Tuesday, June 4, 2013

ഡെങ്കിപ്പനി പടരുമ്പോള്‍ 40 ലക്ഷം ഗുളികകള്‍ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി പിടിപെട്ട് നിരവധിപേര്‍ മരിക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി നിര്‍മിച്ച 40 ലക്ഷം ഗുളികകള്‍ പൊതുമേഖലാ മരുന്നുനിര്‍മാണ കമ്പനിയായ കെഎസ്ഡിപിയില്‍ കെട്ടിക്കിടക്കുന്നു. ഡെങ്കിപ്പനിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള ആന്റി ബയോട്ടിക്കായ ഡോക്സി ഹൈക്ലിന്‍ ഗുളികകളാണ് സര്‍ക്കാരിന്റെ ഉത്തരവ് കാത്തുകിടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുവാങ്ങുന്ന സംസ്ഥാന മെഡിക്കല്‍ കോര്‍പറേഷന്‍ കെഎസ്ഡിപിക്ക് ഓര്‍ഡര്‍ നല്‍കാത്തതാണ് ഇതിനുകാരണം. കഴിഞ്ഞതവണ ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നിര്‍മിച്ചവയില്‍ കുറച്ചുമാത്രമാണ് കോര്‍പറേഷന്‍ വാങ്ങിയത്. അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കുന്നതിന് വീണ്ടും നിര്‍മിച്ച് സൂക്ഷിച്ച ഗുളികകളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഇരുപതോളം പേര്‍ മരിച്ചു. രണ്ടായിരത്തഞ്ഞൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത്രയും ഭീതിജനകമായ സാഹചര്യമുണ്ടായിട്ടും പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും സര്‍ക്കാര്‍ മരുന്നു വാങ്ങാത്തത് ദുരൂഹമാണ്. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഡെങ്കിപ്പനി ലക്ഷണവുമായി ആശുപത്രികളില്‍ ചികിത്സതേടുന്നുണ്ട്.

ആരോഗ്യവകുപ്പിന്റെ അടുക്കള എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെഎസ്ഡിപിയെ തഴഞ്ഞ് സ്വകാര്യ മേഖലയില്‍നിന്നാണ് കോര്‍പറേഷന്‍ മരുന്നുവാങ്ങുന്നത്. 65 പൈസയ്ക്കാണ് കെഎസ്ഡിപി സര്‍ക്കാരിന് ഗുളിക നല്‍കിയിരുന്നത്. വിപണിയില്‍ അഞ്ചു രൂപയോളം ഇതിന് വിലയുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഉയര്‍ന്ന ഗുണമേന്മയോടെ നിര്‍മിച്ച ഗുളികകള്‍ ആവശ്യത്തിന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നിരിക്കെയാണ് ഒരുവിധ ഗുണമേന്മ പരിശോധനയും നടത്തിയിട്ടില്ലാത്ത സ്വകാര്യ കമ്പനികളുടെ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കെഎസ്ഡിപിയെ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 40 കോടിയുടെ ഓര്‍ഡര്‍ നല്‍കിയിരുന്നത്് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പടിപടിയായി വെട്ടിക്കുറച്ചു. 2012ല്‍ 13 കോടിയുടെ മരുന്നുവാങ്ങിയപ്പോള്‍ ഇത്തവണ ഏഴു കോടിയായി കുറച്ചു. ഏകപക്ഷീയമായി മരുന്നുവിലയും വെട്ടിക്കുറച്ചു. ഇതോടെ ഏഴുകോടിയുടെ മരുന്നു നല്‍കിയപ്പോള്‍ കെഎസ്ഡിപിക്ക് ഒരു കോടിയുടെ നഷ്ടമുണ്ടായി. ഇതിനുപുറമെ ഒആര്‍എസ് ഉള്‍പ്പെടെ അഞ്ചു കോടിയുടെ മരുന്ന് ഇവിടെ കെട്ടിക്കിടക്കുന്നുണ്ട്.
(ജി അനില്‍കുമാര്‍)

deshabhimani

No comments:

Post a Comment