍ നഗരസഭ പാസാക്കിയ നിയമം അനുസരിച്ച് പ്രധാന കെട്ടിടങ്ങള്‍ക്കരികില്‍ സൈക്കിള്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശമുണ്ട്. കഴിഞ്ഞ മഞ്ഞുകാലത്ത് നഗരസഭ 26,000 സൈക്കിള്‍ സ്റ്റാന്‍ഡ് നിര്‍മിച്ചിരുന്നു.

റെജി പി ജോര്‍ജ് deshabhimani 300612

1 comment:

  1. ലോകത്തിലെ 200 നഗരത്തില്‍ പ്രാബല്യത്തിലുള്ള സൈക്കിള്‍ ഷെയറിങ് പദ്ധതി ന്യൂയോര്‍ക്കിലേക്കും. മാസ്റ്റര്‍ കാര്‍ഡും സിറ്റിബാങ്കും അള്‍ട്ടാ ബൈസിക്കിള്‍ ഷെയറുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. "സിറ്റി ബൈക്ക്" എന്നു പേരിട്ട പദ്ധതി അടുത്തമാസം ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ 10,000 സൈക്കിളാണ് അമേരിക്കയിലെ ഏറ്റവും വലിയ സൈക്കിള്‍ ഷെയറിങ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.

    ReplyDelete