Wednesday, June 27, 2012

സി എച്ച് അശോകനും കൃഷ്ണനും എതിരെ തെളിവെന്ത്: ഹൈക്കോടതി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ എന്തു തെളിവാണ് ലഭിച്ചതെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഇരുവരുടെയും പങ്കാളിത്തം സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ വിശദീകരണം അവ്യക്തമായതിനാലാണ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ഈ നിര്‍ദേശം നല്‍കിയത്.

ഇരുവരുടെയും അറസ്റ്റും റിമാന്‍ഡും നിയമപരമല്ലെന്നും പൊലീസ് ആവശ്യപ്പെട്ടപ്രകാരം വടകര ഡിവൈഎസ്പി ഓഫീസിലെത്തിയ ഇവരെ അറസ്റ്റ്ചെയ്യുകയായിരുന്നുവെന്നും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ബോധിപ്പിച്ചു. കേസന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇരുവരും ഒളിവില്‍പോയിട്ടില്ല. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലും പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച് പരാമര്‍ശമല്ല. 2009ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണമാണ് പൊലീസിന്റേത്. ഇതിന് നിയമപരമായ പിന്‍ബലമില്ല. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പൊലീസിന്റെ അറസ്റ്റും മറ്റു നടപടികളും. പ്രതികള്‍ക്ക് നിയമസഹായവും വൈദ്യസഹായവും നല്‍കാന്‍ പൊലീസ് തയ്യാറായില്ല. കേസന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ ഇരുവരും തയ്യാറാണ്. അന്വേഷണത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പൊലീസ് അറസ്റ്റ്ചെയ്യുന്ന പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ജോസി ചെറിയാനെ ഒഴിവാക്കിയത് സംശയാസ്പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അതേസമയം, കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും സി എച്ച് അശോകന്റെ മകന്‍ ലണ്ടനില്‍ ഉണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ രാജ്യംവിടാന്‍ സാധ്യതയുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. കേസ്ഡയറി പരിശോധിക്കുന്നതിനായി കേസ് കോടതി ബുധനാഴ്ചത്തേക്കു മാറ്റി.

മൂന്നാംമുറ: വാരിയെല്ലിനു ക്ഷതമേറ്റ് ജിജേഷും

തലശേരി: ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിക്കുന്നവരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുന്നു. ജോലിസ്ഥലത്തുവച്ച് കസ്റ്റഡിയിലെടുത്ത പന്ന്യന്നൂരിലെ ജിജേഷിന്റെ വാരിയെല്ല് അടിച്ചൊടിച്ചെന്ന വിവരമാണ് ഒടുവില്‍ പുറത്തായത്. കേസില്‍ സിപിഐ എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന കള്ളമൊഴി പറയിപ്പിക്കാന്‍ വടകര ക്യാമ്പ്ഹൗസിലാണ് ജിജേഷിനെ പീഡിപ്പിച്ചത്. തലശേരി സബ്ജയിലില്‍ കഴിയുന്ന ജിജേഷ് സന്ദര്‍ശിക്കാനെത്തിയവരോടാണ് ഭീകരമര്‍ദനത്തെക്കുറിച്ച് വിവരിച്ചത്.

20 ദിവസമായി ജയിലിലുള്ള ജിജേഷ് ശ്വാസമെടുക്കാന്‍പോലും പ്രയാസപ്പെടുന്നു. ശാസ്ത്രീയ തെളിവെടുപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവര്‍ത്തിക്കുമ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. ആദ്യഘട്ടത്തില്‍ പൊലീസ് മര്‍ദനത്തെക്കുറിച്ച് പറയാന്‍ ഭയന്നവര്‍ തങ്ങള്‍ അനുഭവിച്ച പീഡനം മജിസ്ട്രേറ്റ് മുമ്പാകെയും ബന്ധുക്കളോടും വെളിപ്പെടുത്തുകയാണ്. പടയങ്കണ്ടി രവീന്ദ്രനെ പിടിച്ചതോടെയാണ് പൊലീസ് ഭേദ്യംചെയ്യല്‍ ശക്തമാക്കിയത്. കെ സി രാമചന്ദ്രനെയും ക്യാമ്പ്ഹൗസില്‍ തല്ലിച്ചതച്ചു. മഹാരാഷ്ട്രയില്‍നിന്ന് പിടിയിലായ ടി കെ രജീഷിനെ വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയാണ് മര്‍ദിച്ചത്. കൊടുംപീഡനത്തിനിടെ പൊലീസ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പറയിപ്പിച്ച് റെക്കോഡ്ചെയ്യുന്നു. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ കമീഷനംഗം അഡ്വ. കെ ഇ ഗംഗാധരനോട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ പീഡനവിവരം വെളിപ്പെടുത്തി.

