Tuesday, September 18, 2012

അഡ്വ. കേളുനമ്പ്യാര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി


ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ടി പി കേളുനമ്പ്യാര്‍ക്ക് ആയിരങ്ങളുടെ വിട. ഞായറാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്ച പകല്‍ ഒന്നോടെ രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു. നിയമ-രാഷ്ട്രീയ രംഗത്തും നിയമ അധ്യാപകനായും ശ്രദ്ധേനായിരുന്ന കേളുനമ്പ്യാരുടെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരടക്കം നിരവധി പേര്‍ എത്തി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉറ്റസുഹൃത്തിന്റെ മൃതദേഹം അവസാനമായി കാണാന്‍ എത്തിയത് വികാരപരമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു. കേളുനമ്പ്യാരുടെ വിയോഗം കൃഷ്ണയ്യരെ ഞായറാഴ്ച അറിയിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അത്മസുഹൃത്തിനെ അവസാനമായിക്കാണാന്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്വന്തം ആരോഗ്യസ്ഥിതി മറന്ന് എത്തിയത്. മൃതദേഹം കണ്ട് അദ്ദേഹം വിതുമ്പി. തുടര്‍ന്ന് അദ്ദേഹം കേളുനമ്പ്യാരുടെ ഭാര്യ ഡോ. ഹേമലതയുടെയും മക്കളുടെയും അരികിലെത്തി അവരെ ആശ്വസിപ്പിച്ചു.

സിപിഐ എം ജില്ലാകമ്മറ്റിക്കുവേണ്ടി സെക്രട്ടറി എം വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം ലോറന്‍സ്, പി രാജീവ് എംപി എന്നിവര്‍ ചേര്‍ന്ന് അന്ത്യോപചാരം അര്‍പ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മനുഷ്യവകാശ കമീഷന്‍ ചെയര്‍മാന്‍ ജെ ബി കോശി, എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹ്നാന്‍, ജെഎസ്എസ് നേതാവ് എ എന്‍ രാജന്‍ബാബു, പ്രൊഫ. എം കെ സാനു, ജസ്റ്റിസ് സിറിയക് ജോസഫ്, അഡ്വ. എം കെ ദാമോദരന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ജഡ്ജിമാര്‍, അഭിഭാഷകര്‍, നിയമവിദഗ്ധര്‍, നിയമവിദ്യാര്‍ഥികള്‍, ഉള്‍പ്പെടെ കൊച്ചിയിലെ നിയമലോകം മുഴുവന്‍ കേളുനമ്പ്യാരുടെ മൃതദേഹം അവസാനമായി കാണാനായി എത്തി. കേളുനമ്പ്യാരുടെ നിര്യാണത്തില്‍ കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. സി ശ്രീധരന്‍നായരും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി യൂണിറ്റും അനുശോചിച്ചു.

കേരളം കാതോര്‍ത്തിരുന്ന ശബ്ദം

നിയമപ്രശ്നങ്ങളില്‍ കേരളം കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു കേളു നമ്പ്യാരുടേത്. നിയമത്തിന്റെയും ഭരണഘടനയുടെയും സങ്കീര്‍ണമായ പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. താന്‍ ഇടപെടേണ്ട പ്രശ്നങ്ങളില്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തി പ്രതികരിക്കാനും ഇദ്ദേഹം തയ്യാറായിരുന്നു. ഇരട്ടപ്പദവി, ലാവ്ലിന്‍, ജഡ്ജി കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കെ സുധാകരന്‍ എംപിയുടെ വെളിപ്പെടുത്തല്‍ എന്നീ പ്രശ്നങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. കൊച്ചിയെ പ്രതിസന്ധിയിലാക്കിയ വെള്ളക്കെട്ടുപോലുള്ള പ്രശ്നങ്ങളില്‍പ്പോലും മുഖ്യമന്ത്രിക്ക് കത്തെഴുതിയും അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന ഇടപെടല്‍ നടത്തി നമ്പ്യാര്‍ നഗരത്തിന്റെ കാവലാളായി.

1961 മുതല്‍ എറണാകുളം ലോ കോളേജില്‍ വിസിറ്റിങ് ഫാക്കല്‍റ്റി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, തമ്പാന്‍ തോമസ് തുടങ്ങിയവര്‍ നമ്പ്യാരുടെ വിദ്യാര്‍ഥികളായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ പതിവ് ചായകൂടി സമയമായിട്ടും എണീറ്റു വരാത്തതിനെത്തുടര്‍ന്ന് മരുമകള്‍ ചെന്നുനോക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് മജ്ജുള ചെല്ലൂര്‍ മന്ത്രിമാരായ കെ ബാബു, കെ സി ജോസഫ്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എംഎല്‍എ, ജസ്റ്റിസുമാരായ പി കെ ഷംസുദ്ദീന്‍, കെ നാരായണക്കുറുപ്പ്, അഡ്വ. എം കെ ദാമോദരന്‍, ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, പ്രൊഫ. എം അച്യുതന്‍ തുടങ്ങി ഒട്ടേറെ പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

കണ്ണൂരിന് അഭിമാനമായി നിയമത്തിന്റെ അഗ്രഗാമി

കണ്ണൂരിലെ പുഴാതി ഗ്രാമത്തില്‍നിന്ന് ഇന്ത്യയോളം വളര്‍ന്ന നിയമജ്ഞനായിരുന്നു അഡ്വ. ടി പി കേളു നമ്പ്യാര്‍. പുഴാതിയിലെ തവറൂല്‍ പുതിയേടത്ത് തറവാട്ടിലായിരുന്നു ജനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഊട്ടി, മംഗളൂരു സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് എന്നിവിടങ്ങളില്‍ പഠിച്ചു. നിയമബിരുദം നേടുന്നതിന് മുമ്പ് അല്‍പകാലം അധ്യാപക ജോലിയും ചെയ്തു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ 1950-51 കാലയളവിലാണ് അധ്യാപക കുപ്പായമണിയുന്നത്. 1953ല്‍ മദ്രാസ് ലോഅക്കാദമിയില്‍നിന്നാണ് നിയമബിരുദം നേടിയത്. അഡ്വ. കെ പി രാഘവപൊതുവാള്‍ സഹപാഠിയായിരുന്നു. ഭാര്യ കുഞ്ഞിമംഗലത്തെ ഡോ. കെ ഹേമലതയുടെ അച്ഛനും പ്രമുഖ അഭിഭാഷകനുമായ ആയില്യത്ത് അച്യുതന്‍ നമ്പ്യാരുടെ കീഴില്‍ 54-ല്‍ പ്രാക്ടീസാരംഭിച്ചു. ചുരുങ്ങിയ കാലത്തിനിടെ അഭിഭാഷകനെന്ന നിലയില്‍ കേളു നമ്പ്യാര്‍ ശ്രദ്ധനേടി. സംസ്ഥാന രൂപീകരണത്തിന് പിന്നാലെ 56-ല്‍ കേരള ഹൈക്കോടതി സ്ഥാപിക്കപ്പെട്ടതോടെ അച്യുതന്‍ നമ്പ്യാരും കേളു നമ്പ്യാരും പ്രവര്‍ത്തനമേഖല എറണാകുളത്തേക്ക് മാറ്റി. ഭരണഘടനാവിദഗ്ധനെന്ന നിലയിലും സിവില്‍ അഭിഭാഷകനെന്ന നിലയിലും കേളു നമ്പ്യാര്‍ തിളങ്ങുന്നത് ഇതിനുശേഷമാണ്.

ഭരണഘടനയിലും നിയമവ്യാഖ്യാനങ്ങളിലുമുള്ള അവഗാഹവും പഴുതുകളില്ലാത്ത വാദമുഖങ്ങളുമാണ് ഉന്നതരായ അഭിഭാഷകരുടെ നിരയിലേക്ക് കേളു നമ്പ്യാരെ എത്തിച്ചത്. ശ്രദ്ധേയമായ വാദമുഖങ്ങളിലുടെ പ്രമാദമായ കേസുകളില്‍ കേളു നമ്പ്യാര്‍ അനുകൂല വിധി സമ്പാദിച്ചു. ഇതോടെ നിയമരംഗത്ത് കേളു നമ്പ്യാരുടെ വാദമുഖങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇടതുപക്ഷ നേതാക്കളുമായി, പ്രത്യേകിച്ച് കണ്ണൂരിലെ ജനനേതാക്കളുമായി ഇഴയടുപ്പമുള്ള ബന്ധമുണ്ടായിരുന്നു കേളു നമ്പ്യാര്‍ക്ക്. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രമാദമായ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത് ഇദ്ദേഹമായിരുന്നു. സര്‍ക്കാരിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ച ഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസ് ഏറ്റെടുത്തത്. കേളു നമ്പ്യാരുടെ വാദം അംഗീകരിച്ച ഹൈക്കോടതി പിന്നീട് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

ചങ്കുറപ്പിന്റെ ആള്‍രൂപം

""ഈ കേസില്‍ ഇനിമുതല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരാകുന്നത് ഞാനാണ്. അഡ്വക്കറ്റ് കേളുനമ്പ്യാര്‍"". ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ഈ വാക്കുയര്‍ന്നപ്പോള്‍ കോടതിമുറിയില്‍ ഉണ്ടായിരുന്നവരെല്ലാം ആ ശബ്ദമന്വേഷിച്ചു. കറുത്ത കോട്ടിട്ട് കൂസലില്ലായ്മയുടെ ആള്‍രൂപംപോലെ കേളുനമ്പ്യാര്‍ തുടര്‍ന്നു: ""ഈ സ്റ്റേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവായ എന്റെ കക്ഷിക്ക് ഇരിക്കാന്‍ ഒരു കസേരകൂടി നല്‍കാതെ നാലും അഞ്ചും മണിക്കൂര്‍ കോടതിമുറിയില്‍ നിര്‍ത്തുന്നത് കോടതിക്കും നീതിന്യായസംവിധാനത്തിനും ചീത്തപ്പേരുണ്ടാക്കും""- മൂര്‍ച്ചയേറിയ വാക്കുകള്‍ പിന്നെയുമുണ്ടായി. ഒടുവില്‍ ചീഫ് സെക്രട്ടറിക്ക് കസേരയുമെത്തി. ടി പി കേളുനമ്പ്യാര്‍ എന്ന ടി പി കെ നമ്പ്യാര്‍ കോടതിമുറിയില്‍ വ്യത്യസ്തനായത് ഈ ചങ്കുറപ്പുകൊണ്ടാണ്. പ്രമുഖരുടെ പട്ടികയിലേക്ക് നടന്നുകയറിയ അദ്ദേഹത്തിന്റെ കഴിഞ്ഞകാലം അനുഭവങ്ങളാല്‍ സമ്പന്നം. കോടതിമുറിയില്‍ ഉരുകിയൊലിച്ച ആ ചീഫ് സെക്രട്ടറി എം മോഹന്‍കുമാറാണ്. അന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍. കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതിനിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ പാലിച്ചില്ലെന്ന ഹര്‍ജിയെത്തുടര്‍ന്നായിരുന്നു കേസ്. ""നിങ്ങള്‍ക്കുമുമ്പു വാദിച്ച വക്കീല്‍ ഇങ്ങനെ ഒരു ന്യായം ഉന്നയിച്ചില്ലല്ലോ?""- കേളുനമ്പ്യാരുടെ വാദത്തോട് ജഡ്ജിമാര്‍ പ്രതികരിച്ചത്് ഇങ്ങനെയായിരുന്നു. ""അത് അദ്ദേഹത്തിന്റെ കാര്യം. ഞാന്‍ വാദിക്കുമ്പോള്‍ മാന്യനായ എന്റെ കക്ഷിക്ക് ആവശ്യമായ പരിഗണന നല്‍കണം. ബഹുമാന്യരായ ജഡ്ജസിന്റെ ചേംബറിനെക്കാളും സൗകര്യമുള്ള എയര്‍കണ്ടീഷന്‍ചെയ്ത ചേംബര്‍ ഹാളിലാണ് തിരുവനന്തപുരത്ത് അദ്ദേഹം ഇരിക്കുന്നത്""- ബൂമറാങ്പോലെ കേളുനമ്പ്യാര്‍ തിരിച്ചടിച്ചു. ചീഫ് സെക്രട്ടറിക്ക് ഇരിക്കാന്‍ കസേര പറന്നെത്തിയത് തുടര്‍ന്നാണ്. ഉച്ചഭക്ഷണത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ മോഹന്‍കുമാര്‍ തന്റെ അഭിഭാഷകന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു: ""മിസ്റ്റര്‍ കേളുനമ്പ്യാര്‍, ഞാന്‍ ഈ ജീവിതകാലം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. സൂപ്പര്‍ താരങ്ങള്‍ വക്കീല്‍കോട്ടണിഞ്ഞ് കാഴ്ചക്കാരെ "പൊറുതിമുട്ടിക്കുന്" സിനിമയിലെ രംഗങ്ങളെ വെറുത്തിരുന്ന കേളുനമ്പ്യാര്‍ നിയമത്തെ ആരാധിക്കുന്നവര്‍ക്ക് യഥാര്‍ഥ ഹീറോയായിരുന്നു.

അരനൂറ്റാണ്ടിലേറേ നീണ്ട അഭിഭാഷകജീവിതം. കഠിനാധ്വാനവും നിയമത്തിലുള്ള അഗാധ പരിജ്ഞാനവും ഒപ്പം അഭിഭാഷകനുവേണ്ട ഏറ്റവും വലിയ ഗുണമെന്ന് താന്‍ വിശ്വസിക്കുന്നധൈര്യവും കൈമുതലായുള്ള ജീവിതയാത്ര പിന്നിട്ട വഴികള്‍ നിയമജ്ഞരാകാന്‍ കൊതിക്കുന്ന ഏതൊരാള്‍ക്കും എഞ്ചുവടിയാണ്. ഐക്യകേരളപ്പിറവിക്കുശേഷം ഹൈക്കോടതി എറണാകുളത്തേക്കു മാറിയപ്പോഴാണ് ഒരുകൂട്ടം വക്കീല്‍മാര്‍ക്കൊപ്പം നമ്പ്യാര്‍ കൊച്ചിയിലേക്ക് താമസംമാറ്റിയത്. പിന്നീട് ചരിത്രത്തില്‍ ഇടംപിടിച്ച ഒരുപാട് കേസുകള്‍, വിധികള്‍ ഇവയോടൊപ്പം നമ്പ്യാര്‍ എന്ന പേരും തെളിഞ്ഞുനിന്നു. നിരവധി സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. കൊച്ചി ലോ കോളേജില്‍ 1961 മുതല്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായി. കാല്‍നൂറ്റാണ്ടോളം അഭിഭാഷകരുടെ അച്ചടക്കസമിതി അധ്യക്ഷനുമായിരുന്നു. ""ഉദാരസമീപനമായിരുന്നു ഡിസിപ്ലിന്‍ കമ്മിറ്റിയുടേത്. എന്നിട്ടും കുറേപ്പേരെ ശിക്ഷിക്കേണ്ടിവന്നിട്ടുണ്ട്""- അക്കാലത്തെക്കുറിച്ച് നമ്പ്യാര്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെ.

അഭിഭാഷകജീവിതത്തില്‍ തന്റെ അധ്യാപകന്‍ കെ രൈരുനായരോടായിരുന്നു നമ്പ്യാര്‍ക്ക് കടപ്പാട്. മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് ബിഎ നേടിയ നമ്പ്യാര്‍ തുടര്‍ന്ന് ചിറയ്ക്കല്‍ പുഴാതി ഗ്രാമത്തിലെ ചിറയ്ക്കല്‍ മഹാരാജാസ് ഹൈസ്കൂളില്‍ 82 രൂപയ്ക്ക് ഫോര്‍ത്ത്ഫോറം ക്ലാസ്ടീച്ചറായാണ് ആദ്യം ജോലിയില്‍ കയറിയത്. ഇക്കാലത്ത് ഒരിക്കല്‍ വഴിയില്‍വച്ചു കണ്ടപ്പോള്‍ രൈരുനായര്‍ നമ്പ്യാരോട് പറഞ്ഞു: ""എത്രയും പെട്ടെന്ന് ജോലി വിട്ടിട്ടുപോവുക. നിങ്ങള്‍ക്കു ചേര്‍ന്നത് നിയമമാണ്. അല്ലെങ്കില്‍ ഈ ഗ്രാമത്തില്‍ കുടുങ്ങിപ്പോകും"". ഈ വാക്കുകള്‍ നമ്പ്യാര്‍ക്ക് പ്രേരണയായി. കേരളത്തിന് പ്രഗത്ഭനായ ഒരു നിയമജ്ഞനെയും ലഭിച്ചു. അനുഭവങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും എന്തുകൊണ്ട് ആത്മകഥ എഴുതുന്നില്ലെന്ന ചോദ്യത്തോട് ""ഇല്ല, അത്മപ്രശംസയില്‍ അഡ്വ. ടി പി കെ നമ്പ്യാര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല."" എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

നിയമലോകത്തിന് തീരാനഷ്ടം: എം എം ലോറന്‍സ്

നിയമലോകത്തിനും അഭിഭാഷകര്‍ക്കും അഡ്വ. ടി പി കേളുനമ്പ്യാരുടെ വിയോഗം തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. പ്രഗല്ഭനായ അഭിഭാഷകനെയാണ് നഷ്ടമായത്. കേളുനമ്പ്യാരുമായി ദീര്‍ഘകാലത്തെ ബന്ധമാണ് ഉണ്ടായിരുന്നത്. 1975ല്‍ അടിയന്താരവസ്ഥയ്ക്ക് തൊട്ടുമുമ്പാണ് പരിചയപ്പെടുന്നത്. എ കെ ജിയുടെ ബന്ധുവായിരുന്ന കേളുനമ്പ്യാര്‍ എ കെ ജിയെയും ഭാര്യ സുശീലയെയും എന്നെയും ഊണിനു ക്ഷണിച്ചു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അതിനുശേഷം പല കേസുകളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. ഭരണഘടനാ വിദഗ്ധനായതുകൊണ്ടുതന്നെ നിരവധി പ്രശ്നങ്ങളില്‍ കേളുനമ്പ്യാരുടെ ഉപദേശം തേടി. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ശിഷ്യരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ലോറന്‍സ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

deshabhimani 180912

1 comment:

  1. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ടി പി കേളുനമ്പ്യാര്‍ക്ക് ആയിരങ്ങളുടെ വിട.

    ReplyDelete