Friday, May 10, 2013

അരനൂറ്റാണ്ടിന്റെ സമരാനുഭവവുമായി


സംസ്ഥാന ജീവനക്കാരുടെ പോരാട്ടവീഥികളില്‍ അരുണിമ പടര്‍ത്തി കേരള എന്‍ജിഒ യൂണിയന്‍ അരനൂറ്റാണ്ട് പിന്നിടുന്നു. കൊളോണിയല്‍ ഭരണത്തിന്റെ തിരുശേഷിപ്പുകളും പേറി, ഭരണാധികാരികളുടെ സേവകരായിമാത്രം കഴിഞ്ഞ ജീവനക്കാരില്‍ സംഘബോധത്തിന്റെയും അവകാശബോധത്തിന്റെയും വെളിച്ചം പകര്‍ന്നുനല്‍കിയത് എന്‍ജിഒ യൂണിയന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ്. ഐക്യകേരള രൂപീകരണവും തുടര്‍ന്ന് 1957ല്‍ ഇ എം എസ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയതും സിവില്‍സര്‍വീസില്‍ ഏകീകൃത സംഘടനാ രൂപീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്നു. ജീവനക്കാര്‍ക്ക് ശമ്പളവും അലവന്‍സുകളും പ്രധാനമെങ്കിലും അത് ചോദിക്കാനുള്ള അവകാശമാണ് അതിനേക്കാള്‍ പ്രധാനമെന്ന ഇ എം എസ്സിന്റെ വാക്കുകള്‍ സിവില്‍സര്‍വീസില്‍ ഏകീകൃത സംഘടനയെന്ന ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രയാണത്തില്‍ ചാലകശക്തിയായി. ഈ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് 1962 ഒക്ടോബറില്‍ കേരള എന്‍ജിഒ യൂണിയന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.

എന്‍ജിഒ യൂണിയന്റെ അരനൂറ്റാണ്ടുകാലത്തെ വളര്‍ച്ച അധികാരത്തിന്റെ ശീതളഛായയില്‍ അഭയം തേടിക്കൊണ്ടായിരുന്നില്ല. കേന്ദ്ര ക്ഷാമബത്തയ്ക്കുവേണ്ടി 1967ല്‍ നടത്തിയ ആദ്യപണിമുടക്ക് മുതല്‍ 1973, 78, 83, 85 കാലഘട്ടങ്ങളില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണത്തിനുവേണ്ടി നടത്തിയ അനിശ്ചിതകാല പണിമുടക്കടക്കമുള്ള പോരാട്ടങ്ങളിലൂടെ സേവനവ്യവസ്ഥയിലും വേതനഘടനയിലും വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നാകെ കവര്‍ന്നെടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പരിശ്രമങ്ങളെ 32 ദിവസത്തെ പോരാട്ടത്തിലൂടെയാണ് 2002ല്‍ പ്രതിരോധിച്ചത്. പെന്‍ഷന്‍ സംരക്ഷിക്കുന്നതിന് 2013 ജനുവരി എട്ടുമുതല്‍ ആറുനാള്‍ നീണ്ട പോരാട്ടമടക്കമുള്ള പ്രക്ഷോഭങ്ങള്‍ ആവിഷ്കരിക്കുന്നതിനും പ്രായോഗികരൂപം നല്‍കുന്നതിനും സംഘടനയ്ക്ക് കഴിഞ്ഞു. വേതനം നിഷേധിക്കല്‍, പിരിച്ചുവിടല്‍, സസ്പെന്‍ഷന്‍, സ്ഥലംമാറ്റം, അറസ്റ്റ്, ജയില്‍വാസം തുടങ്ങി എണ്ണമറ്റ പ്രതികാരനടപടികളെയെല്ലാം നെഞ്ചുറപ്പോടെ നേരിട്ട് ജീവനക്കാരുടെ സംരക്ഷകരായി മാറിയ ഉജ്വല പാരമ്പര്യമാണ് സംഘടനയുടെ ഒസ്യത്ത്.

