Friday, June 29, 2012

2 ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തില്‍


സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ രണ്ടുലക്ഷത്തിലേറെപ്പേര്‍ പ്രവേശനം ലഭിക്കാതെ ത്രിശങ്കുവില്‍. രണ്ടുഘട്ടമായി നടന്ന പ്രവേശനത്തിലൂടെ രണ്ടരലക്ഷം കുട്ടികള്‍ വിവിധ സ്കൂളുകളില്‍ ചേര്‍ന്നപ്പോള്‍ രണ്ടുലക്ഷത്തിഇരുപതിനായിരത്തിലേറെ കുട്ടികള്‍ പുറത്തായി. ഇക്കുറി 4,77,760 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചു. ഇവരില്‍ 2,50,393 പേര്‍ക്ക് പ്രവേശനം നല്‍കിയെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍ പറയുന്നു. 2,27,367 പേര്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്നും വെബ്സൈറ്റ് പറയുന്നു.

അപേക്ഷിച്ചവരില്‍ പകുതിയോളംപേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെവരുന്നത് ഇതാദ്യമാണ്. അപേക്ഷകരുടെ എണ്ണം കൂടുകയും ലഭ്യമായ സീറ്റുകളുടെ എണ്ണം കുറവായിരിക്കുകയും ചെയ്തഘട്ടത്തില്‍ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ സ്കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് അനുവദിക്കുക, കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, നിലവില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുള്ള സ്കൂളുകളില്‍ പ്ലസ് വണിന് കൂടുതല്‍ സീറ്റ് അനുവദിക്കുക തുടങ്ങിയവയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. ഇതിനുപുറമെ അഞ്ച് ഘട്ടങ്ങളിലായി പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കുന്ന രീതിയായിരുന്നു അന്നത്തേത്. ഇക്കുറി പ്ലസ് വണ്‍ പ്രവേശനം രണ്ടു ഘട്ടങ്ങളിലാക്കി ചുരുക്കി. മൂന്ന് ഘട്ടമായി പ്രവേശനം നല്‍കുമെന്നായിരുന്നു പ്രോസ്പെക്ടസില്‍ അറിയിച്ചത്. അതും ലംഘിക്കപ്പെട്ടു.

ആദ്യഘട്ട അലോട്ട്മെന്റില്‍ പ്രവേശനം നേടിയവര്‍ ജൂണ്‍ 16നും 18നും 19നും രണ്ടാംഘട്ട അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ ജൂണ്‍ 26നും 27നും സ്കൂളുകളില്‍ ചേര്‍ന്നു. ഇവര്‍ക്ക് വ്യാഴാഴ്ച ക്ലാസ് തുടങ്ങി. രണ്ടാംഘട്ട അലോട്ട്മെന്റോടെ ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അറിയിപ്പ്. പ്രവേശനം ലഭിക്കാത്തവര്‍ക്കും ഇതിനകം അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും ജൂലൈ ആറുമുതല്‍ പ്രത്യേകമായി അപേക്ഷിക്കാമെന്നും അവരില്‍ കുറച്ചുപേര്‍ക്ക് പ്രവേശനം നല്‍കാമെന്നും വിദ്യാഭ്യാസവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഇതുവഴി കുറച്ചുപേര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂവെന്ന് വ്യക്തം. രണ്ടാംഘട്ട പ്രവേശനം പൂര്‍ത്തിയായാലുടന്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശന നടപടി ആരംഭിക്കാമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. മാനേജ്മെന്റ് ക്വാട്ടയില്‍ അതത് സ്കൂളുകളിലെ മൊത്തം സീറ്റിന്റെ 20 ശതമാനംമാത്രമാണ് പ്രവേശനത്തിനായി ലഭിക്കുക. ഇത് പതിനയ്യായിരത്തില്‍താഴെയേ വരൂ. ഇതിനര്‍ഥം ഇക്കുറി അപേക്ഷിച്ച രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം അസാധ്യമാകുമെന്നാണ്. ഇവരില്‍ ചിലരെങ്കിലും സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍പ്പോലും മഹാഭൂരിപക്ഷവും ഉപരിപഠനത്തിന് അര്‍ഹരാണെങ്കിലും പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതമാകും. സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഇതാദ്യമായാണ് ഉടലെടുക്കുന്നത്.

എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ കോഴ്സുകള്‍ പാസായി പ്ലസ് വണിന് യോഗ്യത നേടുന്നവരില്‍ മഹാഭൂരിപക്ഷത്തിനും പ്രവേശനം ലഭിക്കത്തക്കരീതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച നടപടികള്‍ അട്ടിമറിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എസ്എസ്എല്‍സിക്കാരുടെ പ്രവേശനം ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉറപ്പുവരുത്തിയതിനുശേഷമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഎസ്ഇ പ്രവേശനം നടത്തിയത്. എന്നാല്‍ ഇത്തവണയാകട്ടെ ഈ പരിഗണന എസ്എസ്എല്‍സിക്കാര്‍ക്ക് നല്‍കിയില്ല. സ്വന്തം നിലയില്‍ പരീക്ഷ നടത്തി ഇഷ്ടംപോലെ മാര്‍ക്ക് നല്‍കിയ സിബിഎസ്ഇക്കാര്‍ക്ക് തുല്യപരിഗണന നല്‍കിയതോടെ യുഡിഎഫ് സര്‍ക്കാര്‍ എസ്എസ്എല്‍സിക്കാരെ തീര്‍ത്തും പുറന്തള്ളുകയായിരുന്നു. അണ്‍എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് കൊയ്ത്തുനടത്തുന്നതിന് എസ്എസ്എല്‍സി വിദ്യാര്‍ഥികളെ എറിഞ്ഞുകൊടുക്കുകയാണ് ഫലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്ട വിഷയങ്ങളില്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതിവരെ യുഡിഎഫ് സൃഷ്ടിച്ചു. ഇതുവഴി രണ്ടുലക്ഷത്തിലേറെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
(എം സുരേന്ദ്രന്‍)

സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഇരട്ടി

കൊച്ചി: സിബിഎസ്ഇയില്‍നിന്ന് കേരള സിലബസ് ഹയര്‍ സെക്കന്‍ഡറിയില്‍ ഈ വര്‍ഷം പ്രവേശനം തേടിയത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വിദ്യാര്‍ഥികള്‍. ഇക്കുറി പ്ലസ് വണ്‍ പ്രവേശനം നേടിയവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടില്ലെങ്കിലും കുറവു സീറ്റുള്ള സയന്‍സ്, കംപ്യൂട്ടര്‍ കോഴ്സുകളിലാണ് ബഹുഭൂരിപക്ഷം സിബിഎസ്ഇ വിദ്യാര്‍ഥികളും പ്രവേശനം നേടിയത്. ആദ്യ ഹയര്‍ സെക്കന്‍ഡറി അലോട്ട്മെന്റില്‍ സിബിഎസ്ഇയില്‍ നിന്നെത്തിയ അപേക്ഷകര്‍ക്ക് 14,000 സീറ്റാണ് അനുവദിച്ചത്. ഇതില്‍ 10,429 സീറ്റിലും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. ബുധനാഴ്ച പ്രഖ്യാപിച്ച രണ്ടാം അലോട്ട്മെന്റില്‍ ആദ്യ അലോട്ട്മെന്റിലെ അത്രയും സീറ്റുകള്‍തന്നെയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് കേരള സിലബസിലേക്കുണ്ടായ തള്ളിക്കറ്റം ആക്ഷേപമായതിനെത്തുടര്‍ന്ന് പ്രവേശനം 2886 സീറ്റിലായി പരിമിതപ്പെടുത്തി. വ്യാഴാഴ്ച അവസാനിച്ച പ്രവേശന നടപടി പ്രകാരം 13,315 സിബിഎസ്ഇ വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം നേടിയത്. കഴിഞ്ഞവര്‍ഷം 20,000 പേരാണ് സിബിഎസ്ഇയില്‍ ഹയര്‍ സെക്കന്‍ഡറിക്ക് അപേക്ഷിച്ചത്. ഇക്കുറി ഹയര്‍ സെക്കന്‍ഡറി പ്രവേശനം തേടിയ നാലരലക്ഷം വിദ്യാര്‍ഥികളില്‍ 33,000 അപേക്ഷകര്‍ സിബിഎസ്ഇയില്‍നിന്നായിരുന്നു. ബഹുഭൂരിപക്ഷത്തിന്റെയും ഓപ്ഷന്‍ രണ്ടേകാല്‍ ലക്ഷം സീറ്റു മാത്രമുള്ള സയന്‍സ്, കംപ്യൂട്ടര്‍ ഗ്രൂപ്പുകളും. നിലവില്‍ സിബിഎസ്ഇയില്‍നിന്നു പ്രവേശനം നേടിയതില്‍ അധികവും ഈ ഗ്രൂപ്പുകളില്‍ തന്നെയാണ്. പ്രധാന നഗരങ്ങളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മാത്രമാണ് ഈ ഗ്രൂപ്പുകള്‍ പഠിപ്പിക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 1382 സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പ്രധാന സ്കൂളുകളില്‍ പ്രവേശനം കിട്ടി.

