Friday, January 11, 2013

മന്ത്രി അനൂപിനെതിരെ വിജിലന്‍സ് അന്വേഷണം


അനധികൃത റേഷന്‍ ഡിപ്പോ അനുവദിക്കാനും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും വന്‍കോഴ വാങ്ങിയെന്ന പരാതിയില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബും കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി ഭാസ്കരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മന്ത്രി അനൂപിന്റെ പിറവം മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് റേഷന്‍വ്യാപാരികളില്‍നിന്ന് പണപ്പിരിവ്, സിവില്‍ സപ്ലൈസ്-രജിസ്ട്രേന്‍ വകുപ്പിലെ അഴിമതി, റേഷന്‍ കരിഞ്ചന്ത എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മന്ത്രി അനൂപ് ജേക്കബ്, പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന്‍, ജോണി നെല്ലൂര്‍, സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിജു മറ്റപ്പിള്ളി, ജനറല്‍ സെക്രട്ടറി സി മോഹനന്‍പിള്ള, സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ എസ് ശ്രീലത എന്നിവര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി ഏപ്രില്‍ 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടറോട് കോടതി നിര്‍ദേശിച്ചത്.

കോട്ടയം ജില്ലാ സപ്ലൈഓഫീസറായിരിക്കുമ്പോള്‍ എസ് ശ്രീലത സ്വകാര്യചാനല്‍ അഭിമുഖത്തില്‍ മന്ത്രിയും നേതാക്കളും നടത്തിയ അഴിമതികള്‍ വെളിപ്പെടുത്തിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാക്കളുടെ നിര്‍ദേശപ്രകാരം റേഷന്‍വ്യാപാരികളില്‍നിന്ന് 10,000 രൂപ വീതം പിരിച്ച് ജോണിനെല്ലൂരിനെ ഏല്‍പ്പിച്ചെന്ന് ശ്രീലത വെളിപ്പെടുത്തിയതായി ഹര്‍ജിയില്‍ പറയുന്നു.

അഭിമുഖത്തിന്റെ സിഡിയും "ദേശാഭിമാനി" ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. ചട്ടം ലംഘിച്ചാണ് കോട്ടയത്ത് റേഷന്‍ ഡിപ്പോ അനുവദിച്ചതെന്നും ഇതിന് ബിജു മറ്റപ്പിള്ളി ഉള്‍പ്പെടെയുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്നും ശ്രീലത അഭിമുഖത്തില്‍ പറഞ്ഞതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജില്ലാ സപ്ലൈ ഓഫീസര്‍ എന്ന നിലയില്‍ കോഴയായി 50,000 രൂപ കൈപ്പറ്റിയെന്നും തന്റെ തസ്തികമാറ്റത്തിന് ബിജു മറ്റപ്പിള്ളിക്ക് മൂന്നുലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ശ്രീലത പറഞ്ഞു.

റേഷന്‍ ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്കെത്തുന്നതിനു പിന്നിലും അഴിമതിയാണ്. സിവില്‍ സപ്ലൈസ്-രജിസ്ട്രേഷന്‍ വകുപ്പില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനും സ്ഥലംമാറ്റത്തിനും വന്‍കോഴ വാങ്ങുന്നു. 30 പേര്‍ക്ക് നിയമനം നല്‍കാന്‍ 60 സബ്രജിസ്ട്രാര്‍മാരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയതും അഴിമതിയുടെ ഭാഗമാണെന്നും മന്ത്രിയും കൂട്ടരും ഗൂഢാലോചന നടത്തിയാണ് അഴിമതി നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പോള്‍ കെ വര്‍ഗീസ് ഹാജരായി.

പുറത്തായത് ഞെട്ടിക്കുന്ന അഴിമതി

തൃശൂര്‍: മന്ത്രി അനൂപ് ജേക്കബും കേരള കോണ്‍ഗ്രസ് നേതാക്കളും നടത്തിയ അഴിമതിയുടെ പച്ചയായ സാക്ഷ്യപത്രം വിജിലന്‍സ് കോടതിയില്‍. സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ എസ് ശ്രീലത സ്വകാര്യ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ്, യുഡിഎഫ് സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ടുവന്നത്. അഭിമുഖത്തിന്റെ സിഡി കോടതി തെളിവായി സ്വീകരിച്ചു.

 "പിറവം ഉപതെരഞ്ഞെടുപ്പ് സമയത്ത് റേഷന്‍മൊത്തവ്യാപാരികളില്‍നിന്ന് 10,000 രൂപവീതം പിരിച്ച് ജോണി നെല്ലൂര്‍ സാറിന് കൊടുത്തു. അനൂപ് സാര്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉപതെരഞ്ഞെടുപ്പാണ്. തൃശൂര്‍ ഡിഎസ്ഒ തെരഞ്ഞെടുപ്പിന് 50,000 രൂപ തന്നു. തൃശൂര്‍ ഡിഎസ്ഒയെ മാറ്റാതിരിക്കാന്‍ ഒരു ലക്ഷം രൂപ കൊടുത്തു" - വിജിലന്‍സ് കോടതിയില്‍ ഹര്‍ജിക്കാരന്‍ തെളിവായി നല്‍കിയ എസ് ശ്രീലതയുടെ വെളിപ്പെടുത്തലുകളിങ്ങനെ പോകുന്നു.

മന്ത്രി അനൂപ് ജേക്കബ്ബും ബിജു മറ്റപ്പിള്ളിയും ജോണിനെല്ലൂരും കൂടിച്ചേര്‍ന്ന് പിറവം ഉപതെരഞ്ഞെടുപ്പ് ഫണ്ടിന് നടത്തിയ അനധികൃത ഇടപാടുകളാണ് അഭിമുഖത്തില്‍ പുറത്തുവന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും ജേക്കബ് ഗ്രൂപ്പ് നേതാക്കളും ചേര്‍ന്ന് അനധികൃതമായ സ്ഥലംമാറ്റവും നിയമനങ്ങളും നല്‍കി പണം വാരിക്കൂട്ടിയെന്ന് ഹര്‍ജിയിലുണ്ട്. ജില്ലാ സപ്ലൈ ഓഫീസര്‍ നിയമനത്തിന് മൂന്നു ലക്ഷം രൂപ മുതല്‍ എട്ടു ലക്ഷം വരെ കോഴവാങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

deshabhimani 11013

ഓര്‍മ പുതുക്കാന്‍

ഇനിയുമെത്ര പേര്‍

നാല് ആരോപണവിധേയര്‍ കൂടി മന്ത്രിസഭയിലേക്ക്


No comments:

Post a Comment