Friday, May 10, 2013
അശ്വനികുമാറിന് പ്രധാനമന്ത്രി കവചം
കല്‍ക്കരിപ്പാടം കുംഭകോണക്കേസില്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശം നേരിട്ട കേന്ദ്ര നിയമമന്ത്രി അശ്വനികുമാറിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംരക്ഷണകവചമേകുന്നു. അശ്വനികുമാര്‍ രാജിവച്ചാല്‍ തന്റെ പ്രതിരോധം ദുര്‍ബലമാകുമെന്ന ധാരണയാണ് പ്രധാനമന്ത്രിയെ നയിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തില്‍ അശ്വനികുമാര്‍ പങ്കെടുത്തെങ്കിലും കോഴവിവാദത്തില്‍ ഉള്‍പ്പെട്ട റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വിട്ടുനിന്നു. ബന്‍സലിനെ ഒഴിവാക്കി അശ്വനികുമാറിനെ പ്രധാനമന്ത്രി സംരക്ഷിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു.
പ്രധാനമന്ത്രിയുമായി അശ്വനികുമാര്‍ വ്യാഴാഴ്ച വിശദ ചര്‍ച്ച നടത്തി. പ്രധാനമന്ത്രി കാര്യാലയത്തിലെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അശ്വനികുമാര്‍ സംസാരിച്ചു. എന്നാല്‍, താന്‍ പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്നാണ് അശ്വനികുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സുപ്രീംകോടതിയുടെ പരാമര്‍ശത്തെതുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പ്രധാനമന്ത്രി രാഷ്ട്രപതിയെക്കണ്ട് ധരിപ്പിച്ചു. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ട് സുപ്രീം കോടതി പരാമര്‍ശത്തിന്റെ വിശദാംശങ്ങളും അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളും വിശദീകരിച്ചു. അശ്വനികുമാര്‍ രാജിവയ്ക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറ്റോര്‍ണി ജനറലിനോട് പ്രധാനമന്ത്രി ചര്‍ച്ചചെയ്തു. സിബിഐ റിപ്പോര്‍ട്ട് തിരുത്താന്‍ നിയമമന്ത്രി നിര്‍ദേശിച്ചതിനെയും പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഇതിനായി ഇടപെട്ടതിനെയും ശക്തമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. നിയമമന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നതാണ് സുപ്രീംകോടതി പരാമര്‍ശത്തിന്റെ സത്ത. സാധാരണഗതിയില്‍ ഇത്തരമൊരു പരാമര്‍ശമുണ്ടായാല്‍ മന്ത്രി ഉടന്‍ രാജിവയ്ക്കണം. എന്നാല്‍, കോടതിയുടെ പരാമര്‍ശം തനിക്കോ പ്രധാനമന്ത്രിക്കോ എതിരെയല്ലെന്നാണ് അശ്വനികുമാറിന്റെ വ്യാഖ്യാനം. അതിന് പ്രധാനമന്ത്രിയുടെ പിന്തുണയുമുണ്ട്. അശ്വനികുമാര്‍ രാജിവച്ചാല്‍ അത് തന്റെ രാജിക്കുവേണ്ടിയുള്ള സമ്മര്‍ദം ശക്തമാകാന്‍ കാരണമാകുമെന്ന് പ്രധാനമന്ത്രി കരുതുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം അശ്വനികുമാറിന്റെ രാജിക്കുവേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. എന്നാല്‍, പ്രധാനമന്ത്രി അശ്വനികുമാറിനെ സംരക്ഷിക്കുന്നതിനാല്‍ ആരും പരസ്യമായി അഭിപ്രായപ്രകടനം നടത്താന്‍ തയ്യാറാകുന്നില്ല.
മന്‍മോഹന്‍സിങ്ങിന്റെ വിശ്വസ്തസംഘത്തില്‍പെട്ട അശ്വനികുമാറിനും പവന്‍കുമാര്‍ ബന്‍സലിനുമെതിരെ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുതന്നെ ശക്തമായ പ്രതികരണമുണ്ട്. കോണ്‍ഗ്രസ് വക്താവും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയുമായ മനീഷ് തിവാരി ഇരുവര്‍ക്കുമെതിരെ സോണിയ ഗാന്ധിയോടു പരാതിപ്പെട്ടു. ഇരുവരെയും സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് അദ്ദേഹം സോണിയയോട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിനാല്‍ പ്രതിപക്ഷത്തിന്റെ നേരിട്ടുള്ള ആക്രമണത്തെ ഇനി നേരിടേണ്ടിവരില്ലെന്ന ആശ്വാസത്തിലാണ് പ്രധാനമന്ത്രി. ജൂലൈ പത്തിന് കോടതി എന്തു പറയുമെന്ന് നോക്കാമെന്നാണ് അദ്ദേഹത്തിന് ലഭിച്ച ഉപദേശം. എന്നാല്‍,കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അന്തര്‍നാടകങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ആര് ജയിക്കുമെന്നതനുസരിച്ചാകും അശ്വനികുമാറിന്റെ രാജി.
(വി ജയിന്‍)
deshabhimani 100513
Subscribe to:
Post Comments (Atom)
No comments:
Post a Comment