Wednesday, September 19, 2012

ലോറി വാടക കുത്തനെ കൂട്ടി


ഡീസല്‍ വിലവര്‍ധനയ്ക്കുപിന്നാലെ ലോറി വാടക കുത്തനെ വര്‍ധിപ്പിച്ചു. വ്യാപാരി പ്രതിനിധികളും ലോറി ഉടമകളും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ വാടക 16 ശതമാനം വര്‍ധിപ്പിക്കാനാണ് ധാരണയായത്. ഇതേത്തുടര്‍ന്ന് കൂലിവര്‍ധന ആവശ്യപ്പെട്ട് ലോറി ഉടമകള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. പുതിയ നിരക്ക് ബുധനാഴ്ച നിലവില്‍വരും. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ലോറി വാടക കൂടിയതോടെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ 10 ശതമാനവും സ്പെയര്‍പാര്‍ട്ടുകളുടെ വിലവര്‍ധന ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ക്കായി ആറ് ശതമാനവുമാണ് ലോറി വാടക വര്‍ധിപ്പിച്ചത്. 30 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് തിങ്കളാഴ്ചമുതല്‍ ലോറി ഉടമകള്‍ ചരക്കെടുക്കുന്നത് നിര്‍ത്തിവച്ചത്. തിങ്കളാഴ്ച ലോറി ഉടമകളും വ്യാപാരികളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഡീസലിന് അധികംവരുന്ന ചെലവ് നല്‍കാമെന്ന നിലപാടില്‍ വ്യാപാരികളും 30 ശതമാനം നിരക്കുവര്‍ധനയെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ലോറി ഉടമകളും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വിഫലമായത്. ലോറി ലഭ്യതയടക്കം വ്യാപാരികളുന്നയിച്ച മറ്റു പ്രശ്നങ്ങള്‍ കോ-ഓര്‍ഡിനേഷന്‍ കൂടി ചര്‍ച്ചചെയ്ത് തീരുമാനിക്കും.

പതിനാറ് ശതമാനം വര്‍ധന നടപ്പാക്കിയാല്‍ മുംബൈയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വാടക 3040 രൂപ കൂടും. 19,500 രൂപയാണ് നിലവില്‍ വാടക. മൈസൂരു, ഊട്ടി എന്നിവിടങ്ങളില്‍നിന്നുള്ള വാടകയില്‍ 1000-1200 രൂപയുടെ വര്‍ധനയുണ്ടാകും. ബംഗളൂരുവില്‍നിന്നുള്ള വാടക 1100 രൂപ കൂടും. ലോറി വാടക വര്‍ധനയോടെ സംസ്ഥാനത്ത് അരി, പഴം, പച്ചക്കറി, പലവ്യഞ്ജന വില വരുംനാളില്‍ കുതിച്ചുയരും. ഡീസല്‍ വിലവര്‍ധനയോടെ കുതിച്ചുയര്‍ന്ന വിലകള്‍ ഇതോടെ കൂടുതല്‍ ഉയരത്തിലെത്തും. ഡീസല്‍ വിലവര്‍ധനയുടെയും ആന്ധ്ര കേന്ദ്രീകരിച്ചുള്ള കയറ്റുമതിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അരിവരവ് ഏതാണ്ട് പൂര്‍ണമായി നിലച്ചു. ഇത് വരുംദിവസങ്ങളിലും വില ഗണ്യമായി വര്‍ധിപ്പിക്കും.
ഏറ്റവും വില കുറഞ്ഞിരുന്ന കുറുവ അരിക്കാണ് ഇപ്പോള്‍ വില ഏറ്റവും ഉയര്‍ന്നത്. 20 രൂപയോളമായിരുന്ന കുറുവ അരിയുടെ മൊത്തവില 30 ആയി. ചില്ലറവില 35 രൂപയോളമുണ്ട്. ജയ, സുരേഖ തുടങ്ങിയ ഇനങ്ങള്‍ക്കും 26 മുതല്‍ 28 രൂപവരെയാണ് മൊത്തവില. ചില്ലറവില ഇതിനേക്കാള്‍ അഞ്ചു രൂപയോളം കൂടുതലാണ്. നേരത്തെ 42 രൂപയുണ്ടായിരുന്ന വന്‍പയറിന് 72 രൂപയായിരുന്നു ചൊവ്വാഴ്ചത്തെ വില. നാടന്‍ വന്‍പയറിന് 100 രൂപയോളം നല്‍കണം. 74 രൂപയായിരുന്ന കടലയ്ക്ക് 85 രൂപയായി. പരിപ്പുവില 64ല്‍നിന്ന് 74 ആയും ചെറുപയര്‍ 64ല്‍നിന്ന് 75 ആയും ഉയര്‍ന്നു. ഉഴുന്നുപരിപ്പ് 73ല്‍നിന്ന് 77 ആയി. പച്ചക്കറിവില ഒറ്റദിവസംകൊണ്ട് ഗണ്യമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 12-20 രൂപയായിരുന്ന പയറിന്റെ ചൊവ്വാഴ്ചത്തെ മൊത്തവില 30 രൂപയായി. പാവയ്ക്കയ്ക്ക് 18ല്‍നിന്ന് 30 ആയി. ബീന്‍സ് 20ല്‍നിന്ന് 26 ആയി. 8-10 രൂപയുണ്ടായിരുന്ന ക്യാരറ്റിന് 18 രൂപയായി. ചേന 12ല്‍നിന്ന് 18 ആയി. ഭൂരിപക്ഷം മത്സ്യങ്ങള്‍ക്കും വില ഉയര്‍ന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ചാളയ്ക്കുപോലും കിലോയ്ക്ക് 80-100 രൂപയാണ് വില. അയലയ്ക്കാകട്ടെ 100-120 ആയി ഉയര്‍ന്നു.

ഡീസല്‍ വിലവര്‍ധന മത്സ്യബന്ധന വള്ളങ്ങളുടെയും ബോട്ടുകളുടെയും ചെലവ് പ്രതിദിനം 1000 മുതല്‍ 2500 രൂപവരെ ഉയര്‍ത്തി. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷണവില 10-15 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ ഹോട്ടല്‍ ഉടമകളുടെ നീക്കമുണ്ട്. ഊണിന് അഞ്ചു രൂപവരെ വര്‍ധിപ്പിക്കാനാണ് ആലോചന. നഗരങ്ങളില്‍ ആറു രൂപയായിരുന്ന ചായക്ക് പല ഹോട്ടലുകളും ഏഴും എട്ടും രൂപയാക്കി. 90-100 രൂപവരെയുള്ള ബിരിയാണിയുടെ വില 110 രൂപവരെയാകും. കൊച്ചിയില്‍ 25ന് ചേരുന്ന കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലവര്‍ധന ചര്‍ച്ചചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് സുധീഷ്കുമാര്‍ അറിയിച്ചു. സംഘടനയ്ക്ക് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഒറ്റയ്ക്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍, ഹോട്ടലുകള്‍ക്ക് ഇക്കാര്യം സ്വയം തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ലോറി സമരം പിന്‍വലിച്ചു; വാടക 16% കൂടും

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ദിവസമായി നടക്കുന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോറി വാടക 16% കൂട്ടി നല്‍കാന്‍ വ്യാപാരികള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ ലോറി ഉടമകളുടെ സംഘടന തീരുമാനിച്ചത്. ചരക്ക് കൂലി 30% വര്‍ധിപ്പിക്കണമെന്നായിരുന്നു ലോറി ഉടമകളുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്ക്കൊടുവില്‍ 16% ചരക്ക് കൂലി വര്‍ധിപ്പിക്കാമെന്ന ആവശ്യത്തിന് ലോറി ഉടമകള്‍ വഴങ്ങുകയായിരുന്നു. അതേസമയം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ദേശീയ തലത്തില്‍ വ്യാഴാഴ്ച ലോറിയുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമരം കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതത്തെയും ബാധിക്കും.

deshabhimani 190912

No comments:

Post a Comment