Wednesday, June 20, 2012

അപകീര്‍ത്തികരമായ പദപ്രയോഗം: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു


പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നപേരില്‍ അവതരിപ്പിച്ച രേഖയില്‍ ഇല്ലാത്തതും അപകീര്‍ത്തികരവുമായ പദപ്രയോഗത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സിപിഐ എം പ്രവര്‍ത്തകരെ ആക്ഷേപിക്കുന്ന പദപ്രയോഗം നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് ഇന്റലിജന്‍സ് വിഭാഗം അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്ന പേരില്‍ രേഖയുമായാണ് മന്ത്രി മറുപടി തുടങ്ങിയത്. ടി പി ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന് രേഖയില്‍ പറയുന്നെന്ന് അവകാശപ്പെട്ട മന്ത്രി "സിപിഐ എം വര്‍ക്കേഴ്സ്" എന്ന് വായിച്ചശേഷം സിപിഐ എം ഗുണ്ടകള്‍ എന്ന് വ്യാഖ്യാനിക്കുകയായിരുന്നു. ഇത് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യംചെയ്തു. എന്നാല്‍, മന്ത്രി തിരുത്താന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. പ്രതിപക്ഷം സഭ വിട്ടശേഷം മന്ത്രി രേഖയിലെ വരികള്‍ വീണ്ടും വായിക്കുകയും സിപിഐ എം പ്രവര്‍ത്തകരെന്ന് തിരുത്തി പരിഭാഷപ്പെടുത്തുകയും ചെയ്തു.

ഒരു വ്യക്തിക്ക് ജീവന് ഭീഷണിയുണ്ട് എന്ന വിവരം കിട്ടിയാല്‍ സര്‍ക്കാര്‍ അത് ബന്ധപ്പെട്ട വ്യക്തിയെ അറിയിക്കും. ഈ വ്യക്തിക്ക് സുരക്ഷ ആവശ്യമില്ലെങ്കില്‍ അത് രേഖാമൂലം അറിയിക്കും. ചന്ദ്രശേഖരന്റെ കാര്യത്തില്‍ ഇത്തരം എന്തെങ്കിലും രേഖ സര്‍ക്കാരിന്റെ കൈയിലുണ്ടെങ്കില്‍ അത് മേശപ്പുറത്ത് വയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതില്‍ മന്ത്രിയോ മുഖ്യമന്ത്രിയോ പ്രതികരിച്ചില്ല. ഇടുക്കിയിലെ അനീഷ് രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിലും തിരുവനന്തപുരത്ത് വിദ്യാര്‍ഥികളെ കൊല്ലാക്കൊല ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തുടങ്ങിയ കാര്യങ്ങളിലും പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ എളമരം കരീം ഭീഷണിപ്പെടുത്തിയെന്ന മന്ത്രിയുടെ പരാമര്‍ശവും പ്രതിഷേധമുയര്‍ത്തി.

സംസ്ഥാനത്ത് രണ്ടുതരം അന്വേഷണസംഘം: ലതിക

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കീഴില്‍ രണ്ടുതരം അന്വേഷണ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെ കെ ലതിക പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് ആരെയൊക്കെ പ്രതിയാക്കണമെന്ന് നിശ്ചയിക്കുന്ന ഒരു പ്രത്യേക അന്വേഷണടീം. ആരെയൊക്കെ ഒഴിവാക്കണമെന്ന് തീരുമാനിക്കാന്‍ മറ്റൊരു ടീം. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ലതിക.

വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ ശക്തികളും ഇടതുതീവ്രവാദി സംഘവും ചേര്‍ന്ന് സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. ഇത്തരം ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സിപിഐ എമ്മിനുണ്ട്. പൊലീസിനെ കാട്ടി ഭീഷണിപ്പെടുത്തിയാല്‍ ഭയക്കുന്നവരല്ല സിപിഐ എം പ്രവര്‍ത്തകര്‍. ചന്ദ്രശേഖരന്റെ കൊലപാതകത്തെ സിപിഐ എമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നവര്‍ എന്തുകൊണ്ട് സംരക്ഷണം നല്‍കിയില്ലെന്ന് വ്യക്തമാക്കണം. വധത്തിനുശേഷം സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ നടന്ന അക്രമം സര്‍ക്കാര്‍ സ്പോണ്‍സര്‍ചെയ്തതാണ്. ഈ പ്രദേശത്ത് ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന അക്രമങ്ങളെ പൊലീസ് കണ്ടില്ലെന്നു നടിക്കുകയാണെന്നും ലതിക പറഞ്ഞു.

