Saturday, September 15, 2012

പുറത്തുവന്നത് ക്രിമിനല്‍മുഖം


ജില്ലാ പഞ്ചാ. പ്രസിഡന്റിന്റെ വീട് ആക്രമിച്ച സംഭവം: സിപിഐ നേതാവ് പിടിയില്‍

വെഞ്ഞാറമൂട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട് ആക്രമിക്കുകയും ഔദ്യോഗികവാഹനം കത്തിക്കുകയും ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ സിപിഐ നേതാവ് പിടിയില്‍. വലിയ കട്ടയ്ക്കാല്‍ ചെമ്പിട്ടവിളവീട്ടില്‍ സോണി (34)യാണ് പിടിയിലായത്. ആലന്തറ മൂലൂര്‍ക്കോണത്തുവച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. സിപിഐ വലിയകട്ടയ്ക്കാല്‍ ബ്രാഞ്ച് അംഗമായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഈ കേസിലെ മൂന്നാംപ്രതിയായ ജയചന്ദ്രനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരങ്ങളെതുടര്‍ന്നാണ് നാലാംപ്രതിയായ സോണിയെ അറസ്റ്റുചെയ്തതെന്ന് വെഞ്ഞാറമൂട് സിഐ പി വേലായുധന്‍നായര്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, ആസൂത്രണം, പങ്കാളിത്തം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇതോടെ കേസിലെ ഒന്നും രണ്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍തന്നെ പ്രതികള്‍ കുടുങ്ങുമെന്നും വെഞ്ഞാറമൂട് സിഐ പറഞ്ഞു. ആക്രമണത്തിനുപിന്നിലെ ഗൂഢാലോചനയില്‍ കൂടുതല്‍പേര്‍ പങ്കെടുത്തിട്ടുള്ളതായും പൊലീസ് പറയുന്നു. സംഭവം സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അക്രമത്തിനുപിന്നിലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട് സിപിഐയില്‍ ചേര്‍ന്നവരും കോണ്‍ഗ്രസ് ഐ വിഭാഗവും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയും അവിശുദ്ധ കൂട്ടുകെട്ടും ഇതോടെ കൂടുതല്‍ വ്യക്തമാകുകയാണ്. കേസില്‍ സിപിഐയിലെ പ്രമുഖ നേതാക്കള്‍ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്തതായും പൊലീസ് പറയുന്നു.

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ആഹ്വാനംചെയ്ത ഹര്‍ത്താലിനെ മറയാക്കി ആഗസ്ത് മൂന്നിന് പുലര്‍ച്ചെ 1.30നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ആക്രമിച്ച് ഔദ്യോഗികവാഹനം കത്തിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

രമണി പി നായരുടെ വീടാക്രമണം: എഐവൈഎഫ് നേതാവ് അറസ്റ്റില്‍

വെഞ്ഞാറമൂട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട് ആക്രമിക്കുകയും ഔദ്യോഗികവാഹനം കത്തിക്കുകയും ചെയ്ത കേസില്‍ സിപിഐ പ്രവര്‍ത്തകനും എഐവൈഎഫ് വെഞ്ഞാറമൂട് ലോക്കല്‍കമ്മിറ്റി അംഗവുമായ മക്കാംകോണം പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍നായര്‍ (34) അറസ്റ്റില്‍. വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്ക് രാത്രി സെക്യൂരിറ്റി ജീവനക്കാരനായ ഇയാളെ വെഞ്ഞാറമൂട് സിഐ പി വേലായുധന്‍നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. അക്രമം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഐയും ഒരുവിഭാഗം കോണ്‍ഗ്രസുകാരും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ അറസ്റ്റിലൂടെ തകര്‍ന്നത്.

ആഗസ്ത് മൂന്നിന് പുലര്‍ച്ചെ 1.30ഓടെയാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വലിയകട്ടയ്ക്കാലിലെ വീടിനും ഔദ്യോഗികവാഹനത്തിനും നേരെ ആക്രമണം ഉണ്ടായത്. ഹര്‍ത്താലിനെ മറയാക്കി സംഭവം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു ശ്രമം. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതി കുടുങ്ങാന്‍ കാരണം. സംഭവവുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തോളം മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയും സംശയം തോന്നിയ അഞ്ച് നമ്പരുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയുമായിരുന്നു. സംഭവദിവസം ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ 12.11വരെ ഫോണുകള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഫോണുകള്‍ നിശ്ചലമായി. പുലര്‍ച്ചെ രണ്ടോടെ വീണ്ടും ഫോണ്‍വഴി പുലരുവോളം ബന്ധപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. രാത്രി സെക്യൂരിറ്റിയായ ഇയാളുടെ മൊബൈലിന്റെ ടവര്‍ വേരിയേഷന്‍ കാരണമാണ് പിടികൂടാന്‍ സഹായിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുരൂര്‍ക്കോണം ഏലായില്‍നിന്ന് കമ്പൊടിച്ച് വേസ്റ്റ് തുണിയില്‍ കെട്ടി തീ കത്തിച്ചശേഷമാണ് കാറിന് തീയിട്ടത്. ആസൂത്രണം, ഗൂഢാലോചന, പങ്കാളിത്തം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

പുറത്തുവന്നത് ക്രിമിനല്‍മുഖം

വെഞ്ഞാറമൂട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീടിനും വാഹനത്തിനുംനേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഐ നേതാക്കള്‍ അറസ്റ്റിലായതോടെ വെളിവാകുന്നത് ക്രിമിനല്‍ മുഖം. സിപിഐ എമ്മിനോടൊപ്പം നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടിയശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍നിന്ന് പണം വാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് എന്‍ കൃഷ്ണന്‍നായരെ തോല്‍പ്പിക്കാനും പാര്‍ടി അനുഭാവികളെ പാര്‍ടിയില്‍നിന്ന് അകറ്റാനും സദാശ്രമിച്ച ഇക്കൂട്ടരുടെ സാമ്പത്തികക്രമക്കേടും പാര്‍ടിവിരുദ്ധ നിലപാടും അന്വേഷിക്കുമെന്നായപ്പോള്‍ ആദര്‍ശം പറഞ്ഞ് പുറത്തുപോവുകയായിരുന്നു. കോണ്‍ഗ്രസുമായി അവിശുദ്ധസഖ്യമുണ്ടാക്കി രാത്രിയില്‍ സാമൂഹ്യവിരുദ്ധ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാനും പലവട്ടം ഈ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍, രമണി പി നായരുടെ വീടും വാഹനവും ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായതോടെ സിപിഐയുടെ കപടമുഖം കൂടുതല്‍ വ്യക്തമായി. അമ്പലംമുക്ക് ബോംബുസ്ഫോടന കേസും വലിയകട്ടയ്ക്കാലിലെ ഡിവൈഎഫ്ഐയുടെ വെയ്റ്റിങ്ഷെഡ് തകര്‍ത്ത സംഭവവും ഇവരുടെ നേതൃത്വത്തിലാണെന്ന ആരോപണം ഇതോടെ ബലപ്പെട്ടു. രമണി പി നായരുടെ വീട് ആക്രമണക്കേസില്‍ മൂന്നും നാലും പ്രതികളെമാത്രമാണ് അറസ്റ്റുചെയ്തത്. സംഭവത്തില്‍ സിപിഐയിലെ ഉന്നതരായ രണ്ട് നേതാക്കളാണ് ഒന്നും രണ്ടും പ്രതികള്‍. രണ്ടു പ്രതികളെ അറസ്റ്റുചെയ്തതോടെ സിപിഐ നേതാക്കള്‍ ഒളിവില്‍ പോയി.

deshabhimani 150912

2 comments:

  1. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട് ആക്രമിക്കുകയും ഔദ്യോഗികവാഹനം കത്തിക്കുകയും ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ സിപിഐ നേതാവ് പിടിയില്‍.

    ReplyDelete
  2. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരുടെ വീട് ആക്രമിക്കുകയും ഔദ്യോഗിക വാഹനം കത്തിക്കുകയും ചെയ്ത കേസ് അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിലെ ഒരു യുവനേതാവായ വാര്‍ഡ് അംഗം പ്രതിപ്പട്ടികയില്‍ വന്നതോടെയാണ് അന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ രംഗത്തെത്തിയത്. വീടാക്രമണത്തിന് ഗൂഢാലോചന നടത്തിയ ഉന്നത സിപിഐ നേതാക്കളെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. കേസിലെ മൂന്നും നാലും പ്രതികളായ സിപിഐ നേതാക്കളെ കഴിഞ്ഞ രണ്ടുദിവസമായി വെഞ്ഞാറമൂട് സിഐ പി വേലായുധന്‍നായരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് സംഭവത്തില്‍ ഉന്നതരായ സിപിഐ നേതാക്കള്‍ക്കും ഒരു യുവ കോണ്‍ഗ്രസ് നേതാവിനും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.

    ReplyDelete