അതീവ ദുഷ്കരമായ സ്ഥിതിവിശേഷമാണ് ഇന്ന് ലോകമെമ്പാടും തൊഴിലാളിവര്‍ഗം അഭിമുഖീകരിക്കുന്നത്. ധനമൂലധനത്തിന്റെ അത്യാര്‍ത്തി, അധ്വാനിക്കുന്നവരുടെ ആനുകൂല്യങ്ങളെയും അവകാശങ്ങളെയും വന്‍തോതില്‍ കവര്‍ന്നെടുക്കുന്നു. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴില്‍മേഖലയിലെ സമയക്ലിപ്തത, വേതന വ്യവസ്ഥകള്‍, പെന്‍ഷനടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ എന്നിവയ്ക്കുമേല്‍ കടുത്ത ആക്രമണമാണ് മൂലധനശക്തികള്‍ നടത്തുന്നത്. ഇതിനനുസൃതമായി നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും തദ്ദേശീയ സര്‍ക്കാരുകളെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങി ചെലവുചുരുക്കല്‍ നടപടികള്‍ വ്യാപകമാക്കുന്നു. തൊഴില്‍ സംരക്ഷിക്കുന്നതിനും കവര്‍ന്നെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും വീണ്ടെടുക്കുന്നതിനും തൊഴിലാളികളുടെ ചെറുത്തുനില്‍പ്പ് സമരങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും ശക്തിപ്പെടുകയാണ്. മുതലാളിത്ത ലോകത്തിലെ മാന്ദ്യത്തിന്റെയും കടുത്ത പ്രതിസന്ധിയുടെയും പശ്ചാത്തലം ഇന്ത്യയെയും ആഴത്തില്‍ ഗ്രസിച്ചിരിക്കുകയാണ്. എന്നാല്‍, ലോക സംഭവവികാസങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ, നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ യുപിഎ സര്‍ക്കാര്‍ തീവ്രമാക്കുന്നു. വിലക്കയറ്റം, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സര്‍ക്കാര്‍ കുത്തകകള്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നു. കോര്‍പറേറ്റുകളുടെ ലാഭവും നിയമവിരുദ്ധ സാമ്പത്തികനേട്ടവും ഉയരുമ്പോള്‍, തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും രാജ്യത്ത് ഏറുകയാണ്.

കൂലിയും സാമൂഹ്യസുരക്ഷാപദ്ധതികളും വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസവളം, ഔഷധം, പഞ്ചസാര തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണാധികാരം കൈയൊഴിഞ്ഞ് വിലക്കയറ്റത്തിന് ആക്കം കൂട്ടി. ചില്ലറവ്യാപാരം, ധനകാര്യമേഖല തുടങ്ങി എല്ലാ രംഗങ്ങളിലും വിദേശ ധനമൂലധനത്തിന്റെ അനിയന്ത്രിത ഇടപെടലിന് അവസരമൊരുക്കി. മൂലധനശക്തികള്‍ക്ക് രാജ്യസമ്പത്ത് യഥേഷ്ടം കൊള്ളയടിക്കാനുള്ള സാഹചര്യമാണ് നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചത്. വമ്പന്‍ അഴിമതികളില്‍ ഭരണനേതൃത്വത്തിന്റെ പങ്ക് ഓരോ ദിനവും പുറത്തുവരുന്നു.

സുപ്രീംകോടതിക്കു മുമ്പില്‍ തല കുമ്പിട്ടിരിക്കുന്ന പ്രധാനമന്ത്രിയും സിബിഐയും കടുത്ത അപമാനമാണ് നാടിന് വരുത്തിവച്ചത്. തൊഴിലാളികളടക്കം സാധാരണ ജനങ്ങളുടെ ഉപജീവനവും സമ്പദ്ഘടനയുടെ താല്‍പ്പര്യങ്ങളും അപകടപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങള്‍ക്കെതിരെയുള്ള ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ അടങ്ങാത്ത രോഷമാണ് 2013 ഫെബ്രുവരി 20, 21 ന്റെ പണിമുടക്കിലൂടെ പ്രകടിതമായത്. ഈ ഐക്യം വിപുലീകരിക്കുന്നതിനും കൂടുതല്‍ കെട്ടുറപ്പോടെ നിലനിര്‍ത്തി പോരാട്ടങ്ങളില്‍ യോജിച്ച് അണിനിരക്കുന്നതിനും കഴിഞ്ഞെങ്കില്‍ മാത്രമേ ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കാനാകൂ. ഇതേ നവലിബറല്‍നയങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലും അടിച്ചേല്‍പ്പിക്കുന്നു. പൊതുവിതരണം, കുടിവെള്ളം, വൈദ്യുതി, പൊതുഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി സമസ്തമേഖലകളെയും യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു.