എതിരാളികളെ താറടിക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നു: ജയചന്ദ്രന്‍

രാഷ്ട്രീയ എതിരാളികളെ താറടിച്ചു കാണിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസിനെ നിര്‍ലജ്ജം ഉപയോഗിക്കുകയാണെന്ന് കെ കെ ജയചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ വധം രാഷ്ട്രീയ ആയുധമാക്കി സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടപ്പില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 300 കൊലപാതകം നടന്നു. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ കൈയില്‍ കേരള പൊലീസിന്റെ തിര നിറച്ച തോക്ക് നല്‍കിയ പൊലീസാണ് തിരുവഞ്ചൂരിന്റേത്. മത്സ്യത്തൊഴിലാളികളെ ഇടിച്ചുകൊന്ന പ്രഭുദയ കപ്പല്‍ ക്യാപ്റ്റനുമൊത്തും പൊലീസ് സംഘം വിരുന്ന് സല്‍ക്കാരം നടത്തി-ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എം മണി നടത്തിയ ഒരു പ്രസംഗത്തിന്റെ ഒരു ഭാഗംമാത്രം അടര്‍ത്തിയെടുത്ത് സിപിഐ എം നേതാക്കളെ കുടുക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. 1982ല്‍ നടന്ന സ്വാഭാവിക മരണവും ആത്മഹത്യയും ഉള്‍പ്പെടെ അന്വേഷിക്കുകയാണ്. എന്റെയടക്കം പേരില്‍ കേസെടുത്തിരിക്കുന്നു. ഈ കേസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരട്ടക്കൊലക്കേസില്‍ പ്രതിയായ ബഷീറും ഹൈക്കോടതിയെ സമീപിക്കട്ടെയെന്നും ജയചന്ദ്രന്‍ പറഞ്ഞു. എന്തുകൊണ്ട് ബഷീര്‍ കോടതിയെ സമീപിക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും ചോദിച്ചു.

യുഡിഎഫ് പൊലീസിനെ രാഷ്ട്രീയ ആയുധമാക്കുന്നു: സുനില്‍കുമാര്‍

പൊലീസിനെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ഭരണമാണ് നടക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന വിദ്യാര്‍ഥികളെ അടിച്ചുകൊല്ലാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനം ഇപ്പോള്‍ നാലാം സ്ഥാനത്തായി. ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ക്രമസമാധാനത്തില്‍ അവസാന സ്ഥാനത്താകും. പെട്ടിക്കച്ചവടക്കാരന് ലോട്ടറി കിട്ടിയതുപോലെയാണ് തിരുവഞ്ചൂരിന് ആഭ്യന്തരവകുപ്പ് ലഭിച്ചിരിക്കുന്നത്. മുസ്ലിംലീഗിന് ഇഷ്ടമല്ലാത്തതൊന്നും ആഭ്യന്തരവകുപ്പിന് ചെയ്യാനാകാത്ത സ്ഥിതിയാണ്. എഐസിസി പ്രസിഡന്റ് പറഞ്ഞാലും ലീഗ് സമ്മതിക്കാതെ കോണ്‍ഗ്രസിന് ചെയ്യാനാകില്ല-സുനില്‍കുമാര്‍ പറഞ്ഞു.

പൊലീസിന്റെ ധാര്‍മികത തകര്‍ക്കുന്ന നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. സേനയില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നു. അതുമുലം കുറ്റവാളികള്‍ക്ക് പേടിയില്ലാതായി. ഒരു വര്‍ഷത്തിനുള്ളില്‍ 370 കൊലപാതകമാണ് നടന്നത്. 70 സ്ത്രീകളും 38 കുട്ടികളും കൊല്ലപ്പെട്ടു. ഈ അവസ്ഥ തുടരാന്‍ അനുവദിക്കരുത്-അദ്ദേഹം ആവശ്യപ്പെട്ടു.

മര്‍ദകരെ ന്യായീകരിച്ച് വിദ്യാര്‍ഥിവേട്ട പ്രോത്സാഹിപ്പിക്കുന്നു: ശശീന്ദ്രന്‍

വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന പൊലീസുകാരെ ന്യായീകരിക്കുന്ന ആഭ്യന്തരമന്ത്രി കൂടുതല്‍ കടുത്ത ആക്രമണം അഴിച്ചുവിടാന്‍ പൊലീസുകാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അതിനിഷ്ഠുരമായി വിദ്യാര്‍ഥികളെ മര്‍ദിച്ചതിനെ ന്യായീകരിച്ച ആഭ്യന്തരമന്ത്രി പിതൃനിര്‍വിശേഷമായ സ്നേഹത്തോടെയാണ് പൊലീസുകാര്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നതെന്നാണ് വിശേഷിപ്പിച്ചത്. ആഭ്യന്തരമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ പൊലീസുകാര്‍ ഇരട്ടപ്രൊമോഷന്‍ കിട്ടുമെന്ന ചിന്തയില്‍ കടന്നാക്രമണം രൂക്ഷമാക്കി. അതാണ് തിങ്കളാഴ്ച കണ്ടതെന്ന് ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചയില്‍ ശശീന്ദ്രന്‍ പറഞ്ഞു. പൊലീസിലെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് യുഡിഎഫിന് എന്തു പറയാനുണ്ട്. 211 പൊലീസ് ഓഫീസര്‍മാര്‍ക്ക് ക്വട്ടേഷന്‍-മാഫിയ ബന്ധമുണ്ടെന്ന് സര്‍ക്കാര്‍തന്നെ സമ്മതിച്ചു. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായശേഷം പൊലീസ് കൂടുതല്‍ ആക്രമണകാരികളായി. ക്രിമിനലുകളായ പൊലീസുകാരെവച്ച് ക്രമസമാധാനം പാലിക്കാനാവുമെന്ന് ആര്‍ക്കും കരുതാനാകില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ദേശാഭിമാനി 200612

No comments:

Post a Comment