Tuesday, June 4, 2013

വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്എഫ്ഐ സമരത്തിലേക്ക്

സ്വയംഭരണ കോളേജുകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍തീരുമാനം പിന്‍വലിക്കുക, വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കുക, പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ പ്രക്ഷോഭത്തിലേക്ക്. ആറിന് കോളേജുകളില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. ഏഴിന് സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും. 10ന് എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിക്കും. അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും സാംസ്കാരിക നായകരെയും വിദ്യാഭ്യാസ സദസ്സില്‍ അണിനിരത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് ഷിജുഖാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുത്തഴിഞ്ഞ അന്തരീക്ഷത്തിലാണ് ഇത്തവണ അധ്യയനവര്‍ഷം ആരംഭിച്ചത്. എട്ടു ജില്ലയില്‍ പാഠപുസ്തകങ്ങള്‍ എത്തിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കാനുള്ള നടപടിയായിട്ടില്ല. 224 ഹൈസ്കൂളുകളില്‍ പ്രധാനാധ്യാപകരില്ല. 120 ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍മാരില്ല. 20 ഡിഇഒമാരുടെയും അഞ്ച് ഡിഡിമാരുടെയും സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ഞൂറിലധികം അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിദ്യാഭ്യാസ അവകാശനിയമം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന രീതിയിലാണ് നടപ്പാക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരും മാനേജ്മെന്റും ഒത്തുകളിക്കുകയാണ്. ലക്ഷങ്ങള്‍ കോഴവാങ്ങി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രവേശനപരീക്ഷ റദ്ദാക്കണമെന്നും അല്ലെങ്കില്‍ വന്‍ സമരം ആരംഭിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. കോഴിക്കോട് മെഡിക്കല്‍കോളേജിനെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് എംബിബിഎസ് സീറ്റ് വെട്ടിക്കുറച്ചത്. ഗുണ്ടാനിയമം ദുരുപയോഗപ്പെടുത്തി വിദ്യാര്‍ഥി-യുവജന നേതാക്കളെ നാടുകടത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് ആര്‍ എസ് ബാലമുരളി, ജില്ലാ സെക്രട്ടറി എ എം അന്‍സാരി, പ്രസിഡന്റ് എം ആര്‍ സിബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment