Monday, May 6, 2013

നടക്കുന്നത് ആര്‍എസ്എസ്- മാഫിയ തേര്‍വാഴ്ച; പൊലീസ് നിഷ്ക്രിയം


കാട്ടാക്കട: സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സ്പിരിറ്റ്- ബ്ലേഡ് മാഫിയാസംഘം. അമ്പലത്തിന്‍കാലയില്‍ സിപിഐ എം പ്രവര്‍ത്തകനായ ശ്രീകുമാര്‍ എന്ന അശോകനെ കൊലപ്പെടുത്തിയ ശംഭു അറിയപ്പെടുന്ന ആര്‍എസ്എസ് ക്രിമിനലാണ്. കാട്ടാക്കടയിലും മറ്റ് പ്രദേശങ്ങളിലും ആര്‍എസ്എസിനുവേണ്ടി ആക്രമണങ്ങള്‍ക്ക് പോകുന്നത് ഇയാളും സംഘവുമാണ്. ദരിദ്രാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തമിഴ്നാട്ടില്‍നിന്ന് സ്പിരിറ്റ് കടത്തി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വളരെ വേഗം സമ്പന്നനാകുകയായിരുന്നു. സ്വന്തമായി നിരവധി വാഹനങ്ങളും വീടും വസ്തുവും ഉള്‍പ്പെടെ കുറഞ്ഞകാലംകൊണ്ടാണ് ഇയാള്‍ സമ്പാദിച്ചത്. സ്പിരിറ്റ് കടത്തിനോടൊപ്പം മീറ്റര്‍- വട്ടിപ്പലിശയ്ക്ക് പണം കൊടുക്കലും ഇയാളുടെ തൊഴിലാണ്. പണം കടംവാങ്ങിയവര്‍ പലിശ കൊടുക്കാന്‍ വൈകിയാല്‍ ആര്‍എസ്എസ് ക്രിമിനലുകളെ കൊണ്ട് അവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യും. പ്ലാവൂര്‍, തലയ്ക്കോണം പ്രദേശത്ത് നിരവധി ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകരെ ഈ ക്രിമിനല്‍സംഘം ആക്രമിച്ചിട്ടുണ്ട്.

തലയ്ക്കോണത്ത് ഏതാനും മാസംമുമ്പ് ഡിവൈഎഫ്ഐ നടത്തുന്ന പിഎസ്സി കോച്ചിങ് ക്ലാസ് ആക്രമിച്ച് പ്രവര്‍ത്തകരെ ആക്രമിക്കുകയും പിറ്റേദിവസം ഡിവൈഎഫ്ഐ ലോക്കല്‍കമ്മിറ്റി പ്രസിഡന്റിനെയും യൂണിറ്റ് പ്രസിഡന്റിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ഈ സംഘം ആക്രമിച്ചിരുന്നു. ഈ സംഭവങ്ങളില്‍ ഒന്നും പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തില്ല. ഈ ക്രിമിനല്‍ സംഘത്തെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികളും സിഐ ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയിരുന്നു. എന്നാല്‍, കാട്ടാക്കടയിലെ പൊലീസില്‍ ഇവര്‍ക്കുള്ള സ്വാധീനം കാരണം പൊലീസ് ഒരു നടപടിയും എടുത്തില്ല.സ്പിരിറ്റ് കടത്തും ബ്ലേഡ്- മീറ്റര്‍ പലിശയ്ക്ക് കൊടുപ്പും ചെയ്യുന്ന ഇവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസപ്പടിയും കൊടുക്കാറുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇവരെ ചില കേസുകളില്‍ കോണ്‍ഗ്രസുകാരായ ചില എംഎല്‍എമാരും സഹായിച്ചിരുന്നു. ഇതാണ് ഇവര്‍ ഇത്രവേഗം വളരാന്‍ കാരണമായത്.

ആര്‍എസ്എസ് അക്രമം രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൂക്കാട് ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ ആക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വെട്ടേറ്റ ഒരാളെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. പൂക്കാട് കലായിപറമ്പത്ത് സൗമേഷി(19)നാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ വേപ്പാഞ്ചേരി അനൂപി(19)നെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമേഷും അനൂപും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് ഒരുപറ്റം ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ മാരകായുധങ്ങളുമായെത്തിയ സംഘം ഓടിമറഞ്ഞു. ഞായറാഴ്ച രാത്രി 8.30ന് വീട്ടില്‍നിന്നും തൊട്ടില്‍പ്പാലം ടൗണിലേക്ക് പോകുമ്പോള്‍ പൂക്കാട്വച്ചായിരുന്നു അക്രമം.

ലീഗ് അക്രമം: 5 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

താമരശേരി: മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പരിക്കേറ്റ തോട്ടുംമൂലയില്‍ അബ്ദുള്‍ സമദ് (50), തോട്ടുംമൂലയില്‍ ഹമീദ് (48) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുത്തന്‍പുരയില്‍ പി കെ കുഞ്ഞിക്കോയഹാജി (62), ചെട്ട്യാം ഞാറലില്‍ മുഹമ്മദ് (59), പി കെ സല്‍മാന്‍ (22) എന്നിവരെ താമരശേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെ അണ്ടോണയിലാണ് സംഭവം. ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അമ്പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

deshabhimani 060513

No comments:

Post a Comment