ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയും രഹസ്യവിചാരണ തീരുമാനിച്ചും മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് സെഷന്‍സ് കോടതി ശരിവച്ചു. ഉത്തരവില്‍ നിയമവിരുദ്ധമായോ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായോ ഒന്നുമില്ലെന്ന് സെഷന്‍സ് ജഡ്ജി ആര്‍ കെ ഗൗബ പറഞ്ഞു. ക്രിമിനല്‍ നടപടിചട്ടത്തിലെ രഹസ്യവിചാരണ അനുവദിക്കുന്ന 327(2) വകുപ്പ് നടപ്പാക്കാന്‍ മജിസ്ട്രേട്ടിന് അവകാശമുണ്ട്. കോടതിമുറി ആളുകളെക്കൊണ്ട് നിറഞ്ഞതും പ്രതികളെ ഹാജരാക്കാനാകാത്ത അവസ്ഥയുമാണ് ഉത്തരവിലേക്ക് നയിച്ചത്. കേസ് നടപടിഘട്ടത്തില്‍ മാത്രമാണെന്നും വിചാരണാഘട്ടത്തിലേക്ക് എത്തിയില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കുന്നതല്ല. കേസ് നടപടികളും 327 വകുപ്പുപ്രകാരം നിയന്ത്രിക്കാം- ജസ്റ്റിസ് ഗൗബ പറഞ്ഞു. കൂട്ടബലാത്സംഗക്കേസില്‍ ഡല്‍ഹി പൊലീസിന്റെ നടപടികളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് കമീഷണറെയും ഡെപ്യൂട്ടി കമീഷണറെയും സസ്പെന്‍ഡ് ചെയ്യാത്തതെന്തെന്ന് കോടതി ആരാഞ്ഞു. കേസിലെ അന്വേഷണപുരോഗതി അറിയിച്ചുള്ള റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചപ്പോഴാണ് ചീഫ്ജസ്റ്റിസ് ഡി മുരുകേശനും ജസ്റ്റിസ് വി കെ ജയിനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടതെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശം. കുറ്റകൃത്യം നടന്ന സ്ഥലത്ത് വിന്യസിക്കപ്പെട്ടിരുന്ന പൊലീസുകാരുടെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതെന്തെന്ന് കോടതി ആരാഞ്ഞു. മുന്‍കരുതലുകള്‍ കൃത്യസമയത്ത് എടുത്തിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. നിയമപാലകരുടെ പരാജയമാണിത്. നഗരത്തില്‍ എങ്ങനെയാണ് ഇപ്പോഴും വാഹനങ്ങള്‍ കറുത്ത പാളിയും കര്‍ട്ടനുമിട്ട് ഓടുന്നത്. സുപ്രീംകോടതി ഉത്തരവാണ് ലംഘിക്കപ്പെടുന്നത്- ഹൈക്കോടതി പറഞ്ഞു.
പെണ്‍കുട്ടിയെ അവഹേളിച്ച സ്വാമിക്കെതിരെ കേസെടുത്തു
മുസാഫര്‍ നഗര്‍: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ച സ്വയംപ്രഖ്യാപിത സ്വാമി അസാറാം ബാപ്പുവിനെതിരെ ബിഹാറിലെ പ്രാദേശിക കോടതി കേസെടുത്തു. വീട്ടിലിരുന്ന് രാമനാമം ജപിക്കേണ്ട സമയത്ത് ചെറുപ്പക്കാരനൊപ്പം സിനിമയ്ക്കു പോയ പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്നും കുറ്റവാളികളോട് സഹോദരായെന്ന് വിളിച്ച് യാചിച്ചിരുന്നെങ്കില്‍ കുറ്റകൃത്യം ഒഴിവാക്കാമായിരുന്നു എന്നുമാണ് കഴിഞ്ഞദിവസം ബാപ്പു പറഞ്ഞത്. ഈ നിലപാടുകള്‍ സ്ത്രീകളെ വേദനിപ്പിക്കുന്നതാണെന്ന് അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. ബലാല്‍സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യമൊന്നാകെ പോരാടുമ്പോള്‍ ബാപ്പുവിന്റെ പരാമര്‍ശം കുറ്റകരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ച് കേസ് ഫയലില്‍ സ്വീകരിച്ചു.
deshabhimani
No comments:
Post a Comment