Friday, January 11, 2013

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ്: മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനെത്തുടര്‍ന്ന് 50 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ നിവേദനം തന്നിരുന്നു. ഇതൊന്നും മന്ത്രിസഭായോഗത്തില്‍ വരേണ്ട കാര്യമില്ല. കേസ് പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് ആലോചിക്കാമെന്നുമാത്രമായിരുന്നു പ്രതികരണം. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ക്യാമറാമാന്മാരും ഫോട്ടോഗ്രാഫര്‍മാരുമാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനക്കാരുടെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവരും പ്രതിഷേധിച്ചവരും അടക്കം 50 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

താന്‍ നിഷേധിച്ചില്ല, ചെന്നിത്തല നിരാകരിച്ചു: മുഖ്യമന്ത്രി

തിരു: ഉപമുഖ്യമന്ത്രിയാകണമെന്ന നിര്‍ദേശം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിരാകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനം താന്‍ നിഷേധിച്ചെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ ആരോപണം കാര്യം അറിയാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതു സംബന്ധിച്ച് വിവിധതലങ്ങളില്‍ ചര്‍ച്ച നടന്നത് സത്യമാണ്. ഈ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശം വേണ്ടെന്നുവച്ചത് ചെന്നിത്തല തന്നെയാണ്. മന്ത്രിസഭാ രൂപീകരണഘട്ടത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സ്ഥാനമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെന്നിത്തല ഇല്ലെന്നു പറഞ്ഞു. പിന്നീട് മന്ത്രിസഭാ പുനഃസംഘടന വന്ന ഘട്ടത്തിലും താന്‍ സ്വാഭാവികമായി ഇക്കാര്യം ഉന്നയിച്ചു. പാര്‍ടി തലങ്ങളിലും ചര്‍ച്ച നടന്നു. താന്‍ സ്വാഗതം ചെയ്തെങ്കിലും ചെന്നിത്തല ഇല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. താന്‍ നിഷേധിക്കുകയല്ല ചെന്നിത്തല പിന്മാറുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 110113

No comments:

Post a Comment