Wednesday, June 20, 2012

ബദ്ധപ്പെട്ട് വിതരണം ചെയ്തവയില്‍ പിന്‍വലിച്ച പാഠഭാഗവും


വികസനവും കരുതലും വിദ്യാഭ്യാസ വാഗ്ദാനങ്ങളില്‍ പൊളിഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ വെട്ടിലായി. സ്കൂള്‍ തുറക്കും മുമ്പേ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം ലഭ്യമാക്കുമെന്ന അവകാശവാദവുമായി രംഗത്തുവന്നെങ്കിലും വിതരണം ചെയ്തത് വര്‍ഷങ്ങള്‍ പഴക്കമുള്ള പുസ്തകങ്ങള്‍. ഇതില്‍ തങ്ങള്‍തന്നെ മുറവിളികൂട്ടി പിന്‍വലിപ്പിച്ച പുസ്തകമാണെന്നതും അധികൃതര്‍ അറിഞ്ഞില്ല. 2008-ല്‍ ഏഴാംക്ലാസ് സാമൂഹ്യപാഠപുസ്തകത്തില്‍ "മതമില്ലാത്ത ജീവന്‍"എന്ന അധ്യായമാണ് വീണ്ടും വിതരണത്തിനെത്തിയ പുസ്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അന്ന് മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണത്തെ തുടര്‍ന്ന് പുസ്തകം പിന്‍വലിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ ഉപജില്ലയിലെ ചില സ്കൂളുകളിലാണ് വീണ്ടും ഈ വിഷയം ഉള്‍പ്പെടുന്ന പുസ്തകം വിതരണം ചെയ്തത്. പ്രശ്നം വിവാദമായതിനെത്തുടര്‍ന്ന് പുസ്തകം പിന്‍വലിച്ചു.

"മതമില്ലാത്ത ജീവന്‍" എന്ന പാഠഭാഗമുള്ള പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഭരണത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ചേര്‍ന്നുനടത്തിയ അക്രമം കേരളം മറന്നിട്ടില്ല. മലപ്പുറത്ത് അധ്യാപകനെ ചവിട്ടിക്കൊല്ലുകയും മറ്റൊരു അധ്യാപകനെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. അധ്യാപകനെ കൊന്നതിന് സാക്ഷി പറയാനെത്തുന്നവരെ വകവരുത്തുമെന്നുവരെ ലീഗ്നേതാവ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പാഠപുസ്തകങ്ങള്‍ കൂട്ടത്തോടെ കത്തിച്ച് മുസ്ലിംലീഗ് അവരുടെ സംസ്കാരവും അന്ന് കേരളത്തിന് കാണിച്ചുകൊടുത്തു. ഇത്രയൊക്കെ വിവാദങ്ങളുണ്ടാക്കിയ ഈ പുസ്തകം എവിടെയാണ് സൂക്ഷിച്ചതെന്നോ, ഏതാണ് വിതരണത്തിനെടുത്തതെന്നോ നോക്കാതെ പാഠപുസ്തകവിതരണം കാര്യക്ഷമമാണെന്നു തെളിയിക്കാന്‍ ലീഗ്നേതാക്കള്‍ കാട്ടിയ തിടുക്കമാണ് ഈ അവസ്ഥയ്ക്കിടയായത്.

ഇരുമ്പലാശേരി എയുപി സ്കൂളില്‍ വിതരണം ചെയ്ത പുസ്തകത്തിലാണ് ഈ പാഠഭാഗം ആദ്യം കണ്ടെത്തിയത്. അധ്യാപകര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് പുസ്തകം ഉടന്‍ തന്നെ ഓഫീസിലെത്തിക്കാന്‍ എഇഒ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. "മതമില്ലാത്ത ജീവന്‍" മുമ്പ് വിവാദമായതിനെത്തുടര്‍ന്ന് അത് "വിശ്വാസത്തിന്റെ സ്വാതന്ത്ര്യം" എന്ന പേരില്‍ മാറ്റിയിരുന്നു. സ്കൂള്‍പാഠ്യപദ്ധതിയുടെ രൂപകല്‍പ്പനയില്‍ കൃത്യമായ നിലപാടില്ലാത്തതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് വെളിപ്പെടുത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍. മുമ്പ് പിന്‍വലിച്ച പാഠഭാഗം ഉള്‍പ്പെട്ട പുസ്തകം വീണ്ടും എങ്ങനെ വിതരണത്തിനെത്തിയെന്ന് അറിയില്ലെന്ന് അധികൃതര്‍ പറയുന്നു.. ബുക്ക്ഡിപ്പോകളില്‍നിന്ന് പലയിടങ്ങളിലേക്കും പുസ്തകം വിതരണം ചെയ്തിട്ടുള്ളതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇതേ പുസ്തകംതന്നെയാകും ലഭിക്കുക.

deshabhimani 200612

1 comment:

  1. സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും പാഠപുസ്തകങ്ങളിലെ പിഴവുകള്‍ അധ്യാപകരെ വലയ്ക്കുന്നു. കാലപ്പഴക്കംചെന്ന പുസ്തകങ്ങള്‍ പുതിയ ടെക്സ്റ്റ് ബുക്കുകള്‍ക്കൊപ്പം വിതരണം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് പാഠപുസ്തകം എത്തിച്ച് കൈയടി നേടാനുള്ള സര്‍ക്കാരിന്റെ അമിതാവേശമാണ് ഈ പ്രതിസന്ധിക്ക് വഴിവച്ചത്. മൂന്നാംക്ലാസിലെ ഇംഗ്ലീഷ്, നാലാംക്ലാസിലെ ഗണിതശാസ്ത്രം, ഏഴ്, എട്ട് ക്ലാസുകളിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലാണ് പലവിധത്തിലുള്ള പിശകുകള്‍ കടന്നുകൂടിയത്. 2009 മുതല്‍ 2012 വരെയുള്ള വിവിധ കാലയളവില്‍ അച്ചടിച്ച പുസ്തകങ്ങളാണ് സ്കൂളുകളില്‍ വിതരണം ചെയ്തത്. പാഠപുസ്തകങ്ങളില്‍ കാതലായ മാറ്റമില്ലെങ്കിലും മുന്‍വര്‍ഷത്തെ പിശകുകള്‍ തിരുത്തിയാണ് ഓരോവര്‍ഷവും പുസ്തകം അച്ചടിക്കുന്നത്. ഒരു ക്ലാസില്‍ത്തന്നെ വ്യത്യസ്ത കാലങ്ങളില്‍ അച്ചടിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്തതിനാല്‍ പല പാഠഭാഗങ്ങളിലും ഒട്ടേറെ വ്യത്യാസം കടന്നുകൂടിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് അനുകൂല സംഘടനകള്‍ വലിയ വിവാദമാക്കിയ "മതമില്ലാത്ത ജീവന്‍" പാഠപുസ്തകവും പല സ്കൂളുകളിലും വീണ്ടും വിതരണം ചെയ്്തിട്ടുണ്ട്. മലപ്പുറത്ത് ജെയിംസ് അഗസ്റ്റിന്‍ എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടത് ഈ വിവാദത്തിന്റെ മറപറ്റി ലീഗ് നടത്തിയ സമരത്തിലായിരുന്നു. പിന്നീട് സര്‍ക്കാര്‍ പാഠപുസ്തകം പിന്‍വലിച്ചു. ലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുമ്പോഴാണ് ഇതേ പാഠപുസ്തകം വീണ്ടും വിതരണത്തിനെത്തിയത്.

    ReplyDelete