പിന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള 12 കോടി രൂപ സംസ്ഥാനത്തെ ഒരു പ്രബല സമുദായ സംഘടന തിരിമറി നടത്തിയെന്ന അക്കൗണ്ടന്റ് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ പൂഴ്ത്തി. ഇവര്‍ക്കുള്‍പ്പെടെ 81 സമുദായസംഘടനകള്‍ക്ക് വീണ്ടും വായ്പ നല്‍കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. കുടുംബശ്രീ സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കുന്നത് ഒഴിവാക്കാനാണ് സമുദായ സംഘടനകള്‍ക്ക് വായ്പ നല്‍കുന്നത്.
2003ലാണ് സൂക്ഷ്മ വായ്പാ പദ്ധതി (മൈക്രോ ഫിനാന്‍സ് ക്രെഡിറ്റ് സ്കീം) തുക വളഞ്ഞ വഴിയിലൂടെ സംഘടിപ്പിച്ച് ഈ സംഘടന തിരിമറി നടത്തിയത്. രണ്ട് ശതമാനം പലിശയ്ക്ക് സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന വായ്പ അഞ്ച് ശതമാനത്തിന് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് സൂക്ഷ്മ വായ്പാ പദ്ധതിയുടെ വ്യവസ്ഥ. എന്നാല്‍, സംഘടന സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് നല്‍കാതെ നേരിട്ട് വ്യക്തികള്‍ക്ക് വായ്പ നല്‍കി. ഇതിന് 12 ശതമാനം വരെ പലിശ ഈടാക്കി. രണ്ട് ശതമാനം പലിശയ്ക്ക് വായ്പ തരപ്പെടുത്തി 12 ശതമാനത്തിന് നല്‍കിയതിലൂടെ 10 ശതമാനം ലാഭമുണ്ടാക്കിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. അതോടൊപ്പം ഗുണഭോക്താക്കളുടെ ലിസ്റ്റിലും തിരിമറി കണ്ടെത്തി. ഒരേ പേരുകള്‍ പല സ്ഥലങ്ങളിലും ആവര്‍ത്തിച്ചു. വായ്പാ തുക ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ തിരിമറി നടത്തിയതിന്റെ തെളിവാണിത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ വ്യക്തമായ കണക്ക് ബോധിപ്പിക്കാന്‍പോലും ഈ സംഘടന തയ്യാറായില്ല.
ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി സംഘടനയ്ക്ക് ഫണ്ട് അനുവദിക്കാറില്ല. സംഘടന നടത്തിയ തിരിമറി അന്വേഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിനെ(സിഎംഡി) ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണവുമായി സംഘടന സഹകരിച്ചില്ല. ഇത് സംബന്ധിച്ച് സിഎംഡിയും വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏതാനും മാസം മുമ്പ് എറണാകുളത്ത് സംഘടിപ്പിച്ച ഗുണഭോക്താക്കളുടെ ശില്‍പ്പശാലയില്‍ സംഘടനകള്‍ ഫണ്ട് എങ്ങിനെ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ തെളിവായി കോര്‍പറേഷന്‍ സെക്രട്ടറി വി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് ഈ സംഘടനയെയായിരുന്നു. എന്നാല്‍, തുടക്കത്തിലുള്ള പ്രശ്നങ്ങളെല്ലാം ഈ സംഘടന പരിഹരിച്ചതായി രാജേന്ദ്രന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
(എം രഘുനാഥ്)
deshabhimani 050513
No comments:
Post a Comment