കുടിവെള്ള വിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിലക്കയറ്റം ആളിക്കത്തുമ്പോഴും നിലവിലുള്ള പൊതുവിതരണരംഗം പോലും ദുര്‍ബലപ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ ദുര്‍ബലമായ ഭൂരിപക്ഷം മറയാക്കി ഭരണത്തിന്റെ എല്ലാ തലങ്ങളിലും അഴിമതി വ്യാപകമാക്കി. പരസ്പരമുള്ള വിഴുപ്പലക്കലുകള്‍ക്കും തമ്മിലടിക്കുമപ്പുറം, ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ആന്തരിക വൈരുധ്യങ്ങളാലും മതസാമുദായിക ശക്തികളുടെ സമ്മര്‍ദങ്ങളാലും ഭരണരംഗം നിശ്ചലമായി. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി സംസ്ഥാനത്തെ അവഗണിക്കുമ്പോഴും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് യഥാസമയം നേടിയെടുക്കുന്നതിന് ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. സിവില്‍സര്‍വീസ് മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഭരണരംഗത്ത് നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും സിവില്‍സര്‍വീസിന്റെ താളം തെറ്റിച്ചിരിക്കുന്നു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് ഭരണനേതൃത്വം ജീവനക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നു. സ്ഥലംമാറ്റങ്ങളില്‍ അഴിമതി വ്യാപകമായി. നിര്‍ഭയമായി ജോലിചെയ്യാനാകാത്ത സാഹചര്യമാണ് യുഡിഎഫ് ഭരണം സൃഷ്ടിച്ചത്. പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാക്കുന്നതിന് മുമ്പുതന്നെ കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചു. 2013 ഏപ്രില്‍ 1 മുതല്‍ കേരളത്തിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതോടെ ഒരേ സര്‍വീസില്‍ രണ്ടുതരം സേവനവ്യവസ്ഥകള്‍ നിലവില്‍ വന്നു. ജീവിതാന്ത്യംവരെ ലഭ്യമാകേണ്ട സുരക്ഷിതത്വം ഓഹരിക്കമ്പോളത്തിന്റെയും കോര്‍പറേറ്റുകളുടെയും ദയാദാക്ഷിണ്യങ്ങള്‍ക്കായി എറിഞ്ഞുകൊടുത്ത കൊടിയ വഞ്ചനയാണ് യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയത്. 2013 ജനുവരി 8 മുതല്‍ കേരളത്തില്‍ നടത്തിയ ഉജ്വല പണിമുടക്കിനു മുന്നില്‍ മുന്‍നിലപാടുകളില്‍നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിവന്നുവെങ്കിലും, ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ നടപ്പാക്കാതെ തികച്ചും ജനാധിപത്യവിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പണിമുടക്ക് നിര്‍ത്തിവച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നിരവധി ജീവനക്കാര്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍വരുന്നതോടെ പൊതു പ്രോവിഡന്റ് ഫണ്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഇല്ലാതാകുമെന്ന എന്‍ജിഒ യൂണിയന്റെ മുന്നറിയിപ്പ് യാഥാര്‍ഥ്യമായി. എല്ലാ ജീവനക്കാരും ഒരേപോലെ നിരാകരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്കെതിരെയുള്ള പോരാട്ടം തുടരേണ്ടതിന്റെ അനിവാര്യത ഓരോ ദിവസവും കൂടുതല്‍ വ്യക്തമാവുകയാണ്. പെന്‍ഷന്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന് ജീവനക്കാരെ ഒറ്റുകൊടുത്ത സെറ്റോ നേതൃത്വം മാപ്പര്‍ഹിക്കാത്ത വഞ്ചനയാണ് കാട്ടിയത്. തൊഴിലും കൂലിയും പെന്‍ഷനടക്കമുള്ള അവകാശങ്ങളും നിലനിര്‍ത്താന്‍ യോജിച്ച പോരാട്ടങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയാതെ ഇത്തിരിവട്ടം മാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഇത്തരം സംഘടനകള്‍ സിവില്‍സര്‍വീസിന്റെ ദുര്യോഗമാണ്. സ്വകാര്യമൂലധനത്തെ ശക്തിപ്പെടുത്തി മാത്രമെ രാജ്യത്ത് വളര്‍ച്ച കൈവരിക്കാന്‍ കഴിയൂ എന്ന നിലപാട് സിവില്‍സര്‍വീസ് അടക്കമുള്ള പൊതു സംവിധാനങ്ങളെ തകര്‍ക്കുന്നതിനുവേണ്ടിയാണ്. സിവില്‍സര്‍വീസിനെ ശക്തിപ്പെടുത്തിയും കാര്യക്ഷമമായി നിലനിര്‍ത്തിയും മാത്രമെ ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിയൂ.

തൊഴില്‍പരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലുണ്ടാകുന്ന ചെറിയ പിഴവുകള്‍പോലും സിവില്‍സര്‍വീസിനെതിരായ ആക്രമണങ്ങള്‍ക്ക് ശക്തിപകരുമെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടണം. ആഗോളവല്‍ക്കരണനയങ്ങളെ തുറന്നെതിര്‍ക്കുന്ന സംഘടനകളെ ദുര്‍ബലപ്പെടുത്തുന്നതിന് മൂലധനശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. കോര്‍പറേറ്റ് കൊള്ളയും അത് തൊഴിലിടങ്ങളില്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്കും മറയിടാന്‍ അരാഷ്ട്രീയതയുടെ മുദ്രാവാക്യം മൂലധനശക്തികള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങളെ വന്‍തോതില്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്ന പൊതുബോധ നിര്‍മിതിക്കായി മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. കമ്പോള കേന്ദ്രീകൃതമായ നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ജനകീയ പോരാട്ടങ്ങളുടെ ഭാഗമായി മാറുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനും കഴിഞ്ഞെങ്കില്‍ മാത്രമെ ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ കഴിയൂ.

എ ശ്രീകുമാര്‍ (കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
deshabhimani 100513

No comments:

Post a Comment