അന്വേഷണത്തെ രാഷ്ട്രീയമായി വഴിതിരിച്ചു: ഇ പി

കൊല്ലം: ടി പി ചന്ദ്രശേഖരനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയത് ആരുടെ പ്രേരണയിലാണെന്ന് കണ്ടെത്തുമെന്ന സ്ഥിതി വന്നപ്പോള്‍ അന്വേഷണത്തെ രാഷ്ട്രീയമായി വഴിതിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. തഴവ കുറ്റിപ്പുറത്തും രാമന്‍കുളങ്ങരയിലും സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ഇപി.

ഡിജിപിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നത് അന്വേഷണത്തെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിവൈരാഗ്യമാണെന്നുമാണ് അന്വേഷകസംഘത്തിന്റെ ഔദ്യോഗിക തലവനായ ഡിജിപി പറഞ്ഞത്. ഉടന്‍തന്നെ കൊലപാതകത്തില്‍ രാഷ്ട്രീയമുണ്ടെന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നു. മാധ്യമങ്ങളും അത് ഏറ്റുപിടിച്ചതോടെ അന്വേഷണം വഴിതെറ്റിത്തുടങ്ങി. ശരിയായ രീതിയില്‍ അന്വേഷണംനടത്തിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലാണ് ഡിജിപിയിലൂടെ പുറത്തുവന്നത്. തുടര്‍ന്ന് അന്വേഷകസംഘത്തിലുണ്ടായിരുന്ന ഡിഐജിയെ നാടുകടത്തി. സത്യസന്ധനായ മറ്റൊരു ഉദ്യോഗസ്ഥന്‍ ബന്ധുവിന്റെ വിവാഹത്തിനെന്നു പറഞ്ഞ് അമേരിക്കയിലേക്ക് പോയി.

സിപിഐ എമ്മിനെതിരായ വ്യാജ പ്രചാരണങ്ങളെ ശക്തിപ്പെടുത്തി നിര്‍ത്തിയാല്‍ മാത്രമെ മുല്ലപ്പള്ളിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ കഴിയൂ. ഒഞ്ചിയത്തെ വലിയ വിഭാഗം സഖാക്കള്‍ തെറ്റുതിരുത്തി പാര്‍ടിക്കൊപ്പം വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് പാര്‍ടിവിരുദ്ധ ചിന്ത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായ കൊലപാതകം നടന്നത്. ഒഞ്ചിയം ഉള്‍പ്പെടുന്ന വടകരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് തിരിച്ചടി ഉണ്ടായെങ്കിലും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വന്‍ വിജയമാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ വടകരയില്‍ വിജയിക്കാനാകില്ലെന്ന് മുല്ലപ്പള്ളിക്കറിയാം. രാഷ്ട്രീയനേട്ടത്തിനായി സിപിഐ എം വിരുദ്ധശക്തികളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായി വളര്‍ന്നുവന്ന സാഹചര്യത്തെ തകര്‍ക്കാന്‍ നടന്ന ആസൂത്രിതപദ്ധതിയാണ് ചന്ദ്രശേഖരന്റെ വധമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന സാമ്രാജ്യത്വ അജന്‍ഡയും ശക്തമാണ്. എല്‍ഡിഎഫ് തകരണമെങ്കില്‍ പ്രധാന കക്ഷിയായ സിപിഐ എമ്മിനെ ആക്രമിക്കണം. അതിന്റെ ഭാഗമാണ് ചന്ദ്രശേഖരന്റെ വധവും തുടര്‍ന്നുള്ള മാധ്യമ പ്രചാണങ്ങളും. ഇ പി പറഞ്ഞു.

deshabhimani 270612

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ എന്തു തെളിവാണ് ലഭിച്ചതെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഇരുവരുടെയും പങ്കാളിത്തം സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ വിശദീകരണം അവ്യക്തമായതിനാലാണ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ഈ നിര്‍ദേശം നല്‍കിയത്.

    ReplyDelete