Tuesday, June 4, 2013

കണ്ണാടി ബംഗ്ലാവിന് പ്രായം 145 വര്‍ഷം

അഞ്ചല്‍: വേനലില്‍ വറ്റിവരണ്ട പരപ്പാര്‍ ഡാമില്‍ തെളിഞ്ഞുവന്ന കണ്ണാടി ബംഗ്ലാവ് പുരവസ്തു ഗവേഷണ വകുപ്പ് അധികൃതര്‍ ശനിയാഴ്ച സന്ദര്‍ശിച്ചു. നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന കാമറോണ്‍ സായ്പിന്റെ കണ്ണാടി ബംഗ്ലാവും കളംകുന്ന് ഗ്രാമത്തിനുകൂടി നീരേകിയ കിണറും പരപ്പാര്‍ഡാമിലെ ജലനിരപ്പ് കടുത്ത വരള്‍ച്ചയില്‍ വറ്റിയതിനെത്തുടര്‍ന്നാണ് ഉയര്‍ന്നുവന്നത്.

ചുടുകട്ടയും ചുണ്ണാമ്പും ചേര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച ഒരു ഡസനോളം മുറികളുള്ള ബംഗ്ലാവിന് 145 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നതായി പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു. നിര്‍മിച്ച് 50 വര്‍ഷത്തിനുശേഷം സിമന്റ് പൂശി ഭിത്തികള്‍ ബലപ്പെടുത്തി. ഭിത്തിയുടെ പകുതി മുകള്‍ ഭാഗം കണ്ണാടികൊണ്ടാണ് നിര്‍മിച്ചിരുന്നത്. അതുകൊണ്ടാണ് കണ്ണാടി ബംഗ്ലാവെന്ന പേരുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വ്യാവസായികാവശ്യത്തിന് തടി ശേഖരിക്കാന്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനായാണ് കാമറോണ്‍ സായ്പ് പഴയ ചെങ്കോട്ട- തിരുവനന്തപുരം റോഡിന്റെ വശത്ത് ബംഗ്ലാവ് നിര്‍മിച്ചത്. റോഡിന്റെ ഭാഗങ്ങള്‍ ബംഗ്ലാവിനു സമീപം കണ്ടെത്തിയിട്ടുണ്ട്. മേല്‍ക്കൂര, കട്ടിള, ജനല്‍ എന്നിവയെല്ലാം ഡാംനിര്‍മിക്കാന്‍ ഇളക്കിമാറ്റി. ഡാമിന്റെ നിര്‍മാണകാലത്ത് കല്ലട ഇറിഗേഷന്‍, വനം വകുപ്പ്, റീസര്‍വേ ഓഫീസുകള്‍ ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചു.

ദശാബ്ദങ്ങളായി വെള്ളത്തിനടിയിലായിരുന്നിട്ടും ഭിത്തികള്‍ക്ക് കേടുപാടില്ലാത്തത് ബ്രിട്ടീഷ് വാസ്തുവിദ്യയുടെ മേന്മ വിളിച്ചറിയിക്കുന്നു. ഡാം നിര്‍മിക്കുമ്പോള്‍ പരപ്പാര്‍ കളംകുന്ന് ഗ്രാമത്തില്‍ അഞ്ഞൂറോളം വീടുകള്‍ ഉണ്ടായിരുന്നു. ഈ പ്രദേശം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. പുനരധിവാസത്തിന് സ്ഥലവും പണവും നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം ആരംഭിച്ചു. സമരത്തില്‍ പങ്കാളികളായ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം നാനൂറ്റമ്പതോളം പേരെ അറസ്റ്റ്ചെയ്ത് കൊട്ടാരക്കര ജയിലില്‍ അടച്ചു.

കളംകുന്ന് സമരം എന്ന പേരില്‍ അറിയപ്പെട്ട തെന്മലഡാം പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം പരപ്പാര്‍, കളംകുന്ന്, മാമൂട് പ്രദേശത്തെ ജനങ്ങള്‍ക്ക് കുളത്തൂപ്പുഴ ഡാംനഗറിലും മറ്റും വീടുവയ്ക്കാനായി ഭൂമി നല്‍കി. ഡാം നിര്‍മാണം പൂര്‍ത്തിയായതോടെ ഈ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇനിയും ജലനിരപ്പ് താഴ്ന്നാല്‍ പഴയ ഗ്രാമത്തിന്റെ അവശേഷിപ്പുകള്‍ കാണാനാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. അപകടസാധ്യത ഏറെയുള്ള പാതയിലൂടെ നാലു കിലോമീറ്ററോളം കാല്‍നടയായി വേണം ബംഗ്ലാവ് നില്‍ക്കുന്ന സ്ഥലത്തെത്താന്‍. വന്യമൃഗ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വനംവകുപ്പും കെഐപിയും പരപ്പാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിഎഫ്്ഒ ലക്ഷ്മി പറഞ്ഞു. എങ്കിലും സന്ദര്‍ശകരുടെ പ്രവാഹമാണ് ഇവിടേയ്ക്ക്.
(ഏറം ഷാജി)

deshabhimani

No comments:

Post a Comment