Sunday, July 15, 2012

ആദിവാസി മേഖലകളിലെ ആശുപത്രികള്‍ പാട്ടത്തിന്


സംസ്ഥാനത്തെ ആദിവാസിമേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ കുറിപ്പ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തു. ആദിവാസിമേഖലയില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും മറ്റും ലഭിക്കുന്ന കോടിക്കണക്കിന് രൂപ സന്നദ്ധസംഘടനകളുടെ മറവില്‍ തട്ടിയെടുക്കാനുള്ള ഗൂഢതന്ത്രമാണ് തീരുമാനത്തിനുപിന്നില്‍.

ആദിവാസിമേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനസൗകര്യം ഒരുക്കാനും ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനും സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് സന്നദ്ധസംഘടനകള്‍ക്ക് ആശുപത്രികള്‍ കൈമാറാന്‍ ആലോചിക്കുന്നതെന്ന് വകുപ്പ് സെക്രട്ടറിയുടെ കുറിപ്പില്‍ പറയുന്നു. കര്‍ണാടകം, ഗുജറാത്ത് മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി വയനാട്, പാലക്കാട് ജില്ലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വിശദാംശം അറിയിക്കണമെന്നും സെക്രട്ടറി നിര്‍ദേശിച്ചു. ആരോഗ്യമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനത്തിന് പിന്നില്‍ യുഡിഎഫിന്റെ സ്വകാര്യവല്‍ക്കരണനയമാണെന്ന് വ്യക്തമാണ്. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ നേരിട്ട് ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടുന്ന മേഖലയാണ് ആദിവാസിമേഖല. പോഷകാഹാരക്കുറവും മതിയായ ചികിത്സ ലഭിക്കാത്തതും കാരണം "സിക്കിള്‍സെല്‍ അനീമിയ" ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കടിപെട്ട് പല ആദിവാസിവംശങ്ങളും നാശത്തിലേക്ക് നീങ്ങുന്ന പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ ജനവിഭാഗത്തെ സംരക്ഷിക്കുന്നതിന് പകരം അവരെ കൈയൊഴിയാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ആദിവാസികളുടെ സംരക്ഷണത്തിന് പ്രതിവര്‍ഷം സംസ്ഥാനത്ത് 20-25 കോടി രൂപ ചെലവഴിക്കുന്നുണ്ട്. സര്‍ക്കാര്‍ നേരിട്ട് ചെലവഴിച്ചിട്ടുപോലും ഈ തുക ഗുണപരമായി വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇത് അപ്പാടെ സ്വകാര്യമേഖലയ്ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്നത്.

പഞ്ചായത്തീരാജ് നിയമപ്രകാരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയതാണ്. ഈ ആശുപത്രികള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുന്നതിനുമുമ്പ് തദ്ദേശഭരണവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി കൂടിയാലോചന നടത്തേണ്ടതുണ്ട്. തദ്ദേശഭരണവകുപ്പിന്റെകൂടി സമ്മതത്തോടെ മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നിരിക്കെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കുറിപ്പയച്ചത്. മന്ത്രിയുമായി ആലോചിക്കാതെ നയപരമായ തീരുമാനം ആവശ്യമായ വിഷയത്തില്‍ ഒരു സെക്രട്ടറിയും കുറിപ്പയക്കില്ല. യുഡിഎഫ് അധികാരത്തില്‍വന്ന ഘട്ടങ്ങളിലൊക്കെ ആരോഗ്യമേഖലയില്‍ നടപ്പാക്കാന്‍ ശ്രമിച്ച സ്വകാര്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെയും കാണാന്‍ കഴിയൂ.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടന്ന ആഗോള നിക്ഷേപകസംഗമത്തില്‍ (ജിം) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ പൂജപ്പുര പഞ്ചകര്‍മ ആശുപത്രി വില്‍ക്കാന്‍ നടത്തിയ നീക്കം ബഹുജനസമരത്തെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്.

ആദിവാസി സ്ത്രീ ചികിത്സകിട്ടാതെ മരിച്ചു

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു. പുതൂര്‍ പഞ്ചായത്ത് ഉമ്മത്താമ്പടി ഊരിലെ രങ്കി(80)യാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. അഗളി പിഎച്ച്സിയില്‍ എത്തിച്ചെങ്കിലും ഡോക്ടറില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

deshabhimani 160712

3 comments:

  1. സംസ്ഥാനത്തെ ആദിവാസിമേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ കുറിപ്പ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തു. ആദിവാസിമേഖലയില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും മറ്റും ലഭിക്കുന്ന കോടിക്കണക്കിന് രൂപ സന്നദ്ധസംഘടനകളുടെ മറവില്‍ തട്ടിയെടുക്കാനുള്ള ഗൂഢതന്ത്രമാണ് തീരുമാനത്തിനുപിന്നില്‍.

    ReplyDelete
  2. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്‍ജിഒകള്‍ക്ക് പാട്ടത്തിനു കൈമാറാനുള്ള സര്‍ക്കാര്‍നീക്കം ആരോഗ്യമേഖലയെ തകര്‍ക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വയനാട്, പാലക്കാട് ആദിവാസിമേഖലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്‍ജിഒകള്‍ക്ക് കൈമാറാനുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ചത്. കൈമാറ്റത്തിനായി ഈ മേഖലയിലെ പിഎച്ച്സികളുടെ പട്ടിക ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ത്തന്നെ ചികിത്സാച്ചെലവ് പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാനാകാത്തതാണ്. സര്‍ക്കാര്‍ പിന്‍വാങ്ങിയാല്‍ ചികിത്സാച്ചെലവ് എത്രയോ ഇരട്ടിയാകും. സര്‍ക്കാര്‍ പിന്മാറി, ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്ക് തീറെഴുതുക എന്നത് നവലിബറല്‍ സാമ്പത്തികനയത്തിന്റെ ഭാഗമാണ്. ഇതിന്റെ ആദ്യപടിയായി വേണം യുഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തെ കാണേണ്ടത്. സര്‍ക്കാര്‍ ഉന്നതതലത്തില്‍ ആലോചന നടത്താതെ ആരോഗ്യ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കില്ല. സര്‍ക്കാര്‍ ആശുപത്രികളെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും സംരക്ഷിക്കുകയും വികസിപ്പിക്കുകയുമാണ് ജനങ്ങളുടെ ആരോഗ്യപരിരക്ഷയ്ക്ക് ആവശ്യം. അതിനു വിരുദ്ധമായ സര്‍ക്കാര്‍നീക്കത്തില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാ ജനവിഭാഗങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

    ReplyDelete
  3. സഖാവെ
    ഒരു ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നതിനെ കുറിച്ച് കേരളത്തിലെ ചില വ്യവസായികള്‍ സംസാരിക്കുകയാണ്.
    എല്ലാവരും ഭീമന്മാര്‍ തന്നെ..
    മെഡിക്കല്‍ ഇന്‍ഷുറന്‍സ് കേരളത്തില്‍ അത്ര ശക്തം അല്ലല്ലോ..
    ഇവിടെ ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങിയാലോ എന്നാ ചോദ്യത്തിന്
    ഒരു ഭീമന്‍ വ്യവസായിയുടെ പൊട്ടിതെറി ഇപ്രകാരം ആയിരുന്നു..
    "സര്‍ക്കാര്‍ മേഖലയില്‍ ഉള്ള ഈ നശിച്ച ആശുപത്രികളും
    മെഡിക്കല്‍ കോളെജുകളും നിര്‍ത്തലാക്കാതെ കേരളത്തില്‍ ഈ വ്യവസായം പച്ച തൊടില്ല ..
    വേറെ കാര്യം പറയൂ എന്ന് "
    വിഷമികേണ്ട..അധികം താമസിയാതെ ഇതിനെ പൂട്ടി കെട്ടി കയ്യില്‍ തന്നോളും ഈ സര്‍ക്കാര്‍..
    ഇപ്പോള്‍ അമേരിക്കയില്‍ ഒക്കെ ഇന്‍ഷുറന്‍സ് ഇല്ലാത്തവരെ ആശുപത്രികള്‍ അഡമിറ്റ് ചെയ്യുക പോലും ഇല്ല..
    അവര്‍ക്കതിനു ബാധ്യത ഇല്ല
    രോഗി മരിക്കുകയും പണം കിട്ടാതെ ഇരിക്കുകയും ചെയ്താലോ
    അത് കൊണ്ട് അആലെ അകത്തു കയറ്റത്തില്ല..ഇന്‍ഷുറന്‍സ് കമ്പനികളുടെ ദുര്‍ ഭരണം ആണ് അവിടെ നടക്കുന്നത്
    പൊതു വെസ്റ്റിലെ എല്ലാ രാജ്യങ്ങളിലും അതാണ്‌ സ്ഥിതി..
    അവിടെ എല്ലാം ഒരു നിലക്ക് ആക്കി അവര്‍ക്ക് ഭാരതത്തില്‍ ചുവടു ഉറപ്പിക്കാന്‍ കഴിഞ്ഞു..
    എന്നാല്‍ അങ്ങ് വേണ്ടത്ര വളരുന്നില്ല..ഈ കൊച്ചു കേരളത്തില്‍
    അതിനു കാരണം ഈ സര്‍ക്കാര്‍ ആശുപതിരികളുടെ നീണ്ട ഒരു ചങ്ങല ആണ്..
    അതിനെ ആസിഡില്‍ ഇട്ടു അലിയിച്ചു കളഞ്ഞോളും ഈ കോണ്‍ഗ്രെസ് സര്‍ക്കാര്‍
    ..സംശയം വേണ്ട

    ReplyDelete