Tuesday, September 18, 2012

തൃണമൂല്‍ യുപിഎ വിട്ടു;മന്ത്രിമാര്‍ രാജിവെക്കും


യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡീസല്‍ വിലവര്‍ധനവിലും ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപ തീരുമാനത്തിലും പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടു. പാര്‍ട്ടി മന്ത്രിമാര്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് രാജിക്കത്ത് നല്‍കും. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് തൃണമുല്‍. ഇവര്‍ വിട്ടതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമാകും എന്നാല്‍ എസ്പി, ബിഎസ് പി കക്ഷികള്‍ പുറത്തുനിന്ന് പിന്തുണക്കുന്നതിനാല്‍ തല്‍ക്കാലം ഭീഷണിയില്ല

കൊല്‍ക്കത്തയില്‍ പാര്‍ട്ടിയുടെ പാര്‍ലമെണ്ടറി പാര്‍ട്ടിയോഗത്തിനുശേഷം മമതാ ബാനര്‍ജിയാണ് തീരുമാനം പ്രഖ്യാപിച്ചത്. അന്തിമതീരുമാനമെടുക്കാന്‍ മമത ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസ് യോഗം നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. മുന്നണി മര്യാദകള്‍ തെല്ലും പാലിക്കാതെയാണ് കോണ്‍ഗ്രസ് പ്രര്‍ത്തിക്കുന്നതെന്ന് മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒന്നും തങ്ങളോട് ആലോചിക്കുന്നില്ല. തിരക്കിട്ട് തീരുമാനങ്ങള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയത് അവഗണിച്ചു. ഡീസല്‍വില ഭാഗികമായി കുറച്ചിട്ട് കാര്യമില്ല. ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപ തീരുമാനം വന്‍ദുരന്തം വരുത്തിവെക്കും. ഈ തീരുമാനങ്ങള്‍ക്കെതിരെ പാര്‍ട്ടി തെരുവിലിറങ്ങും. കൂടുതല്‍ കാര്യങ്ങള്‍ വെള്ളിയാഴ്ച പറയുമെന്നും മമത പറഞ്ഞു.

ഡീസല്‍ വിലക്കയറ്റവും ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപ അനുമതിയുമുള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ 72 മണിക്കൂര്‍ അന്ത്യശാസനം തിങ്കളാഴ്ച വൈകിട്ട് അവസാനിച്ച സാഹചര്യത്തിലാണ് അടുത്ത തീരുമാനത്തിനായി യോഗം ചേര്‍ന്നത്. അനുരഞ്ജന ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മമതയ്ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നെങ്കിലും മമത പ്രതികരിച്ചില്ല. തുടര്‍ന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച വീണ്ടും മമതയ്ക്ക് കത്തയച്ചിരുന്നു.

deshabhimani 190912

No comments:

Post a Comment