Monday, May 6, 2013

സുപ്രധാന സ്ഥാനങ്ങള്‍ ലീഗിന്; വിസിയെ തുടരാന്‍ അനുവദിക്കും


കലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുവരുന്ന സുപ്രധാന സ്ഥാനങ്ങളില്‍ ലീഗ് നോമിനികളെ നിയമിക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചതോടെ വിസി ഡോ. അബ്ദുള്‍ സലാമിനെ മാറ്റണമെന്ന ആവശ്യത്തില്‍നിന്നും മുസ്ലിംലീഗ് പിന്നോട്ടുപോകുന്നു. രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, അക്കാദമിക് കോളേജ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പാര്‍ടി നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ലീഗ് ആവശ്യം. കഴിഞ്ഞദിവസം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരാവശ്യം വിസിക്കുമുന്നില്‍ വച്ചത്. ഇത് വിസി അംഗീകരിച്ചതായാണ് വിവരം. ഞായറാഴ്ച മന്ത്രി ഇ അഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയിലും വിസി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

മുമ്പ് വിസി സ്ഥാനത്തേക്ക് പരിഗണിച്ച മുസ്ലിംലീഗ് വള്ളിക്കുന്ന് നിയോജകമണ്ഡലം പ്രസിഡന്റിന്റെ ബന്ധുവിനെ രജിസ്ട്രാറാക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല കൈമാറുന്നതുസംബന്ധിച്ചും സമവായമായതായാണ് സൂചന. നിലവിലെ രജിസ്ട്രാര്‍ ഡോ. എം വി ജോസഫിന് താല്‍ക്കാലിക ചുമതല കൈമാറുന്നതില്‍ ലീഗിന് താല്‍പ്പര്യമില്ല. അതിനാല്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് ചുമതല കൈമാറണമെന്നാണ് ലീഗ് ആവശ്യം. നിലവിലെ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. രാജഗോപാല്‍ 31ന് സ്ഥാനമൊഴിയുകയാണ്. ഈ തസ്തികയിലും ലീഗിന് കണ്ണുണ്ട്. നിലവില്‍ വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഏലിയാസ് മുസ്തഫയ്ക്കാണ് അക്കാദമിക് കോളേജ് ഡയറക്ടറുടെ ചുമതല. ഇദ്ദേഹത്തിന് സ്ഥിരം ചുമതല നല്‍കുന്നതില്‍ ലീഗിന് എതിര്‍പ്പില്ല. മറ്റ് രണ്ട് തസ്തികകളിലും ലീഗുകാരെ നിയമിക്കാമെന്ന ഉറപ്പിലാണ് വിസിയെ മാറ്റണമെന്ന ആവശ്യത്തില്‍നിന്നും ലീഗ് പിന്നോട്ട് പോകുന്നത്.

വിസിയെ മാറ്റുന്നത് സംബന്ധിച്ച് ലീഗിനുള്ളിലെ അഭിപ്രായ ഭിന്നതയാണ് ഡോ. അബ്ദുള്‍ സലാമിന് തുണയായത്. വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍. എന്നാല്‍, പാര്‍ടിയിലെ പല നേതാക്കള്‍ക്കും ഈ അഭിപ്രായമില്ല. വിസിയെ മാറ്റിയാല്‍ മറ്റൊരാളെ കണ്ടെത്തുക എളുപ്പമല്ലെന്നും പാര്‍ടി നേതൃത്വം വിലയിരുത്തുന്നു. സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും പാര്‍ടിക്കുമുന്നില്‍ വെല്ലുവിളിയാണ്. മിക്ക കേസുകളിലും വിസിയും ലീഗ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രതികളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വിസിയെ മാറ്റുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്ന് നേതൃത്വം ഭയക്കുന്നുണ്ട്. ഭൂമിദാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിസി പുറത്തുവിട്ടാല്‍ അത് മന്ത്രിസഭയുടെ പ്രതിഛായയെതന്നെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വിസിയെ മാറ്റാന്‍ പാര്‍ടി രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്ന സാങ്കേതിക വാദം ഉയര്‍ത്തിയാകും പുതിയ നീക്കങ്ങളെ ലീഗ് ന്യായീകരിക്കുക. വിസിയെ മാറ്റണമെന്നത് സിന്‍ഡിക്കേറ്റംഗങ്ങളുടെ മാത്രം ആവശ്യമാണെന്നും പാര്‍ടി ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നുമാകും ലീഗ് വാദിക്കുക. വിസി പ്രശ്നത്തില്‍ പൊതുനിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതും ലീഗിന് തുണയാകുന്നു.

deshabhimani 060513

No comments:

Post a Comment