Tuesday, June 19, 2012

അഴിമതിക്കേസ് പ്രതിക്ക് കേന്ദ്ര സഹമന്ത്രിയുടെ ആദരം


ചേര്‍ത്തല: ലക്ഷങ്ങളുടെ അഴിമതിക്ക് സിബിഐ ചുമത്തിയ കേസിലെ പ്രതിയായ കയര്‍കോര്‍പറേഷന്‍ ചെയര്‍മാന് കേന്ദ്ര സഹമന്ത്രിയുടെ ആദരം. കയര്‍ ബോര്‍ഡിന്റെ റിമോട്ട് പദ്ധതിയില്‍ 70 ലക്ഷം രൂപ കമിഷന്‍ പറ്റിയെന്ന് സിബിഐ കണ്ടെത്തി പ്രതിയാക്കിയ കെ ആര്‍ രാജേന്ദ്രപ്രസാദിനെ കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലാണ് ത്രിവര്‍ണ പതാക ഷാള്‍ അണിയിച്ച് ആദരിച്ചത്. കയര്‍കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റ രാജേന്ദ്രപ്രസാദിന് കോണ്‍ഗ്രസ് ടൗണ്‍ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനമായിരുന്നു വേദി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയായ സിബിഐ പ്രതിയാക്കിയ ഒരാളെ കേന്ദ്രമന്ത്രി ആദരിച്ചത് വിവാദമാകുമെന്ന് കണ്ട വേണുഗോപാല്‍ ഷാള്‍ അണിയിക്കുന്ന ഫോട്ടോ പത്രക്കാര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശിച്ചു.

റിമോട്ട് പദ്ധതി തട്ടിപ്പില്‍ രാജേന്ദ്രപ്രസാദിനെയടക്കം ഏഴുപേരെ പ്രതിയാക്കി സിബിഐ രണ്ടാഴ്ച മുമ്പാണ് എറണാകുളം സിബിഐ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയത്. ഇത് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയാകുകയും ചെയ്തിരുന്നു. രാജേന്ദ്രപ്രസാദിനോടൊപ്പം കേസില്‍ പ്രതിയായ കയര്‍ ബോര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥരെ ബോര്‍ഡ് സസ്പെന്‍ഡും ചെയ്തു. എന്നാല്‍ രാജേന്ദ്രപ്രസാദ് കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. ഇതെ തുടര്‍ന്ന് രാജേന്ദ്രപ്രസാദ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി യോഗം ആവശ്യപ്പെട്ടു. എന്നിട്ടും രാജിവെക്കാത്തതിനാല്‍ ചില ഡിസിസി അംഗങ്ങള്‍ കെപിസിസിക്ക് പരാതി നല്‍കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ മുഖം മിനുക്കാന്‍ വേണ്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെകൊണ്ട് സംഘടിപ്പിച്ചതായിരുന്നു സ്വീകരണയോഗം. പ്രതിയുടെ മുഖം മിനുക്കാന്‍ കേന്ദ്രമന്ത്രി കൂട്ടുനിന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തില്‍ കടുത്ത എതിര്‍പ്പുണ്ടാക്കി. കയര്‍തറി നല്‍കാതെ നല്‍കിയെന്ന് കടലാസുരേഖയുണ്ടാക്കി കേന്ദ്ര സബ്സിഡി തരപ്പെടുത്തിയതിനാണ് രാജേന്ദ്രപ്രസാദിനെതിരെ കേസെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ രാജേന്ദ്രപ്രസാദ് 209 പേര്‍ക്ക് ക്വട്ടേഷന്‍ നല്‍കി ഓരോരുത്തരില്‍ നിന്നും 30,000 രൂപ മുതല്‍ 40,000 രൂപ വരെ കമീഷന്‍ ഈടാക്കിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

deshabhimani 190612

1 comment:

  1. ലക്ഷങ്ങളുടെ അഴിമതിക്ക് സിബിഐ ചുമത്തിയ കേസിലെ പ്രതിയായ കയര്‍കോര്‍പറേഷന്‍ ചെയര്‍മാന് കേന്ദ്ര സഹമന്ത്രിയുടെ ആദരം. കയര്‍ ബോര്‍ഡിന്റെ റിമോട്ട് പദ്ധതിയില്‍ 70 ലക്ഷം രൂപ കമിഷന്‍ പറ്റിയെന്ന് സിബിഐ കണ്ടെത്തി പ്രതിയാക്കിയ കെ ആര്‍ രാജേന്ദ്രപ്രസാദിനെ കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലാണ് ത്രിവര്‍ണ പതാക ഷാള്‍ അണിയിച്ച് ആദരിച്ചത്. കയര്‍കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റ രാജേന്ദ്രപ്രസാദിന് കോണ്‍ഗ്രസ് ടൗണ്‍ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനമായിരുന്നു വേദി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയായ സിബിഐ പ്രതിയാക്കിയ ഒരാളെ കേന്ദ്രമന്ത്രി ആദരിച്ചത് വിവാദമാകുമെന്ന് കണ്ട വേണുഗോപാല്‍ ഷാള്‍ അണിയിക്കുന്ന ഫോട്ടോ പത്രക്കാര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശിച്ചു.

    ReplyDelete