Thursday, November 17, 2011

പദ്ധതി സമീപനരേഖയില്‍ വനിതാശാക്തീകരണനയം വേണം

കേരളത്തില്‍ തുടരുന്ന കര്‍ഷക ആത്മഹത്യകള്‍ കണക്കിലെടുത്ത് 12-ാം പഞ്ചവത്സരനയ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം. വനിതാശാക്തീകരണം സംബന്ധിച്ച് തികഞ്ഞ മൗനം പാലിക്കുന്ന സമീപനരേഖയില്‍ ഇതും വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. 12-ാം പദ്ധതി സമീപനരേഖ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ഇവയടക്കം നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. ലോക സാമ്പത്തികപ്രതിസന്ധി വിദേശ മലയാളികളുടെ വരുമാനത്തില്‍ ഉണ്ടാക്കുന്ന കുറവ്, കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്നിവയും സമീപനരേഖ കണക്കിലെടുക്കണം. ഒരു പ്രത്യേക സാമ്പത്തിക മാതൃക വെല്ലുവിളിക്കപ്പെടുന്ന ലോകസാഹചര്യമാണ് നിലവിലുള്ളത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ച്ച, രാസവള വിലവര്‍ധന എന്നിവയും കണക്കിലെടുക്കണം. സ്വാശ്രയകോളേജുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം എന്‍ജിനിയറിങ് കോളേജുകളിലെ ഫലം കൂടി കണക്കിലെടുക്കണം.

തോട്ടം മേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പശ്ചിമഘട്ടത്തിനുണ്ടാക്കുന്ന പ്രത്യാഘാതം സംബന്ധിച്ചും പഠിക്കണം. മണ്ണും വെള്ളവും മാലിന്യവും കൈകാര്യംചെയ്യുന്നതില്‍ വ്യക്തമായ സമീപനം രൂപീകരിക്കണം. വര്‍ഷംതോറും പ്രത്യക്ഷപ്പെടുന്ന പുതിയ രോഗങ്ങള്‍ സമൂഹത്തിന് ഉണ്ടാക്കുന്ന ഭീഷണി ഗൗരവമായി കാണണം. മാലിന്യസംസ്കരണമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണവും പുതിയ പ്രശ്നമാണ്. ഇവ നേരിടുന്നതു സംബന്ധിച്ചും വ്യക്തമായ സമീപനം രേഖയിലുണ്ടാകണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ സി ജോസഫ്, കെ എം മാണി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി പി ചന്ദ്രശേഖര്‍ , അംഗങ്ങളായ ജി വിജയരാഘവന്‍ , സി പി ജോണ്‍ എന്നിവരെ കൂടാതെ വിവിധ മാധ്യമങ്ങളെ പ്രതിനിധാനംചെയ്ത് തോമസ് ജേക്കബ്, ബിനോയ് വിശ്വം, ഒ അബ്ദുറഹ്മാന്‍ , സി എല്‍ തോമസ്, കെ ജി മുരളീധരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 171111

1 comment:

  1. കേരളത്തില്‍ തുടരുന്ന കര്‍ഷക ആത്മഹത്യകള്‍ കണക്കിലെടുത്ത് 12-ാം പഞ്ചവത്സരനയ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം. വനിതാശാക്തീകരണം സംബന്ധിച്ച് തികഞ്ഞ മൗനം പാലിക്കുന്ന സമീപനരേഖയില്‍ ഇതും വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. 12-ാം പദ്ധതി സമീപനരേഖ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ഇവയടക്കം നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

    ReplyDelete