Monday, May 6, 2013

എല്ലാം "നിയമപരം"


ഗോതമ്പിന് സ്വര്‍ണത്തിന്റെ നിറമാണ്. ഗോതമ്പ് വിളയുന്ന പഞ്ചാബില്‍നിന്ന് വരുന്ന എല്ലാവര്‍ക്കും പൊന്നുപോലത്തെ മനസ്സുമുണ്ടാകുമെന്ന് ഉറപ്പിക്കാന്‍ അശ്വനി കുമാറിനെ കണ്ടാല്‍ മതി. പരമസാത്വികന്‍. കല്‍ക്കരി കുംഭകോണ റിപ്പോര്‍ട്ടില്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരുനാള്‍ സത്യം പുറത്തു വരുമെന്നും അശ്വനി കുമാര്‍ പറയുമ്പോള്‍, അത് അപ്പാടെ വിശ്വസിക്കണമെന്ന് മന്‍മോഹന്‍സിങ് ഓര്‍മിപ്പിക്കേണ്ടതില്ല. അശ്വനി രാജിവയ്ക്കില്ല എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുതന്നെ അധികപ്രസംഗമാണ്.

ഈ കൊച്ചു കാര്യത്തിനൊക്കെ രാജിവയ്ക്കാന്‍ പോയാല്‍ മന്‍മോഹന്‍സിങ് എല്ലാ ദിവസവും ഓരോ രാജിക്കത്തുമായി രാഷ്ട്രപതി ഭവനില്‍ ചെല്ലേണ്ടിവന്നേനെ. ചിദംബരത്തിന് രാജിവകുപ്പിന്റെ മന്ത്രിസ്ഥാനം കൊടുക്കേണ്ടിവന്നേനെ. നിയമവകുപ്പ് സാധാരണ വകുപ്പല്ല. വീരപ്പമൊയ്ലിയെപ്പോലുള്ള രാവണന്‍മാര്‍ വാണ വകുപ്പാണ്. ആരെ കേസില്‍ കുടുക്കണമെന്നതുമുതല്‍, ഏതു കേസില്‍ ആരെ ശിക്ഷിക്കണമെന്നും രക്ഷിക്കണമെന്നും വരെ താന്‍ തീരുമാനിക്കുമെന്നായിരുന്നു മൊയ്ലിയുടെ കാലത്തെ "നിയമം". കേരളത്തില്‍ ഒരു മാര്‍ക്സിസ്റ്റ് നേതാവ് വല്ലാതെ ശല്യപ്പെടുത്തുന്നു എന്ന് ഫോണില്‍ വിളിച്ചു പറഞ്ഞശേഷം കാഴ്ചദ്രവ്യം ബാംഗളൂരുവിലേക്ക് വിട്ടാല്‍ ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടവരദാനം കിട്ടിയ കാലമായിരുന്നു അത്. മൊയ്ലി മൊഴിഞ്ഞാല്‍ സിബിഐ വില്ലുപോലെ വളഞ്ഞ കാലം. നല്ലൊരു പിന്‍ഗാമിയെ കിട്ടിയപ്പോഴാണ് മൊയ്ലി കോര്‍പറേറ്റ് മന്ത്രിയായത്.

സല്‍മാന്‍ ഖുര്‍ഷിദ് എന്ന ആ പിന്‍ഗാമി വിദേശകാര്യ വകുപ്പിലേക്ക് പറന്നപ്പോള്‍, ഗോതമ്പിന്റെ നിറമുള്ള അശ്വനി കുമാര്‍ എന്ന സ്വന്തക്കാരനുവേണ്ടിയാണ് നിയമമന്ത്രിപദം മന്‍മോഹന്‍ നീക്കിവച്ചത്. വിനീതവിധേയന്‍; പരിപൂര്‍ണ വിശ്വസ്തന്‍. ഖദറിട്ട് കോണ്‍ഗ്രസുകാരനായതല്ല അശ്വനി. പഴയകാലത്ത് വിനോദം ഗുസ്തിയായിരുന്നു. പഠിച്ചത് നിയമം. വക്കീലായി സുപ്രീം കോടതിയില്‍ പ്രാക്ടീസ് പൊടിപൊടിക്കുമ്പോഴാണ്, കൂടുതല്‍ നല്ല തൊഴില്‍ കോണ്‍ഗ്രസിലാണെന്ന് തോന്നിയത്. രാജ്യസഭയിലേക്ക് 2002ല്‍ "ലാറ്ററല്‍ എന്‍ട്രി". ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിലും ജനങ്ങളില്‍നിന്ന് വോട്ടു വാങ്ങേണ്ടിവന്നിട്ടില്ല. അതുകൊണ്ട് മന്‍മോഹനൊത്ത അനുയായിയായി.

