Sunday, June 3, 2012

നെയ്യാറ്റിന്‍കരയില്‍ 80.1%

കേരളം ഉറ്റുനോക്കിയ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ 80.1 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. നേരിയ മഴയെത്തുടര്‍ന്ന് രാവിലെ പോളിങ് അല്‍പ്പനേരം മന്ദഗതിയിലായതൊഴിച്ചാല്‍ മുഴുവന്‍ സമയവും ബൂത്തുകള്‍ സജീവമായിരുന്നു. പോളിങ് സമയം കഴിഞ്ഞും ചിലയിടങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 80.3 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അതിയന്നൂര്‍ 80.8, കാരോട് 78.3, കുളത്തൂര്‍ 78.3, ചെങ്കല്‍ 80.5, തിരുപുറം 83.8 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ വോട്ടിങ് നിരക്ക്. തിരുപുറത്തെ 96-ാം ബൂത്ത്, കുളത്തൂരിലെ 104-ാം ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് അല്‍പ്പനേരം പോളിങ് തടസ്സപ്പെട്ടു. അത്താഴമംഗലം 33-ാം നമ്പര്‍ ബൂത്തില്‍ പോളിങ് സമയം അവസാനിച്ച് രണ്ടുമണിക്കൂറിനുശേഷമാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഇവിടെ ആകെയുള്ള 1525 വോട്ടര്‍മാരില്‍ 1303 പേര്‍ വോട്ട് രേഖപ്പെടുത്തി.

വോട്ടിങ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ തന്നെ മിക്കയിടങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തി. രാവിലെ പുരുഷവോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. പത്തുമുതല്‍ സ്ത്രീവോട്ടര്‍മാരുടെ തിരക്ക് വര്‍ധിച്ചു. പൊഴിയൂര്‍ ഉള്‍പ്പെടെ ചില മേഖലകളില്‍ രാവിലെ നേരിയ മഴ പെയ്തതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് മന്ദഗതിയിലായെങ്കിലും പിന്നീട് പോളിങ് വര്‍ധിച്ചു. മണ്ഡല പുനഃക്രമീകരണത്തിനുശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 2011ലെ പൊതുതെരഞ്ഞെടുപ്പില്‍ 71.15 ശതമാനം പേര്‍ വോട്ടുചെയ്തു. ഇക്കുറി 85,441 സ്ത്രീകളുള്‍പ്പെടെ 1,64,856 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 863 സര്‍വീസ് വോട്ടുകളാണ്. 1960ലെ 84.39 ശതമാനമാണ് മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ്. 2006ലെ 66.6 ശതമാനമാണ് ഏറ്റവും കുറവ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ് ലോറന്‍സ് കാരോട് പഞ്ചായത്തിലെ എറിച്ചെല്ലൂര്‍ എല്‍പിജിഎസില്‍ രാവിലെ ഏഴരയോടെ വോട്ടുചെയ്തു. കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ വോട്ടുണ്ടായിരുന്നില്ല.

deshabhimani 030612

1 comment:

  1. കേരളം ഉറ്റുനോക്കിയ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ 80.1 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. നേരിയ മഴയെത്തുടര്‍ന്ന് രാവിലെ പോളിങ് അല്‍പ്പനേരം മന്ദഗതിയിലായതൊഴിച്ചാല്‍ മുഴുവന്‍ സമയവും ബൂത്തുകള്‍ സജീവമായിരുന്നു. പോളിങ് സമയം കഴിഞ്ഞും ചിലയിടങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

    ReplyDelete