Friday, January 11, 2013

സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും


കാസര്‍കോട്: തൊഴിലാളികളുടെ പോരാട്ടസംഘടനയായ സിഐടിയുവിന്റെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച കൊടി ഉയരും. വിവിധ സ്ഥലങ്ങളില്‍നിന്ന് പുറപ്പെടുന്ന കൊടി-കൊടിമര ജാഥകള്‍ വൈകിട്ട് അഞ്ചിന് നഗരത്തില്‍ സംഗമിച്ച് പൊതുസമ്മേളനം ചേരുന്ന കെ പത്മനാഭന്‍ നഗറില്‍ (മിലന്‍ ഗ്രൗണ്ട്) എത്തും. സംഘാടകസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി കൊടി ഉയര്‍ത്തും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി പയ്യാമ്പലത്തെ സി കണ്ണന്‍ സ്മൃതിമണ്ഡപത്തില്‍നിന്നും കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നുമാണ് കൊണ്ടുവരുന്നത്.

സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ലീഡറായ പതാക ജാഥ സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പയ്യാമ്പലത്ത് വെള്ളിയാഴ്ച രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, പുതിയതെരു, പാപ്പിനിശേരി, മാങ്ങാട്, ധര്‍മശാല, തളിപ്പറമ്പ്, ചുടല, പരിയാരം മെഡിക്കല്‍ കോളേജ്, പിലാത്തറ, വെള്ളൂര്‍, കരിവെള്ളൂര്‍ വഴി 12 മണിക്ക് കാലിക്കടവില്‍ എത്തും. ഇവിടെനിന്ന് അത്ലറ്റുകള്‍ റിലേയായി പതാക സമ്മേളന നഗരിയില്‍ എത്തിക്കും. പകല്‍ രണ്ടിന് പുതിയകോട്ടയില്‍ എത്തുമ്പോള്‍ പ്രഭാകരന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് പുറപ്പെടുന്ന ജാഥയും ഒപ്പം ചേരും. കൊടിമരം പകല്‍ രണ്ടിന് പൈവളിഗെ രക്തസാക്ഷി നഗറില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ജാഥാലീഡര്‍ സംസ്ഥാന വൈസ്്പ്രസിഡന്റ് എ കെ നാരായണന് കൈമാറും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൈക്കമ്പ, ബന്തിയോട്, കുമ്പള, മൊഗ്രാല്‍പുത്തൂര്‍ വഴി വൈകിട്ട് അഞ്ചിന് കാസര്‍കോട് എത്തും.

പ്രതിനിധിസമ്മേളനം നടക്കുന്ന വരദരാജപൈ നഗരിയില്‍ ഉയര്‍ത്താനുള്ള കൊടി കാഞ്ഞങ്ങാട് രക്തസാക്ഷി പ്രഭാകരന്‍ സ്മൃതിമണ്ഡപത്തില്‍നിന്നും കൊടിമരം ബന്തടുക്ക രക്തസാക്ഷി ബാലകൃഷ്ണ നായ്ക് സ്മൃതിമണ്ഡപത്തില്‍നിന്നുമാണ് കൊണ്ടുവരിക. കൊടി പകല്‍ ഒന്നിന് സിഐടിയു ദേശീയ സെക്രട്ടറി കെ കെ ദിവാകരന്‍ ജാഥാ ലീഡര്‍ പി അപ്പുക്കുട്ടന് കൈമാറും. കൊടിമരം ബന്തടുക്കയില്‍ പകല്‍ രണ്ടിന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ജാഥാലീഡര്‍ യു തമ്പാന്‍ നായര്‍ക്ക് കൈമാറും. കുറ്റിക്കോല്‍, കാനത്തൂര്‍, ഇരിയണ്ണി, ബോവിക്കാനം, ചെര്‍ക്കള വഴി വൈകിട്ട് അഞ്ചിന് കാസര്‍കോട് എത്തും. നാലുജാഥയും ചന്ദ്രഗിരി ജങ്ഷനില്‍ സംഗമിച്ച് ടൗണ്‍ചുറ്റിയാണ് പൊതുസമ്മേളന നഗരിയില്‍ എത്തുക. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ പത്തിന് സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ വരദരാജപൈ നഗറില്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്നിന് മിലന്‍ ഗ്രൗണ്ടില്‍ "മതരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍" സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

deshabhimani 110113

No comments:

Post a Comment