ഏതു തൊഴിലിനും മിനിമം യോഗ്യത വേണം. കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായാല്‍ നിയമത്തെ വെട്ടിച്ച് എങ്ങനെ അഴിമതി നടത്തണം എന്ന് പഠിച്ചേ തീരൂ. അതില്ലാഞ്ഞതല്ല, അല്‍പ്പം അധികമായിപ്പോയതാണ് അശ്വനികുമാറിന് ഇപ്പോള്‍ വിനയായത്. സിബിഐ നേരെചൊവ്വെ റിപ്പോര്‍ട്ടുകള്‍ കൊടുത്താല്‍ സംഗതി പിടിവിട്ടുപോകും. അതുകൊണ്ട് ആദ്യം എനിക്ക്, പിന്നെ കോടതിക്ക് എന്നു തീരുമാനിച്ച് പാര്‍ടിക്കൂറ് തെളിയിച്ചു. മുദ്രവച്ച കവറില്‍ കിട്ടിയ റിപ്പോര്‍ട്ട് വിശദമായി വായിച്ചു; വേണ്ട തിരുത്തല്‍ വരുത്തി. പുതിയ റിപ്പോര്‍ട്ട് കണ്ടാല്‍ കുറ്റംചെയ്തത് കല്‍ക്കരിപ്പാടങ്ങളാണെന്നേ തോന്നൂ. കര്‍ത്താവുമില്ല, ക്രിയയുമില്ല. അത്രയും സേവനംചെയ്ത ഒരാളെ രാജിവയ്ക്കാനനുവദിച്ച് കൈവിടാന്‍ പാടുണ്ടോ?

തമിഴ്നാട്ടിലെ രാജയെയാണെങ്കില്‍ കൈവിട്ടാലും കുഴപ്പമില്ല-ഇത് മന്‍മോഹന്റെ സ്വന്തം അശ്വനി. ബലിയാടായത് താനാണെന്ന് വിലപിച്ചാണ് ഹിരന്‍ രാവല്‍ എന്ന അഡീഷണല്‍ സോളിസിറ്റര്‍ രാജിവച്ചത്. അശ്വനികുമാര്‍ തന്നോട് കൊലച്ചതി ചെയ്തെന്നാണ് പാവത്തിന്റെ പരിദേവനം. സിബിഐയുടെ റിപ്പോര്‍ട്ട് ആരും തുറന്നിട്ടില്ലെന്നും കണ്ടിട്ടില്ലെന്നുമൊക്കെ ആത്മാര്‍ഥമായി കോടതിയില്‍ പറഞ്ഞതാണ്. അന്ന് ഈ കഥകളൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ, റിപ്പോര്‍ട്ട് അപ്പാടെ മാറ്റി വാര്‍ത്തു എന്നാണ് തെളിഞ്ഞത്. എന്നോടെന്തിനീ ചതി എന്ന റാവലിന്റെ ചോദ്യത്തിന് മുമ്പ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ കസേരയില്‍ ഇരുന്ന് പരിചയമുള്ള അശ്വനികുമാര്‍ ഈ നിമിഷംവരെ മറുപടി പറഞ്ഞിട്ടില്ല.

അശ്വനി കുമാര്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിട്ടില്ല എന്നാണ് ഒടുവിലത്തെ രക്ഷാവാദം. കരട് റിപ്പോര്‍ട്ട് മന്ത്രി കണ്ടതേയുള്ളൂ; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല-പിന്നെന്ത് കുറ്റം എന്നാണ് ചോദ്യം. ആരും അറിഞ്ഞിരുന്നില്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ടും"നിയമപരമായി" കൈകാര്യംചെയ്യാനുള്ള അവസരം അശ്വനികുമാറിന് ലഭിക്കുമായിരുന്നു. നിയമത്തിന്റെയും നീതിയുടെയും മന്ത്രിമാര്‍ ചെയ്യേണ്ട കാര്യങ്ങള്‍തന്നെ ഇതെല്ലാം. എന്നാലും മൊയ്ലിക്കൊപ്പം എത്താന്‍ കഴിയാത്തത് മന്‍മോഹന്റെ ശിഷ്യനായതുകൊണ്ടുമാത്രം.

മൊയ്ലിയാണെങ്കില്‍ തിരുത്തിയ റിപ്പോര്‍ട്ടാണ് ഒറിജനലെന്ന് സിബിഐയെക്കൊണ്ട് കോടതിയില്‍ പറയിപ്പിച്ചേനെ. കോണ്‍ഗ്രസില്‍ ഒന്നും ശാശ്വതമല്ല എന്ന ഒറ്റ പേടിയേ അശ്വനിക്ക് വേണ്ടതുള്ളൂ. നാളെ കല്‍ക്കരിയുടെ കറുപ്പ് മന്‍മോഹന്റെ തലപ്പാവിനുമുകളിലാണ് പതിക്കുന്നതെങ്കില്‍, ആ തല പതുക്കെ പിന്‍വലിയാനും പകരം അശ്വനിയുടെ തല വച്ചുകൊടുക്കാനും സാധ്യത ഇല്ലാതില്ല. കോണ്‍ഗ്രസിലാകുമ്പോള്‍ ബലിയാട് എന്ന പ്രയോഗം ആരും ശ്രദ്ധിക്കുകയില്ല; ബലിയാടുകളുടെ കരച്ചില്‍ ആരും കേള്‍ക്കുകയുമില്ല.

സൂക്ഷ്മൻ deshabhimani varanthapathippu 050513

No comments:

Post a Comment