Tuesday, June 19, 2012

ഒരു വിദ്യാര്‍ഥിയെ തല്ലാന്‍ 15 പേര്‍; ലാത്തി ഒടിഞ്ഞപ്പോള്‍ ബൂട്ടിട്ടു ചവിട്ടി


അടിയേറ്റ് റോഡില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിക്കുമേല്‍ പേപ്പട്ടികളെപ്പോലെ ചാടിവീഴുക, ആഞ്ഞടിച്ച് ലാത്തികള്‍ ഒടിഞ്ഞപ്പോള്‍ കലിതീരാതെ ബൂട്ടിട്ട് ചവിട്ടിയരയ്ക്കുക. മുഖം പൊത്തി റോഡില്‍ കിടക്കുമ്പോള്‍ ആഞ്ഞടിച്ചത് മുഖത്തും തലയിലും. ആരെയും ഞെട്ടിക്കുന്ന കൊടുംക്രൂരതയ്ക്കാണ് തിങ്കളാഴ്ച തലസ്ഥാനം സാക്ഷ്യംവഹിച്ചത്. അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്ന എസ്എഫ്ഐ പാളയം ഏരിയ സെക്രട്ടറിയായ ബി നിയാസിന്റെ ശരീരത്തില്‍ അടിയേല്‍ക്കാത്ത ഒരിഞ്ചുപോലുമില്ല. വലതുകൈ അടിച്ചൊടിച്ചു. ശരീരമാസകലം അടിയേറ്റ് ചതഞ്ഞു. ശരീരമാകെ ലാത്തിയുടെ പാടുകൊണ്ട് കരുവാളിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ നിയാസ് ഗവ. ആര്‍ട്സ് കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്.

ലാത്തിച്ചാര്‍ജ് ആരംഭിച്ചപ്പോള്‍ നിയാസ് ഉപരോധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ലാത്തിയടിയേറ്റ് വീണ നിയാസിനെ പതിനഞ്ചോളം പൊലീസുകാര്‍ ആക്രോശത്തോടെ പൊതിഞ്ഞു. പിന്നെ ആരും നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. നിയാസിനു മേല്‍ ലാത്തികള്‍ ആഞ്ഞുപതിച്ചു. ആര്‍ത്തട്ടഹസിച്ച പൊലീസുകാരില്‍ ചിലരുടെ ലാത്തി ഒടിഞ്ഞുതെറിച്ചപ്പോള്‍ കലിയടങ്ങാതെ നിയാസിനെ ചവിട്ടി. പിന്നിലൂടെ വന്ന് രണ്ട് നരാധമന്മാര്‍ തലയ്ക്കും മുഖത്തും ആഞ്ഞടിച്ചു. നിയാസ് ബോധരഹിതനായിട്ടും ചോരക്കൊതിയടങ്ങാതെ അവര്‍ തല്ലിക്കൊണ്ടിരുന്നു. ആശുപത്രിയില്‍ എത്തിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ "അവിടെ കിടക്കട്ടെ" എന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്ന്, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മറ്റു വിദ്യാര്‍ഥികളെ പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടപ്പോള്‍ ഒപ്പം നിയാസിനെയും ജീപ്പിലേക്ക് എടുത്തിട്ടു. നിയാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം എആര്‍ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ 40 പേരെ പ്രത്യേകം നിയോഗിച്ചു

എസ്എഫ്ഐ സമരം നേരിടാന്‍ സായുധ പൊലീസ് സേനയില്‍നിന്ന് 40 പേരെ പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിച്ചു. കോണ്‍ഗ്രസ് അനുകൂലികളും മര്‍ദകവീരന്മാരുമായ ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് അനുകൂലികളായ പൊലീസ് അസോസിയേഷനിലെ ചില പ്രധാനികളും ഉണ്ടായിരുന്നു. ഞായറാഴ്ച എആര്‍ ക്യാമ്പില്‍ ഇവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ഈ നാല്‍പ്പതംഗസംഘമാണ് സംസ്ഥാനത്തെയാകെ നടുക്കിയ കൊടുംക്രൂരത കാട്ടിയത്. തിങ്കളാഴ്ച ആദ്യം ഈ 40 പൊലീസുകാരെയും സമരരംഗത്തുനിന്ന് അല്‍പ്പമകലെ മാറ്റിനിര്‍ത്തി. സെക്രട്ടറിയറ്റിനു സമീപം അഭയ സെന്ററിന് അടുത്ത് നിലയുറപ്പിച്ച ഇവര്‍ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ സമരരംഗത്തേക്ക് കുതിക്കുകയായിരുന്നു. അതുവരെ സമരസ്ഥലത്ത് നിലയുറപ്പിച്ച സ്ട്രൈക്കര്‍ ഒന്നും രണ്ടും ടീം പിന്നോട്ടുമാറി. തുടര്‍ന്നാണ് അതിഭീകര മര്‍ദനമുറകള്‍ ആരംഭിച്ചത്. കൊടുംമര്‍ദനത്തിനുശേഷം ഈ 40 പേരെയും എആര്‍ ക്യാമ്പില്‍ പ്രത്യേകം അഭിനന്ദിച്ചു. പൊലീസ് അസോസിയേഷന്റെ പ്രമുഖനേതാവ് തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയുടെ നിയമസഭയിലെ ഓഫീസിലെത്തി ചര്‍ച്ച നടത്തി മടങ്ങിയിരുന്നു.

പൊലീസ് മര്‍ദനം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം: മനുഷ്യാവകാശ കമീഷന്‍

തലസ്ഥാനത്തെ പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ സന്ദര്‍ശിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് പറഞ്ഞു. റോഡില്‍ വീണുകിടന്ന വിദ്യാര്‍ഥികളെപ്പോലും പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനു പകരം മര്‍ദനമുറകള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചാല്‍ സ്വാഭാവികമായും അവരെ പൊലീസിന് പിരിച്ചുവിടേണ്ടിവരും. എന്നാല്‍, പ്രതിഷേധിക്കുന്നവരെ നടപടിക്രമങ്ങള്‍ പാലിക്കാതെ, മുന്നറിയിപ്പില്ലാതെ മര്‍ദിക്കാന്‍ പൊലീസിന് അധികാരമില്ല. വിദ്യാര്‍ഥികളെ മര്‍ദിച്ച കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷം സഭ വിട്ടു

തലസ്ഥാനത്ത് വെള്ളിയാഴ്ച പൊലീസ് നടത്തിയ അതിക്രൂരമായ വിദ്യാര്‍ഥിവേട്ടക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധമിരമ്പി. ശൂന്യവേളയില്‍ ഇ പി ജയരാജന്‍ നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിദ്യാര്‍ഥിവേട്ടയെ ലാഘവത്തോടെ കാണുകയും പൊലീസ് വേട്ടയെ ന്യായീകരിക്കുകയുംചെയ്ത ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട് പ്രതിപക്ഷം തുറന്നുകാട്ടി. വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡുകള്‍ ഇ പി സഭയില്‍ കാണിച്ചു. ഇത്തരം ആയുധങ്ങള്‍ സഭയില്‍ കൊണ്ടുവരരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പ്രയോഗിക്കാമെങ്കില്‍ സഭയില്‍ കൊണ്ടുവന്നാലെന്താണ് പ്രശ്നമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചുചോദിച്ചു. സ്പീക്കറുടെ നിര്‍ദേശപ്രകാരം ഗ്രനേഡുകള്‍ പിന്നീട് പൊലീസിന് കൈമാറി.

ആഭ്യന്തരമന്ത്രി സത്യവിരുദ്ധ പ്രസ്താവന നടത്തി പൊലീസിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അത്ഭുതകരമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 100ല്‍ താഴെ വരുന്ന വിദ്യാര്‍ഥികള്‍ തികച്ചും സമാധാനപരമായി നടത്തിയ സമരത്തെ അടിച്ചൊതുക്കിയ പൊലീസ്, പാമ്പിനെ തല്ലുന്നപോലെയാണ് തല്ലിയത്. പെണ്‍കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. മുഖ്യമന്ത്രിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ തിരിച്ചുപോയതിന്റെ രോഷം തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഒഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികളെ വേട്ടയാടിയതെന്നും ഇ പി പറഞ്ഞു.

ന്യായമായ ആവശ്യം ഉന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അത്യന്തം ക്രൂരവും നിഷ്ഠുരവുമായാണ് അക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ വിദ്യാര്‍ഥികളെയാണ് പൊലീസ് നിഷ്ഠുരമായി മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞു. ആഭ്യന്തരമന്ത്രി തെറ്റുകാരനാണ്. അതുകൊണ്ടാണ് തികച്ചും പ്രതിരോധസ്വരത്തില്‍ പ്രതികരിക്കുന്നതെന്നും വി എസ് പറഞ്ഞു.

പിതൃതുല്യമായ വാത്സല്യത്തോടെയാണ് വിദ്യാര്‍ഥിസമരത്തോട് താന്‍ പ്രതികരിച്ചതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജാമ്യത്തില്‍ വിട്ടത്. വിദ്യാര്‍ഥികള്‍ക്ക് നിസ്സാര പരിക്കേ ഉള്ളൂ. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അനീഷ് രാജനെ കൊലപ്പെടുത്തിയ കേസ് പ്രത്യേകസംഘം അന്വേഷിക്കും. സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ് നടപടി തൃപ്തികരമാണെന്നും മന്ത്രി അവകാശപ്പെട്ടു. തന്റെ പരിപാടി തടസ്സപ്പെട്ടതുകൊണ്ടാണ് പൊലീസ് അക്രമം നടത്തിയതെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ കക്ഷിനേതാക്കളായ സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവരും അടിയന്തര പ്രമേയചര്‍ച്ചയില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പു വിജയത്തിന്റെ അഹങ്കാരം: കോടിയേരി

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതോടെ സര്‍ക്കാരിന് അഹങ്കാരം വര്‍ധിച്ചെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പൊലീസ് ആക്രമണമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കോടിയേരി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഒരുവിധത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധിക്കുന്നവരെ അടിച്ച് എല്ലൊടിക്കണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് വിദ്യാര്‍ഥികള്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന പൊലീസ് ആക്രമണം. വെള്ളിയാഴ്ച പൊലീസ് നടത്തിയ വിദ്യാര്‍ഥിവേട്ടയ്ക്കെതിരെ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നല്‍കിയ നോട്ടീസിന് പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി നല്‍കിയ മറുപടി ഇത് വ്യക്തമാക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.

കൊലയാളികളെ പിടിക്കുന്നതിനു പകരം വിദ്യാര്‍ഥിവേട്ട നടത്തുകയാണ് പൊലീസ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിഞ്ഞാണ് പൊലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. അനീഷ് രാജിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ ഇപ്പോഴും സര്‍ക്കാറിന്റെയും കോണ്‍ഗ്രസിന്റെയും സംരക്ഷണത്തില്‍ കഴിയുകയാണ്. ഇരട്ടക്കൊലക്കേസ് പ്രതി നിയമസഭയില്‍ ഇരിക്കുന്നു. പൊലീസ് ഭീകരതക്ക് മുഖ്യമന്ത്രി പ്രോത്സാഹനം നല്‍കുകയാണ്. വിദ്യാര്‍ഥികളെ അടിച്ച് എല്ലൊടിച്ച് ഭരിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്ന് കോടിയേരി മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രി പൊലീസിനെ വഴിവിട്ട് ഉപയോഗിക്കുന്നു: ഇ പി

ജനാധിപത്യപരമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിനെ വഴിവിട്ട് ഉപയോഗിക്കുകയാണെന്ന് ഇ പി ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്ത വിദ്യാര്‍ഥികളെ വെള്ളിയാഴ്ച വൈകിട്ട് തലസ്ഥാനത്ത് പൊലീസ് വേട്ടയാടിയതിനെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു ഇ പി.

അനീഷിന്റെ കൊലപാതകത്തിനു പിന്നില്‍ നടന്ന ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് പി ടി തോമസ് എംപിയാണ്. കെപിസിസി ഓഫീസിലും ഡിസിസി ഓഫീസിലുമാണ് ഗൂഢാലോചന നടന്നത്. ഈ കേസില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കെ കെ ജയചന്ദ്രന്‍ ഈ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സമരംചെയ്ത നൂറില്‍ താഴെവരുന്ന വിദ്യാര്‍ഥികളെ അതിക്രൂരമായാണ് പൊലീസ് മര്‍ദിച്ചത്.

 യുണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ച കുട്ടികളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം കോളേജിലേക്ക് ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥികളെ നാലുഭാഗത്തുനിന്നും ഗ്രനേഡ് ഉപയോഗിച്ച് ആക്രമിച്ചു. ശത്രുസൈന്യംപോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് പൊലീസ് ചെയ്തത്. പെണ്‍കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. കാല്‍മുട്ട് അടിച്ചുപൊളിച്ചു. പരിപാടിയില്‍ പങ്കെടുക്കാനാകാതെ മുഖ്യമന്ത്രിക്ക് തിരിച്ചുപോകേണ്ടി വന്നതിന്റെ ജാള്യമാണിതിനു പിന്നില്‍. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശിച്ചതനുസരിച്ചാണ് വേട്ടയാടല്‍ നടന്നത്.

എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങുകയും 25 വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പ്രസംഗിച്ചതിന് കേസെടുക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി കണ്‍മുന്നിലെ പ്രതിയെ സംരക്ഷിക്കുന്നു. ഇങ്ങനെ അധികാരമുപയോഗിച്ച് എന്തുംചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന മുഖ്യമന്ത്രിക്കാണ് വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ആക്രമിച്ച് ചോരക്കളം സൃഷ്ടിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും ഇ പി പറഞ്ഞു.

പൊലീസ് ഭീകരതയില്‍ പ്രതിഷേധിക്കുക മഹിളാ അസോ.

പൊലീസുകാരെ കയറൂരിവിട്ട് വിദ്യാര്‍ഥികളെ ക്രൂരമായി വേട്ടയാടുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ അഭ്യര്‍ഥിച്ചു. എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ വിദ്യാര്‍ഥികളെ തെരുവുകളിലിട്ട് ഉമ്മന്‍ചാണ്ടിയുടെ ഭ്രാന്ത് പിടിച്ച പൊലീസുകാര്‍ തല്ലിച്ചതയ്ക്കുകയാണ്. പെണ്‍കുട്ടികളെപ്പോലും പുരുഷപൊലീസുകാര്‍ മൃഗീയമായി മര്‍ദിക്കുന്നു. തിങ്കളാഴ്ചയും തലസ്ഥാനത്ത് വിദ്യാര്‍ഥികളെ പൈശാചികമായി വേട്ടയാടി. തല്ലിവീഴ്ത്തിയശേഷം ഓരോ കുട്ടിയെയും പത്തും പതിനഞ്ചും പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലുന്ന ക്രൂരമായ സംഭവമാണുണ്ടായത്. മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരത കാട്ടിയ നരാധമന്മാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം. വിദ്യാര്‍ഥിവേട്ടക്കെതിരെ മുഴുവന്‍ സ്ത്രീകളും പ്രതിഷേധമുയര്‍ത്തണമെന്ന് ശൈലജ അഭ്യര്‍ഥിച്ചു.

deshabhimani 190612

3 comments:

  1. അടിയേറ്റ് റോഡില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിക്കുമേല്‍ പേപ്പട്ടികളെപ്പോലെ ചാടിവീഴുക, ആഞ്ഞടിച്ച് ലാത്തികള്‍ ഒടിഞ്ഞപ്പോള്‍ കലിതീരാതെ ബൂട്ടിട്ട് ചവിട്ടിയരയ്ക്കുക. മുഖം പൊത്തി റോഡില്‍ കിടക്കുമ്പോള്‍ ആഞ്ഞടിച്ചത് മുഖത്തും തലയിലും. ആരെയും ഞെട്ടിക്കുന്ന കൊടുംക്രൂരതയ്ക്കാണ് തിങ്കളാഴ്ച തലസ്ഥാനം സാക്ഷ്യംവഹിച്ചത്. അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്ന എസ്എഫ്ഐ പാളയം ഏരിയ സെക്രട്ടറിയായ ബി നിയാസിന്റെ ശരീരത്തില്‍ അടിയേല്‍ക്കാത്ത ഒരിഞ്ചുപോലുമില്ല. വലതുകൈ അടിച്ചൊടിച്ചു. ശരീരമാസകലം അടിയേറ്റ് ചതഞ്ഞു. ശരീരമാകെ ലാത്തിയുടെ പാടുകൊണ്ട് കരുവാളിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ നിയാസ് ഗവ. ആര്‍ട്സ് കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്.

    ReplyDelete
  2. രാവിലെ മൃഗീയമര്‍ദനം; വൈകിട്ട് അഹിംസാ പ്രഭാഷണം

    വിദ്യാര്‍ഥികളെ നിഷ്ഠുരമായി തല്ലിച്ചതയ്ക്കാന്‍ നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയുടെ അഹിംസാ പ്രഭാഷണം അപഹാസ്യമായി. നടുറോഡില്‍ വിദ്യാര്‍ഥികളെ തിങ്കളാഴ്ച രാവിലെ മൃഗീയമായി തല്ലിച്ച മുഖ്യമന്ത്രി വൈകിട്ട് ഗാന്ധിസ്മരണയിലായിരുന്നു പ്രഭാഷണം.

    എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റ് അനീഷ്രാജന്റെ കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വിദ്യാര്‍ഥിമാര്‍ച്ചിനു നേരെ അതിക്രൂരമായ മര്‍ദനമാണ് പൊലീസ് നടത്തിയത്. മണിക്കൂറുകളോളം വിദ്യാര്‍ഥികളെ നഗരത്തിന്റെ പൊതുനിരത്തിലിട്ട് തലങ്ങും വിലങ്ങുമടിച്ചു. കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിന്റെ മനുഷ്യത്വരഹിതമായ മര്‍ദനത്തെ ഉമ്മന്‍ചാണ്ടി ന്യായീകരിക്കുകയും ചെയ്തു.

    വൈകിട്ട് അന്തര്‍സംസ്ഥാന ഗാന്ധിപീസ് സംഘത്തിന് ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിലെത്തിയ മുഖ്യമന്ത്രി നീണ്ട അഹിംസാപ്രഭാഷണം നടത്തി. "എല്ലാത്തിനും പരിഹാരം ഗാന്ധിജിയുടെ പാതയാണെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി, തന്റെയും സര്‍ക്കാരിന്റെയും നയങ്ങള്‍ ഗാന്ധിയന്‍ ആശയത്തിലധിഷ്ഠിതമാണെന്നും താന്‍ തികഞ്ഞ അഹിംസാവാദിയാണെന്നും പറഞ്ഞു വച്ചു.

    ReplyDelete
  3. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. സമരരംഗത്തെ വിദ്യാര്‍ഥികളെ നിഷ്കരുണം നേരിടാനാണ് ഉന്നതതലത്തില്‍നിന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ആജ്ഞാനുവര്‍ത്തികളായ പൊലീസിലെ രക്തദാഹികള്‍ അക്ഷരംപ്രതി ഇത് നടപ്പാക്കുന്നതാണ് തിങ്കളാഴ്ച തലസ്ഥാനത്തു കണ്ടത്. നിലവിലുള്ള രാഷ്ട്രീയസംഭവവികാസങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അക്രമ സമരമുണ്ടാകുമെന്നും അതിനെതിരെ ശക്തമായ മുന്‍കരുതല്‍ എടുക്കണമെന്നും പറഞ്ഞാണ് കലാലയങ്ങളിലും തെരുവുകളിലും വിദ്യാര്‍ഥികളുടെ ചോരയൊഴുക്കാന്‍ പൊലീസ് ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയത്. എല്ലാ സിഐമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും (ടി ആര്‍ 352 അലെര്‍ട് 8 ബി 2012) എന്ന നമ്പറില്‍ ജൂണ്‍ 16നാണ് വേട്ടയാടലിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസുകാരെ കയറൂരിവിട്ട് വിദ്യാര്‍ഥിവേട്ട ഇനിയും രൂക്ഷമാക്കുമെന്നാണ് പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നത്. തീര്‍ത്തും രാഷ്ട്രീയപരാമര്‍ശങ്ങള്‍ അടങ്ങുന്ന ഇത്തരമൊരു ഉത്തരവ് പൊലീസ് സേനയില്‍ ആദ്യമാണെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു

    ReplyDelete