"തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല"; അട്ടപ്പാടിയിലെ ആദിവാസികള്‍
അഗളി: അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജ് നടപ്പാക്കിയെന്ന് യുഡിഎഫ്സര്‍ക്കാര്‍ പത്രപ്പരസ്യത്തിലൂടെ ആഘോഷിക്കുമ്പോഴും "തങ്ങള്‍ക്ക് ഒന്നുംകിട്ടിയില്ലെന്ന പരാതി"യുമായി ആദിവാസികള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനു മുന്നില്‍. 43 കുഞ്ഞുങ്ങള്‍ മരിച്ചുവീണ അട്ടപ്പാടി സന്ദര്‍ശിക്കാനെത്തിയ വി എസ് അച്യുതാനന്ദനുമുന്നില്‍ ഇല്ലായ്മകളുടെ കണ്ണീരില്‍ കുതിര്‍ന്ന സങ്കടമാണ് ആദിവാസിസ്ത്രീകള്‍ പറഞ്ഞത്. ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ വി എസ് ആരാഞ്ഞു. ഒന്നരമാസംമുമ്പ് മന്ത്രിമാര്‍ പ്രഖ്യാപിച്ചതൊന്നും ഊരുകളില്‍ എത്തിയില്ലെന്നതായിരുന്നു വിഎസിന്റെ ഊരുസന്ദര്‍ശനവേളയിലും ബോധ്യപ്പെട്ടത്. ഇടതുപക്ഷ സംഘടനകള്‍ നല്‍കിയ ആഹാരസാധനങ്ങളും സഹായങ്ങളും ചികിത്സാക്യാമ്പുകളും ആദിവാസികള്‍ക്കിടയില്‍ എത്രമാത്രം ആശ്വാസം പകരുന്നുവെന്നതിന് തെളിവായിരുന്നു വി എസിന് ഊരുകളില്‍ ലഭിച്ച സ്വീകരണങ്ങള്‍. സ്ത്രീകളടക്കമുള്ളവര്‍ ആവേശത്തോടെ സ്വീകരിച്ചാനയിച്ചു. പൂച്ചെണ്ട് നല്‍കിയും മാലയിട്ടുമാണ് വരവേറ്റത്. അഗളിയില്‍ പടക്കം പൊട്ടിച്ചും പരമ്പരാഗതവാദ്യംമുഴക്കിയും സ്വീകരിച്ചു. കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാരെ മേലെ കണ്ടിയൂരിലും നെല്ലിപ്പതിയിലുംചെന്ന് വി എസ് ആശ്വസിപ്പിച്ചു.
കൗമാരകാലംമുതല്‍ പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിന് ആഹാരം ലഭിക്കാത്തതാണ് ശിശുക്കളുടെ മരണത്തിനു പ്രധാനകാരണമെന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ ചുമതല വഹിക്കുന്ന ഡോ. ഇബ്രാഹിം പറഞ്ഞു. പാക്കേജില്‍ പ്രഖ്യാപിച്ച നടപടികളില്‍ കാര്യമായൊന്നും ആശുപത്രിയില്‍ എത്തിയില്ലെന്ന് ജീവനക്കാരും പറഞ്ഞു. ആശുപത്രി സൂപ്രണ്ട്പോലുമില്ല. മുതിര്‍ന്ന ഡോക്ടര്‍മാരില്ലാത്തത് ഗുരുതരമായ രോഗവുമായി വരുന്നവരെ ചികിത്സിക്കുന്നതില്‍ പ്രയാസമുണ്ടാക്കുന്നു. അട്ടപ്പാടിയിലെ സ്ഥിതി കണക്കിലെടുത്ത് മൂന്ന് ഗൈനക്കോളജിസ്റ്റും രണ്ട് ശിശുരോഗ വിദഗ്ധരും ആവശ്യമാണ്. മഴ തുടങ്ങിയതോടെ പനി പടരുന്നുണ്ട്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നവര്‍ ചികിത്സയിലുണ്ട്. ആശുപത്രിയില്‍ ഇപ്പോഴും കുടിവെള്ളം ലഭിക്കുന്നില്ല. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സില്ല. രണ്ടു മണിക്കൂര്‍ യാത്ര ചെയ്താണ് ജീവനക്കാരില്‍ ഭൂരിഭാഗംപേരും ആശുപത്രിയില്‍ എത്തുന്നത്. മുമ്പ് ഓടിയിരുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയത് ജീവനക്കാര്‍ക്ക് കൃത്യസമയത്ത് എത്താന്‍ തടസ്സമാകുന്നുവെന്നുള്ള നിരവധിപരാതികള്‍ ആദിവാസികളും ഡോക്ടര്‍മാരും ആശുപത്രിജീവനക്കാരുമൊക്കെ വിഎസിനു മുന്നില്‍ പറഞ്ഞു. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളുടെ അതേ അവസ്ഥ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷവും ഉണ്ടാവരുതെന്നും തുടര്‍ന്നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തെ ഭരണംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയെ കേരളത്തിലെ സോമാലിയയാക്കി മാറ്റിയതായി ബോധ്യപ്പെട്ടതായും വി എസ് സന്ദര്‍ശനത്തിനുശേഷം പറഞ്ഞു.
അട്ടപ്പാടിയെ യുഡിഎഫ് സര്‍ക്കാര്‍ സൊമാലിയയാക്കി: വി എസ്
അഗളി: യുഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷംകൊണ്ട് അട്ടപ്പാടിയെ കേരളത്തിലെ സൊമാലിയയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥക്ക് പൂര്‍ണ ഉത്തരവാദി ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കുന്ന അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ആദിവാസി ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കിയതിന്റെ ഫലമാണ് അട്ടപ്പാടി ഇന്ന് അനുഭവിക്കുന്നത്. ഒന്നരവര്‍ഷത്തിനിടെ 34 കുഞ്ഞുങ്ങള്‍ മരിച്ചു. അമ്മമാര്‍ക്ക് മതിയായ ആഹാരം ലഭിക്കാത്തതാണ് കുഞ്ഞുങ്ങളുടെ മരണത്തിനു കാരണം. അഹാഡ്സിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അട്ടപ്പാടിയിലുള്ളവര്‍ക്ക് ജീവിക്കാന്‍ ആശ്രയം തൊഴിലുറപ്പ് പദ്ധതിയായിരുന്നു. ഇത് നിലയ്ക്കുകയും പണിയെടുത്തവര്‍ക്ക് കൂലി ലഭിക്കാതാകുകയും ചെയ്തതോടെ ഊരുകള്‍ പട്ടിണിയിലായി. ആറു മാസത്തേക്കെങ്കിലും സൗജന്യറേഷനും മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് ധനസഹായവും നല്‍കണം. ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
കൃഷിചെയ്യാനുള്ള സൗകര്യമുണ്ടാക്കണം. തൊഴില്‍ ഉറപ്പുവരുത്തുകയും വേണം. ആശുപത്രികളില്‍ ഡോക്ടര്‍മാരും നേഴ്സുമാരും മരുന്നും ഇല്ലാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാരുടെ പിജി സംവരണം നിര്‍ത്തിയത് അട്ടപ്പാടിയെ സാരമായി ബാധിക്കും. സംവരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രദേശങ്ങളില്‍ യുവാക്കളായ ഡോക്ടര്‍മാര്‍ ജോലിചെയ്യുന്നത്. അതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആദിവാസിയുടെ ഭൂമി അന്യാധീനപ്പെടുന്നതും കൈമാറ്റം ചെയ്യുന്നതും അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment