Tuesday, March 26, 2013

ഗോതമ്പ് കയറ്റുമതി: സര്‍ക്കാരിന് നഷ്ടം 1700 കോടി


സബ്സിഡി നിരക്കില്‍ ഗോതമ്പ് കയറ്റുമതി ചെയ്തതിലൂടെ കേന്ദ്രത്തിനുണ്ടായ നഷ്ടം 1,700 കോടി രൂപ. കേന്ദ്രപൂളില്‍ ഗോതമ്പ് കെട്ടിക്കിടന്ന് നശിക്കുന്നെന്ന് കാണിച്ചാണ് കുറഞ്ഞ വിലയ്ക്ക് കയറ്റി അയക്കുന്നത്. പൊതുവിതരണശൃംഖല വഴി സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം വിതരണംചെയ്യാത്ത കേന്ദ്രസര്‍ക്കാരാണ് നഷ്ടം സഹിച്ചും കയറ്റുമതി തുടരുന്നത്. സബ്സിഡി നിരക്കില്‍ ദരിദ്രജനതയ്ക്ക് യഥാസമയം വിതരണം ചെയ്യാത്തതാണ് കേന്ദ്രപൂളില്‍ ഭക്ഷ്യധാന്യം കുന്നുകൂടാന്‍ കാരണം. ഇത് മറച്ചുവച്ചാണ് കയറ്റുമതി. ഇതിന് പ്രത്യേക സബ്സിഡിയും അനുവദിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ ഗോതമ്പ് വില ഇന്ത്യയിലേക്കാള്‍ കുറവാണെന്ന ന്യായം പറഞ്ഞാണ് കയറ്റുമതിക്ക് സബ്സിഡി അനുവദിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നൂറ് ടണ്‍ ഗോതമ്പ് കയറ്റി അയച്ചതുവഴിയാണ് 1,700 കോടി നഷ്ടം വന്നത്. ഈ സാമ്പത്തികവര്‍ഷം 4.03 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തെന്നാണ് ഭക്ഷ്യമന്ത്രി കെ വി തോമസ് രാജ്യസഭയില്‍ അറിയിച്ചത്. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ ശേഖരത്തിലുള്ള ഭക്ഷ്യധാന്യമാണ്. 2011ലാണ് യുപിഎ സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് 2012 ജൂണിലും അനുമതി നല്‍കി. 2011-12ല്‍ 7,41,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു. അതേസമയം, കേന്ദ്രപൂളിലെ ഭക്ഷ്യധാന്യം നശിക്കുന്നത് തുടരുകയാണ്. ഈ സാമ്പത്തികവര്‍ഷം 1454.27 ടണ്‍ ഭക്ഷ്യധാന്യം നശിച്ചു. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം കേന്ദ്രപൂളില്‍ 30.80 ദശലക്ഷം ടണ്‍ ഗോതമ്പാണ് ശേഖരത്തിലുള്ളത്. എന്നാല്‍, ആവശ്യമായ ശേഖരം 11.2 ദശലക്ഷം ടണ്‍ ആണെന്ന് കെ വി തോമസ് പറഞ്ഞു.

deshabhimani 

No comments:

Post a Comment