Sunday, May 5, 2013
വെട്ടിക്കുറച്ച റേഷനരി പുനഃസ്ഥാപിച്ചില്ല
പൊതുവിപണിയില്‍ അരിവില കുതിച്ചുയരുമ്പോഴും സംസ്ഥാനത്തെ റേഷന്‍കടകള്‍വഴി വിതരണം ചെയ്യുന്നത് നാമമാത്രമായ അരി. കഴിഞ്ഞമാസം വെട്ടിക്കുറച്ച അരി പുനഃസ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പായില്ല. എപിഎല്‍-ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് സര്‍ക്കാര്‍ അനാസ്ഥമൂലം പാഴാകുന്നത്. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് പ്രതിമാസം ഒരു രൂപ നിരക്കില്‍ 25 കിലോ അരിയാണ് ലഭിക്കേണ്ടത്. കഴിഞ്ഞമാസം മുതല്‍ ഇത് 18 കിലോയാക്കി. സംഭവം വിവാദമായതോടെ അരിവിഹിതം പുനഃസ്ഥാപിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയെങ്കിലും റേഷന്‍ കടകള്‍ക്ക് അരി ലഭിച്ചില്ല. മേയിലെ വിഹിതത്തിലും ഇത് വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രത്തില്‍നിന്ന് അധിക വിഹിതം ലഭിച്ചാല്‍ 25 കിലോ നല്‍കാമെന്നാണ് റേഷനിങ് കണ്ട്രോളര് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഫലത്തില്‍ ഈ മാസവും ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഏഴ് കിലോ അരി നഷ്ടമാകും.
എപിഎല്‍ വിഭാഗങ്ങള്‍ക്ക് 8.90 രൂപ നിരക്കില്‍ 10 കിലോയും രണ്ടുരൂപ നിരക്കില്‍ 10 കിലോയുമാണ് ലഭിച്ചിരുന്നത്. ഏപ്രിലില്‍ ഇത് ആറാക്കി. കേന്ദ്രത്തില്‍നിന്ന് അധിക വിഹിതം ലഭിച്ചാല്‍ മാത്രമേ എപിഎല്‍ വിഭാഗങ്ങള്‍ക്ക് പൂര്‍ണ വിഹിതം നല്‍കാനാവൂ എന്നാണ് സിവില്‍സപ്ലൈസ് അധികൃതരുടെ വിശദീകരണം. 24,000 ടണ്‍ അരിയാണ് കഴിഞ്ഞമാസം കേന്ദ്രം വെട്ടിക്കുറച്ചത്. പ്രതിമാസ വിഹിതം കൂടാതെ, മാസത്തെ ആദ്യ ആഴ്ചകളില്‍ 10,000 ടണ്‍ അരിയും 5400 ടണ്‍ ഗോതമ്പും അധികമായി കേരളത്തിന് ലഭിക്കാറുണ്ട്. കഴിഞ്ഞമാസം മുതല്‍ ഇത് ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് അരി നല്കാന് സാധിക്കാത്തതെന്ന് റേഷനിങ് കണ്ട്രോളര് കെ രാധാകൃഷ്ണന് "ദേശാഭിമാനി"യോട് പറഞ്ഞു.
സംസ്ഥാനത്തിന് അനുവദിച്ച അധികവിഹിതം മാര്‍ച്ചില്‍ തീര്‍ന്നു. പുതിയ സാമ്പത്തിക വര്‍ഷം ഇതുവരെ അധിക വിഹിതം അനുവദിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇത് നേടുന്നതില്‍ സംസ്ഥാനത്തിന് സംഭവിച്ച വീഴ്ചയാണ് കാര്‍ഡുടമകള്‍ക്ക് തിരിച്ചടിയായത്. സംസ്ഥാനത്ത് ആകെ 79,53,881 കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 59,40,109 എപിഎല്ലും 14,58,058 ബിപിഎല്ലും ആണ്. ബാക്കിയുള്ളവര്‍ അന്ത്യോദയ, അന്നപൂര്‍ണ കാര്‍ഡുടമകളാണ്. സര്‍ക്കാര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ച അരിപോലും റേഷന്‍ ഉടമകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ പറഞ്ഞു. റേഷന്‍ വിഹിതം വര്‍ധിപ്പിച്ചതായി പ്രഖ്യാപനമിറക്കി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. കേന്ദ്ര അലോട്ട്മെന്റ് ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
(സി പ്രജോഷ്കുമാര്‍)
deshabhimani 050513
Labels:
പൊതുവിതരണം,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment