Friday, January 11, 2013

സമരത്തെ തച്ചുതകര്‍ക്കാമെന്ന ഹുങ്ക് വേണ്ട: പിണറായി


സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനെ ധാര്‍ഷ്ട്യത്തിലൂടെ നേരിടാമെന്ന ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഹുങ്ക് കേരളം അംഗീകരിക്കില്ലന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമരത്തെ തച്ചുതകര്‍ക്കാനാണ് ശ്രമമെങ്കില്‍ കേരളത്തിലെ ജനങ്ങളെയാകെ നേരിടേണ്ടി വരും. ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് സി 29-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

സമരത്തോട് ഒരു സര്‍ക്കാര്‍ സ്വീകരിക്കേണ്ട സമീപനമല്ല ഇവിടെ കാണിക്കുന്നത്. ഒരു സര്‍ക്കാരിന് ചേര്‍ന്നതല്ല ഇത്തരം നിലപാടുകള്‍. കാട്ടാക്കടയില്‍ ഭീകരമായ ലാത്തിച്ചാര്‍ജ് നടത്തി. നെടുമങ്ങാട്ട് 17 മഹിളകളെ കസ്റ്റഡിയിലെടുത്തു. ഭരണനേതൃത്വത്തിന്റെ അപക്വമായ നിലപാടാണ് ഇതിലെല്ലാം കാണുന്നത്. പ്രക്ഷോഭകരുടെ നേരെ പരസ്യമായി കെഎസ്യുക്കാര്‍ കല്ലെറിയുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കെസ്യുവിന്റെ ലേബലില്‍ കോണ്‍ഗ്രസുകാരാണ് കല്ലെറിയുന്നത്.തങ്ങളുടെ കൈവശമുള്ള അധികാരമുപയോഗിച്ച് ആക്രമിക്കുക, ആക്രമിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കിയും ആക്രമണവിധേയരാകുന്നവരെ പീഡിപ്പിച്ചും സമരത്തെ നേരിടാനുള്ള വക്രബുദ്ധിയാണ് ഉമ്മന്‍ചാണ്ടി കാണിക്കുന്നത്. സമരം ചെയ്യുന്നവരോട് ഒന്നും സംസാരിക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള സമീപനം മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. സര്‍ക്കാര്‍ കള്ളക്കണക്ക് പ്രസിദ്ധീകരിക്കുമ്പോഴും സമരത്തിന് കൂടതല്‍ പിന്തുണ ലഭിക്കുകയാണ്. തങ്ങളുടെ കൂടെ നില്‍ക്കുന്ന സംഘടനകളെ സമരരംഗത്തു നിന്ന് മാറ്റിനിര്‍ത്തിയത് അതിശക്തമായ രാഷ്ട്രീയ ഇടപെടലിലൂടെയാണ്. നേതൃത്വത്തെ മാറ്റി നിര്‍ത്താന്‍ കഴിയുമെങ്കിലും അണികളില്‍ സാധാരണ ജീവനക്കാരുടെ വികാരമാണുള്ളത്. എല്ലാവരെയും സഹകരിപ്പിച്ചു നടത്തേണ്ട സ്കൂള്‍ കലോത്സവം നല്ലൊരു വിഭാഗം അധ്യാപകരെ മാറ്റിനിര്‍ത്തി വിജയിപ്പിക്കാനാവില്ലെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.

deshabhimani 110113

No comments:

Post a Comment