Tuesday, July 17, 2012

ആരോഗ്യകേന്ദ്രങ്ങള്‍ പാട്ടത്തിന്: സെക്രട്ടറി കുറിപ്പയച്ചത് മന്ത്രിയുടെ അറിവോടെ


ആദിവാസിമേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ പ്രതികരണം നുണയാണെന്നും ഇതോടെ വ്യക്തമായി. സംഭവം വിവാദമായപ്പോള്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചന വെളിപ്പെടുത്തുന്നു.

കര്‍ണാടകം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ തലവന്‍ ഉള്‍പ്പെടെയുള്ള സംഘം ഏപ്രിലില്‍ തലസ്ഥാനത്ത് എത്തി ചരടുവലി നടത്തിയിരുന്നു. ഏപ്രില്‍ 12ന് സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. യുഡിഎഫിന്റെ തലപ്പത്തിരിക്കുന്ന ചില നേതാക്കളുമായും രഹസ്യ ചര്‍ച്ച നടത്തി. പിന്നീടാണ് ഇവര്‍ നല്‍കിയ നിവേദനം തുടര്‍നടപടിക്കായി ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വകുപ്പ് സെക്രട്ടറിക്ക് അയച്ചത്. കര്‍ണാടകത്തില്‍ മുപ്പതും ആന്ധ്രയില്‍ ഒമ്പതും ഗ്രാമങ്ങളില്‍ സേവനം നടത്തുന്നുണ്ടെന്നാണ് ഈ സംഘടന നിവേദനത്തില്‍ അവകാശപ്പെട്ടത്. ഇവിടങ്ങളില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നും സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ പറയുന്നു.

എന്നാല്‍, അവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളോ സര്‍ക്കാര്‍ ആശുപത്രികളോ ഈ സംഘടനയ്ക്ക് കൈമാറിയതായി അവര്‍ അവകാശപ്പെടുന്നില്ല. മറിച്ച് ആദിവാസി ഊരുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നേ പറയുന്നുള്ളൂ. ഇങ്ങനെ ഏതെങ്കിലും സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആര്‍ക്കും തടസ്സമില്ലെന്നു മാത്രമല്ല വയനാട്ടിലും പാലക്കാട്ടും ഇടുക്കിയിലും ഉള്‍പ്പെടെ നൂറുകണക്കിനു സന്നദ്ധ സംഘടനകള്‍ ആദിവാസി ക്ഷേമത്തിനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതിനിടയിലാണ് സംസ്ഥാനത്തെ ആദിവാസിമേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇത്തരം സംഘടനകള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. വന്‍ കൊള്ളയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
(എം രഘുനാഥ്)

deshabhimani 170712

1 comment:

  1. ആദിവാസിമേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ പ്രതികരണം നുണയാണെന്നും ഇതോടെ വ്യക്തമായി. സംഭവം വിവാദമായപ്പോള്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചന വെളിപ്പെടുത്തുന്നു.

    ReplyDelete