Tuesday, June 19, 2012

വ്യാപക പ്രതിഷേധം ഉയര്‍ത്തുക: കര്‍ഷകസംഘം


ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനായി രാസവളവില വര്‍ധിപ്പിക്കാനുള്ള രാസവളം മന്ത്രാലയത്തിന്റെ നിര്‍ദേശം ക്രൂരവും അപലപനീയവുമാണെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പച്ചക്കറി ഉല്‍പ്പാദനത്തില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ ഇത് പ്രതിസന്ധിയിലാക്കും. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില 30 മുതല്‍ 60 ശതമാനംവരെ ഒറ്റയടിക്ക് കൂട്ടി. യൂറിയയുടെ വില കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിശ്ചയിക്കുന്നതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാകും വര്‍ധന. രണ്ടുവര്‍ഷത്തിനിടെ പതിനൊന്നാം തവണയാണ് രാസവളവില കൂട്ടിയത്. വിലവര്‍ധനീക്കം അറിഞ്ഞതോടെ വളംകമ്പനികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കെന്നപോലെ രാസവളത്തിനും സബ്സിഡി വെട്ടിക്കുറച്ചുകൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാര്‍. ഡൈ അമോണിയം ഫോസ്ഫേറ്റിനും പൊട്ടാഷിനും സൂപ്പര്‍ സള്‍ഫേറ്റിനും അമിതമായി വില വര്‍ധിപ്പിച്ചതിലൂടെ കേരളത്തിലെ നെല്‍ക്കൃഷിയും പച്ചക്കറി ഉല്‍പ്പാദനവും വന്‍ തകര്‍ച്ചയിലാകും. കേരളത്തില്‍ പകുതിവിലയ്ക്ക് വിതരണംചെയ്യുന്ന വളത്തിന്റെ പെര്‍മിറ്റ് ഇപ്പോള്‍ത്തന്നെ യഥാസമയം ലഭ്യമാക്കുന്നില്ല.
കാര്‍ഷികരംഗം വിദേശകുത്തകകള്‍ക്ക് തീറെഴുതി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടിയുള്ള ചുവടുവയ്പുകളിലൊന്നാണ് രാസവള സബ്സിഡി എടുത്തുകളയാനുള്ള തീരുമാനങ്ങള്‍. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും കര്‍ഷകരെ ഈ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനുള്ള നിലപാട് സ്വീകരിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്ന ഈ കര്‍ഷക ജനദ്രോഹനടപടികള്‍ അവസാനിപ്പിക്കാതെ കര്‍ഷകര്‍ക്ക് രക്ഷയില്ല. അന്യായമായി തീരുമാനിച്ച രാസവളവിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹനിലപാടില്‍ പ്രതികരിക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി കര്‍ഷകര്‍ മുന്നോട്ടുവരണം. കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്താന്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എയും സെക്രട്ടറി കെ വി രാമകൃഷ്ണനും അഭ്യര്‍ഥിച്ചു

deshabhimani 190612

No comments:

Post a Comment