Thursday, January 10, 2013

സര്‍ക്കാര്‍ഒത്താശയില്‍ സ്വകാര്യ മരുന്നുകമ്പനികള്‍ കൊഴുക്കുന്നു


കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയില്‍, രാജ്യത്തെ പ്രതിരോധ മരുന്നുവിതരണ പദ്ധതിയുടെ മറവില്‍ സ്വകാര്യസ്ഥാപനങ്ങള്‍ തടിക്കുന്നു. മരുന്ന് ഉല്‍പ്പാദിപ്പിച്ചിരുന്ന സര്‍ക്കാര്‍സ്ഥാപനങ്ങള്‍ സര്‍ക്കാര്‍തന്നെ അടച്ചുപൂട്ടിയതിനെത്തുടര്‍ന്നാണ് ഈ രംഗത്തെ കുത്തക സ്വകാര്യകമ്പനികള്‍ കൈയടക്കിയത്. ഇതേത്തുടര്‍ന്ന് പ്രതിരോധ മരുന്നുകള്‍ക്ക് ആറുവര്‍ഷത്തിനിടെ വില ഇരട്ടിയിലേറെയായി . സര്‍ക്കാര്‍സ്ഥാപനങ്ങള്‍ പിന്നീട് തുറന്നെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കാതെ സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് ഇപ്പോഴും തുടരുന്നത്. ഐഎംഎ കേന്ദ്ര കൗണ്‍സില്‍ അംഗം ഡോ. കെ വി ബാബുവിന് വിവരാവകാശ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ സംഭരണസെല്‍ നല്‍കിയ വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ സാര്‍വത്രിക രോഗ പ്രതിരോധ പരിപാടിയിലേക്ക് 2006-07 കാലത്ത് സിംഹഭാഗം മരുന്നുകളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴത് സ്വകാര്യ കമ്പനികളുടെ കൈയിലെത്തി. 2006-07ല്‍ രോഗപ്രതിരോധപരിപാടിക്കുവേണ്ട 90 ശതമാനം ഡിപിടി (ഡിഫ്തീരിയ, പെര്‍ടൂസിസ്, ടെറ്റനസ്) മരുന്ന് നല്‍കിയിരുന്നത് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. ടിടി (ടെറ്റനസ് ടോക്സോയ്ഡ്) മരുന്ന് 80 ശതമാനവും ഈ മേഖലയില്‍നിന്നുള്ളതായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കൂനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഹിമാചല്‍പ്രദേശ് കസൗലിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍നിന്നാണ് അന്ന് പ്രധാനമായും ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ചിരുന്നത്. പ്രതിരോധ കുത്തിവയ്പിനുവേണ്ട മുഴുവന്‍ ബിസിജി മരുന്നും ചെന്നൈ ഗുയ്ണ്ടിയിലെ സര്‍ക്കാര്‍ സ്ഥാപനമായ ബിസിജി വാക്സിന്‍ ലാബില്‍നിന്നുമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ശ്രേഷ്ഠ ഉല്‍പ്പാദനപ്രക്രിയ (ജിഎംപി) പാലിച്ചില്ലെന്ന് കാട്ടി സര്‍ക്കാര്‍തന്നെ 2008 ജനുവരിയില്‍ ഈ സ്ഥാപനങ്ങള്‍ അടച്ചു.സ്ഥാപനങ്ങളെ ജിഎംപി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ബാധ്യസ്ഥരായവര്‍തന്നെയാണ് സ്വകാര്യ കമ്പനികള്‍ക്കായി ഇവ അടച്ചുപൂട്ടിയതും. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ രൂക്ഷവിമര്‍ശത്തിനുപോലും ഇത് വഴിയൊരുക്കിയിരുന്നു. ഇവ 2010 ഫെബ്രുവരിയില്‍ പുനരാരംഭിച്ചുവെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടില്ല. ഈ വര്‍ഷം പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയിലേക്കായി ഉല്‍പ്പാദിപ്പിച്ച ഡിപിടി മരുന്ന് 36 ശതമാനം മാത്രമാണ്. ടിടി മരുന്നാകട്ടെ 23 ശതമാനവും. ബിസിജി ലാബില്‍നിന്ന് ഒരു ഡോസ്പോലും ഉല്‍പ്പാദിപ്പിച്ചിട്ടില്ല.

സര്‍ക്കാര്‍മേഖലയില്‍നിന്നുള്ള മത്സരം ഇല്ലാതായതോടെ ഈ മരുന്നുകളുടെ വിലയും സ്വകാര്യകമ്പനികള്‍ ഗണ്യമായി ഉയര്‍ത്തി. നേരത്തെ 10 ഡോസിന്റെ ഒരു കുപ്പി ബിസിജി മരുന്നിന് 13 രൂപയായിരുന്നു. ഇപ്പോഴത് 30 രൂപയായി. ഡിപിടി മരുന്നിന്ന് 11.8 രൂപയില്‍നിന്ന് 27.70ആയും ടിടി മരുന്നിന് 6.2 രൂപയില്‍നിന്ന് 14.9 രൂപയായും വിലകൂടി. അഞ്ചാംപനിക്കുള്ള മരുന്നിനുമാത്രമാണ് ഇത്തരത്തില്‍ അധികംവില കൂടാത്തത്. നേരത്തെ 8.3 രൂപായിരുന്നത് 10.2 രൂപയായി. ഈ മരുന്ന് നേരത്തെയും ഇപ്പോഴും സ്വകാര്യകമ്പനികള്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെതന്നെ ഇവയ്ക്ക് പരമാവധിവില ഈടാക്കിയിരുന്നതായാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. ഒട്ടാകെ 1045 കോടി രൂപയുടെ മരുന്നുകളാണ് പദ്ധതിക്കായി ഈ വര്‍ഷം വാങ്ങിയത്. ഇതില്‍ 21 കോടിരൂപയുടെ മരുന്നുകള്‍മാത്രമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംഭാവന.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment