Thursday, January 10, 2013

തരൂര്‍ ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിച്ചത് വിവാദമായി


ദേശീയഗാനത്തോട് അനാദരവു കാട്ടിയെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിച്ചത് വിവാദമായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ ചേംബറിലെത്തിയാണ് തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. തരൂരിനൊപ്പം യുവ അഭിഭാഷകനുമുണ്ടായിരുന്നു.

ഫെഡറല്‍ ബാങ്ക് സ്ഥാപകനായ ഹോര്‍മിസ് തരകനെ അനുസ്മരിച്ച് 2008 ഡിസംബര്‍ 16ന് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് തരൂര്‍ ദേശീയഗാനത്തോട് അനാദരവു കാട്ടിയത്. അമേരിക്കന്‍ രീതിയില്‍ വലതുകൈ നെഞ്ചോടു ചേര്‍ത്ത് ദേശീയഗാനം ചൊല്ലാന്‍ സദസ്സ്യരോട് മന്ത്രി ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് തരൂരിനെതിരായ കേസ്. കുറ്റവിമുക്തനാക്കണമെന്ന വാദം ഉന്നയിക്കാന്‍ അവസരം നല്‍കിയില്ല എന്ന വാദം ഉന്നയിച്ചാണ് തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, കുറ്റപത്രം നല്‍കുന്നത് തല്‍ക്കാലം മാറ്റിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. വിചാരണക്കോടതിയോട് തരൂര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് മജിസ്ട്രേട്ട് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച തരൂരിനായി കോടതിയില്‍ വാദം ഉന്നയിക്കുകയും ചെയ്തു.

കേസ് നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെ മന്ത്രി സ്വമേധയാ ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിക്കുകയായിരുന്നു. സമയവും മറ്റും മുന്‍കൂട്ടി നിശ്ചയിച്ച് സന്ദര്‍ശനം. ഇത് അങ്ങേയറ്റം അനുചിതമാണെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.കേന്ദ്ര നിയമമന്ത്രി ഞായറാഴ്ച കൊച്ചി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായാണ് തരൂര്‍ ചീഫ് ജസ്റ്റിസിനെ കണ്ടതെന്നാണ് പ്രോട്ടോക്കോള്‍ ഓഫീസറുടെ വിശദീകരണം. എന്നാല്‍, നിയമമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മാനവ വിഭവശേഷി സഹമന്ത്രിക്ക് എന്തുകാര്യമെന്ന് നിയമവൃത്തങ്ങള്‍ ആരായുന്നു.

deshabhimani 110113

No comments:

Post a Comment