Sunday, May 5, 2013

പി മോഹനന്റെ ജാമ്യഹര്‍ജി: വിശദ വാദം 10 ന്


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്റെ ജാമ്യാപേക്ഷയില്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രാരംഭവാദം തുടങ്ങി. വിശദമായ വാദം കേള്‍ക്കല്‍ 10ലേക്ക് മാറ്റി. ഒമ്പതിന്റെ സാക്ഷിവിസ്താരം കഴിഞ്ഞ് വാദം നടത്തുന്നതാണ് ഉചിതമെന്ന പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ജഡ്ജി ആര്‍ നാരായണ പിഷാരടിയുടെ ഉത്തരവ്. ഇത്തരം കേസുകളില്‍ വിചാരണക്കോടതിക്ക് ജാമ്യം നല്‍കാനാവുമെന്ന് വിശദമാക്കുന്ന ഉത്തരവുകളോ രേഖകളോ ഉണ്ടെങ്കില്‍ പ്രതിഭാഗം 10ന് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതിക്ക് ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ സി ശ്രീധരന്‍ നായര്‍, എം അശോകന്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍ എന്നിവര്‍ വാദിച്ചു. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയില്‍ തന്നെ പുതിയ ഹര്‍ജി കൊടുക്കുകയാണ് വേണ്ടതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ പറഞ്ഞു. രാഷ്ട്രീയ വിരോധം കാരണം പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 25നാണ് അഡ്വ. സി ശ്രീധരന്‍ നായര്‍ മുഖേന പി മോഹനന്‍ ജാമ്യഹര്‍ജി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 26 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നും അസുഖങ്ങളും ശാരീരിക ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ടെന്നും കോടതി പറയുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട ദൃക്സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായശേഷം ഹര്‍ജിക്കാരന് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസില്‍ 14-ാം പ്രതിയായാണ് മോഹനനെ ഉള്‍പ്പെടുത്തിയത്.

ശനിയാഴ്ച വിസ്തരിക്കേണ്ട നാലുപേരില്‍ രണ്ടു സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥരായ വിനോദന്‍, അബ്ദുള്‍ വഹാബ് എന്നിവരെയാണ് വിസ്താരത്തില്‍നിന്ന് ഒഴിവാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരായ ബാബുരാജന്‍, സജു എസ് ദാസ് എന്നിവര്‍ അവധിക്ക് അപേക്ഷിച്ചു. 207, 244 മുതല്‍ 251, 255 മുതല്‍ 258 സാക്ഷികളെ തിങ്കളാഴ്ച വിസ്തരിക്കും.

deshabhimani 050513

No comments:

Post a Comment