Monday, May 6, 2013

അഴിമതിമന്ത്രിമാര്‍ തുടരും


കോഴവിവാദത്തില്‍ കുടുങ്ങിയ പവന്‍കുമാര്‍ ബന്‍സലും സിബിഐ റിപ്പോര്‍ട്ട് തിരുത്തിയ നിയമമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ തുടരട്ടെയെന്ന് യുപിഎ സര്‍ക്കാര്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കേന്ദ്രമന്ത്രിസഭയില്‍നിന്ന് രണ്ടു പേരെ മാത്രം പുറത്താക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് ഞായറാഴ്ച കൂടിയ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലും മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിലും പ്രധാനമായും ഉയര്‍ന്നത്. നിയമമന്ത്രി അശ്വനികുമാറിന്റെ ഭാവി ബുധനാഴ്ച സുപ്രീം കോടതി പരാമര്‍ശത്തിനുശേഷമാകാമെന്നാണ് കോര്‍ കമ്മിറ്റിയിലുണ്ടായ ധാരണ. ബന്‍സലിനെ സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും തീരുമാനിച്ചു. മന്ത്രിമാരെ സംരക്ഷിക്കാന്‍ അവസാനശ്രമങ്ങളും നടത്തണമെന്ന ധാരണ യോഗങ്ങളിലുണ്ടായി.

ഇരുമന്ത്രിമാരുടെയും രാജിയാണ് പ്രതിപക്ഷ പാര്‍ടികള്‍ പൊതുവില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു വിരുദ്ധമായ നിലപാടെടുത്തു. മരുമകന്‍ കോഴ വാങ്ങിയതിന് ബന്‍സല്‍ രാജി വയ്ക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. ഇരുമന്ത്രിമാരും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ "കോര്‍ ഗ്രൂപ്പ്" അംഗങ്ങളാണ്. അതിനാല്‍ പ്രധാനമന്ത്രിക്ക് ഇവരുടെ രാജിയില്‍ താല്‍പ്പര്യമില്ല. എഐസിസിയിലെ ചില നേതാക്കളും കേന്ദ്രമന്ത്രിസഭയിലെ ചില അംഗങ്ങളും രണ്ട് മന്ത്രിമാരും രാജിവയ്ക്കണമെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യം കോര്‍ കമ്മിറ്റി ചര്‍ച്ചചെയ്തു. എന്നാല്‍, രണ്ടു ദിവസംകൂടി കാത്തശേഷം തീരുമാനമെടുക്കാമെന്നാണ് നിശ്ചയിച്ചത്. റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച പ്രസ്താവന നടത്താനും ചര്‍ച്ച ചെയ്യേണ്ടിവന്നാല്‍ മന്ത്രിയെ പ്രതിരോധിക്കാനും തീരുമാനിച്ചു.

സിബിഐ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ നിയമമന്ത്രി അശ്വനികുമാറിനെതിരെ ശക്തമായ പരാമര്‍ശമുണ്ടെങ്കില്‍ സുപ്രീംകോടതിയും കടുത്ത ഭാഷയിലാകും പ്രതികരിക്കുക. അത് മന്ത്രിയുടെ രാജിക്ക് വഴിതെളിച്ചേക്കും. അങ്ങനെയെങ്കില്‍ ബുധനാഴ്ച മതി രാജി എന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. പവന്‍കുമാര്‍ ബന്‍സല്‍ രാജിസന്നദ്ധത ശനിയാഴ്ചതന്നെ അറിയിച്ചിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിയുണ്ടാകുന്നത് ഉചിതമാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതിയത്. എട്ടിന് സുപ്രീം കോടതിയില്‍നിന്നുണ്ടാകുന്ന പരാമര്‍ശത്തോടൊപ്പം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലവും വരും. അതിനുശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കല്‍ക്കരി കുംഭകോണത്തില്‍ അന്വേഷണത്തിന്റെ ദിശ പ്രധാനമന്ത്രിയിലേക്കാണ്. സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ട് നിയമമന്ത്രി ഇടപെട്ട് തിരുത്തിയത് വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് വ്യക്തമാവുകയാണ്. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങളാണ് തിരുത്താന്‍ മന്ത്രി ആവശ്യപ്പെട്ടതെന്ന വിവരമാണ് പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ നിയമമന്ത്രിയുടെ രാജി ഉണ്ടായാല്‍ പ്രധാനമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദമേറും. ഈ സാഹചര്യം താല്‍ക്കാലികമായെങ്കിലും ഒഴിവാക്കാനാണ് നിയമമന്ത്രിയും രാജി വയ്ക്കേണ്ടതില്ലെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത്. ബുധനാഴ്ച സുപ്രീം കോടതിയുടെ പരാമര്‍ശം പ്രധാനമന്ത്രിയുടെ ഭാവിക്കും നിര്‍ണായകമാകുമെന്നാണ് സൂചന.
(വി ജയിന്‍)

deshabhimani 060513

No comments:

Post a Comment