സിബിഎസ്ഇ വിദ്യാര്‍ഥികള്‍ അലോട്ട്മെന്റിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ തള്ളിക്കയറിയതുമൂലം കേരള സിലബസില്‍നിന്നുള്ള അര്‍ഹരായ പലര്‍ക്കും ഈ ഗ്രൂപ്പുകളില്‍ പ്രവേശനം ലഭിക്കാതെ വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷംവരെ സിബിഎസ്ഇയില്‍നിന്നെത്തുന്ന വിദ്യാര്‍ഥികളെ പ്രത്യേകമായാണ് പരിഗണിച്ചിരുന്നത്. കേരള സിലബസിലുള്ള അപേക്ഷകര്‍ക്ക് ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനു മുമ്പായാണ് ഇവരുടെ പ്രവേശനം പരിഗണിച്ചത്. മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാതിരുന്ന പ്രത്യേക സാഹചര്യം സിബിഎസ്ഇയില്‍നിന്ന് അപേക്ഷിക്കുന്നവരുടെ കാര്യത്തില്‍ ഇക്കുറി ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അത് പരിഗണിച്ചില്ല. കഴിഞ്ഞവര്‍ഷംവരെ സിബിഎസ്ഇ ബോര്‍ഡ് നടത്തുന്ന പരീക്ഷയിലെ മാര്‍ക്കുമായാണ് അവര്‍ അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം സ്കൂള്‍ മാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം വാരിക്കോരി നല്‍കിയ മാര്‍ക്കുമായാണ് കേരള സിലബസില്‍ 10-ാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കൊപ്പം സിബിഎസ്ഇക്കാരും അപേക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് തയ്യാറാക്കിയത് വ്യാപകമായ പരാതിക്കിടയാക്കി. തുടര്‍ന്ന് ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അതും ശാസ്ത്രീയ രീതിയല്ലെന്ന് ആക്ഷേപമുയര്‍ന്നു. മുഴുവന്‍ സീറ്റിലെയും അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോഴും എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം ലഭിക്കാതെ പുറത്താണ്. കോഴ്സുകളുടെയും സ്കൂളിന്റെയും ലഭ്യത നോക്കാതെ അപേക്ഷിച്ചതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ന്യായം.
(എം എസ് അശോകന്‍)

deshabhimani 290612

1 comment:

  1. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ രണ്ടുലക്ഷത്തിലേറെപ്പേര്‍ പ്രവേശനം ലഭിക്കാതെ ത്രിശങ്കുവില്‍. രണ്ടുഘട്ടമായി നടന്ന പ്രവേശനത്തിലൂടെ രണ്ടരലക്ഷം കുട്ടികള്‍ വിവിധ സ്കൂളുകളില്‍ ചേര്‍ന്നപ്പോള്‍ രണ്ടുലക്ഷത്തിഇരുപതിനായിരത്തിലേറെ കുട്ടികള്‍ പുറത്തായി. ഇക്കുറി 4,77,760 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചു. ഇവരില്‍ 2,50,393 പേര്‍ക്ക് പ്രവേശനം നല്‍കിയെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍ പറയുന്നു. 2,27,367 പേര്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്നും വെബ്സൈറ്റ് പറയുന്നു.

    ReplyDelete