Friday, June 29, 2012

അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം: സിപിഐ എം


പി മോഹനനെ കസ്റ്റഡിയിലെടുത്തു; കോഴിക്കോട്ട് നാളെ  ഹര്‍ത്താല്‍

കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു.എം ദാസന്‍ അനുസ്മരണച്ചടങ്ങിന് ശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോള്‍ കോഴിക്കോട് ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ കസ്റ്റഡിയിലെടുത്തു കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് വടകരക്ക് കൊണ്ടുപോയി. പി മോഹനനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തിയും എളമരം കരീമും അറിയിച്ചു.

വിവരമറിഞ്ഞ് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നിലെത്തി. പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും സ്റ്റേഷനിലെത്തി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ അന്യായമായി കുടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് അറസ്റ്റെന്നാണ് സൂചന.

മോഹനനെ കസ്റ്റഡിയിലെടുത്തത് തീര്‍ത്തും അനീതിയാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല ഈ അറസ്റ്റ്. നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഈ അറസ്റ്റ്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിനൊപ്പം ചാനലുകാരും എത്തിയത് ഇതിന്റെ തെളിവാണ്. കേസ് രാഷ്ട്രീയമായി വഴിതിരിച്ചുവിടാനുള്ള ഈ നീക്കം അത്യന്തം  അപലപനീയമാണെന്നും ജയരാജന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തില്‍ സജീവമായുള്ള ഒരാളെ ഭീകരരെ അറസ്റ്റ് ചെയ്യും മട്ടില്‍ വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തത് തീര്‍ത്തും അപലപനീയമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരിം പറഞ്ഞു.

പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പി മോഹന് സംഭവവുമായി ഒരു ബന്ധവുമില്ല. നേതാക്കളെ കള്ളകേസില്‍ കുടുക്കി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ്- രാമകൃഷ്ണന്‍ പറഞ്ഞു.

അറസ്റ്റിനു പിന്നില്‍  രാഷ്ട്രീയ വൈരാഗ്യം:  സിപിഐ എം

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്ററുടെ അറസ്റ്റെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി യുഡിഎഫ് പോലീസിന്റെ തെറ്റായ സമീപനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഒരു പാര്‍ടി പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് യാത്ര ചെയ്യുന്നതിനിടയില്‍, വഴിയില്‍വെച്ച്, സഞ്ചരിക്കുന്ന വാഹനം തടഞ്ഞിട്ട് നാടകീയ രംഗം സൃഷ്ടിച്ചാണ് അറസ്റ്റ് നടത്തിയത്. അന്വേഷണത്തിന്റെ ഭഭാഗമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാല്‍ എത്തിച്ചേരുന്നവരാണ് സിപിഐ എം നേതാക്കള്‍ എന്ന അനുഭവം, ഈ കേസുമായി ബന്ധപ്പെട്ടുതന്നെ ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെ കാര്യത്തില്‍ പോലീസിന്റെ മുന്നിലുള്ളതാണ്.

ഈ പശ്ചാത്തലത്തില്‍, ദുഷ്ടരാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഐ (എം) നേതാക്കളെ അപമാനിക്കുന്ന വിധത്തില്‍ യുഡിഎഫ് പോലീസ് നടത്തുന്ന കുടില നീക്കങ്ങളില്‍ സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധിച്ചു. ചന്ദ്രശേഖരന്റെ വധത്തിന്റെ അന്വേഷണമെന്ന പേരില്‍ സി.പി.ഐ എം നേതാക്കളുടെ മേല്‍ കുറ്റമാരോപിച്ച് വേട്ടയാടുന്ന നിന്ദ്യമായ യു.ഡി.എഫ് നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എല്ലാ ജനാധിപത്യവിശ്വാസികളോടും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്ററുടെ അറസ്റ്റെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete