Sunday, May 5, 2013

സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് കുത്തനെ കൂട്ടി


കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്സിനുള്ള ഫീസ് കുത്തനെ കൂട്ടി. ട്യൂഷന്‍ ഫീസ് പ്രതിവര്‍ഷം ഏഴര ലക്ഷവും കോഴ്സ് കഴിയുംവരെയുള്ള പലിശരഹിത നിക്ഷേപം ഏഴ് ലക്ഷം രൂപയുമായിരിക്കുമെന്ന് അസോസിയേഷന്‍ പ്രോസ്പെക്റ്റസില്‍ പറയുന്നു. എട്ട് കോളേജുകളിലായി 900 സീറ്റാണുള്ളത്. ഇതില്‍ 50 ശതമാനം സീറ്റില്‍ കേരള പ്രവേശന പരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്നും 35 ശതമാനം സീറ്റില്‍ അസോസിയേഷന്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. 15 ശതമാനം എന്‍ആര്‍ഐ ക്വോട്ടയും. 50 ശതമാനം മെറിറ്റ് സീറ്റില്‍ ബിപിഎല്‍ വിഭാഗത്തിന് 25,000 രൂപ, പൊതുവിഭാഗത്തിന് ഒന്നര ലക്ഷം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫീസ്. മാനേജ്മെന്റ് സീറ്റിന് ആറര ലക്ഷം ഫീസും അഞ്ച് ലക്ഷം പലിശരഹിത നിക്ഷേപവും. ഇപ്പോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രവേശനത്തില്‍ മെറിറ്റ്-മാനേജ്മെന്റ് വ്യത്യാസം പറയുന്നില്ല. ട്യൂഷന്‍ ഫീസ് ഏഴര ലക്ഷമെന്നും പലിശരഹിത നിക്ഷേപം ഏഴ് ലക്ഷം രൂപയെന്നും മാത്രമേ പറയുന്നുള്ളൂ.

ഈ ഫീസ് നിരക്ക് മാനേജ്മെന്റ് ക്വോട്ടയ്ക്ക് മാത്രമേ ബാധകമുള്ളൂവെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. ഈ നിരക്കിലും സര്‍ക്കാരുമായി ചര്‍ച്ച നടത്തി മാറ്റം വരുത്താന്‍ തയ്യാറാണ്. അതേ സമയം, മാനേജ്മെന്റ്, മെറിറ്റ് സീറ്റിലെ ഫീസില്‍ കാര്യമായ വര്‍ധന വേണമെന്നും ഗഫൂര്‍ ആവശ്യപ്പെട്ടു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള കോളേജുകളും ഫീസ് കുത്തനെ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കോളേജുകള്‍ മാനേജ്മെന്റ്-മെറിറ്റ് സീറ്റില്‍ ഒരേ ഫീസ് ആണ് ഇടാക്കുന്നത്. പ്രവേശന പരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്ന് മെറിറ്റ് സീറ്റില്‍ പ്രവേശനം നല്‍കുന്നുവെന്ന് മാത്രമേ ഉള്ളൂ. മെറിറ്റ് സീറ്റില്‍ ഈ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ക്ക് ഫീസിന്റെ കാര്യത്തില്‍ ഒരുഗുണവും ലഭിക്കുന്നില്ല. ഇവര്‍ സ്വന്തം നിലയില്‍ സ്കോളര്‍ഷിപ് നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അത് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ നേരിയ തോതില്‍ ലഭിക്കുന്നുള്ളൂ.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കണം: എസ്എഫ്ഐ

തിരു: മുഹമ്മദ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഫീസ് വര്‍ധിപ്പിച്ച കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ വിടുപണി ചെയ്യുകയാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖലയെ പൂര്‍ണമായും കച്ചവടവല്‍കരിക്കാനും വിദ്യാര്‍ഥികളെ കൊള്ളയടിക്കാനുമുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്കും തിങ്കളായ്ച സെക്രട്ടറിയറ്റിലേക്കും വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിക്കും. സെക്രട്ടറിയറ്റ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ് ഉദ്ഘാടനംചെയ്യും

deshabhimani 050513

No comments:

Post a Comment