Thursday, June 13, 2013

പാവം പയ്യന്‍ ഡല്‍ഹിയിലെ പ്രധാന പയ്യന്‍

ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിപുരുഷനായി പ്രവര്‍ത്തിക്കുന്ന "പാവം പയ്യന്റെ" കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായാണ് ഈ കോട്ടയം സ്വദേശി സ്വയം പരിചയപ്പെടുത്തുക. ഉമ്മന്‍ചാണ്ടി വരുമ്പോള്‍ നിഴല്‍പോലെ കൂടെയുള്ളതിനാല്‍ ആരും സംശയിക്കില്ല. മുഖ്യമന്ത്രിയുടെ യാത്രാപരിപാടി സൂക്ഷിക്കുന്നതും ഫോണ്‍കോള്‍ സ്വീകരിക്കുന്നതും ഇയാളാണ്. ഈ സ്വാധീനത്തിലാണ് അനധികൃത പ്രവര്‍ത്തനങ്ങള്‍.

ഇയാള്‍ കേരള ഹൗസില്‍ ഒരുവര്‍ഷത്തിനിടെ മൂന്ന് പേര്‍ക്ക്് താല്‍ക്കാലികനിയമനം നല്‍കി. കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ പ്രമുഖരുടെയും ഒത്താശയോടെയാണ് ഈ അഴിമതി. കേരള ഹൗസിലെ കാറ്ററിങ്, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലാണ് ഇയാള്‍ നിയമനം നടത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുന്നതിന് മുമ്പായി തസ്തിക സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനവുമായി പണം ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഡിസംബറില്‍ ട്രാവന്‍കൂര്‍ ഹൗസ് ഡോര്‍മിറ്ററി മനേജരായി ഒരു സ്ത്രീയെ നിയമിച്ചു. ദിവസവേതന അടിസ്ഥാനത്തിലെ നിയമനത്തിന് കേരള ഹൗസ് റിസപ്ഷനിസ്റ്റിന്റെ ശമ്പളമാണ് നല്‍കുന്നത്. പ്രതിദിനവേതനമായ 350 രൂപയ്ക്ക് പകരം പ്രതിമാസം 20,000 രൂപ. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നിയമനമെന്നാണ്് കണ്‍ട്രോളര്‍ അവകാശപ്പെടുന്നത്.

കേരളഹൗസിന്റെ അഡീഷണല്‍ ബ്ലോക്ക് സ്വകാര്യവല്‍ക്കരിക്കാനും ചരട് വലിക്കുന്നത് കണ്‍ട്രോളറും പാവം പയ്യനും ചേര്‍ന്നാണ്. ജോലി തേടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയില്‍ എത്തിയ "പാവം പയ്യന്‍" ഇവിടെ എത്തിച്ചേര്‍ന്നത് ദുരൂഹമായാണ്. യുഎഇയിലേക്ക് പോകുന്ന മലയാളി ഉദ്യോഗാര്‍ഥികളെ അറ്റസ്റ്റേഷനായി ഇവിടെ എത്തിക്കുന്ന ഏജന്റായാണ് ഇയാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ഇതിനിടെ ബന്ധം വളര്‍ന്നു. ഇയാള്‍ സംശയകരമായ പല സാമ്പത്തിക ഇടപാടുകളും നടത്തുന്നതായി ഡല്‍ഹിയിലെ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഡല്‍ഹിയില്‍ മുഖ്യമന്ത്രി വരുമ്പോള്‍ അദ്ദേഹം താമസിക്കുന്ന കേരള ഹൗസിലെ 204-ാം നമ്പര്‍ റൂമിന്റെ തൊട്ട് ചേര്‍ന്ന് 203-ാം നമ്പര്‍ മുറിയിലാണ് ഇയാള്‍ താമസിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ താമസിക്കേണ്ട മുറിയിലാണ് യാതൊരു ഔദ്യോഗിക പദവിയും ഇല്ലാത്ത പയ്യന്റെ താമസം. ഉമ്മന്‍ചാണ്ടിയുടെ പിഎമാരായ രണ്ടുപേര്‍ പുതുപ്പള്ളി, മണര്‍കാട് ഭാഗങ്ങളില്‍ അനധികൃതസ്വത്ത് സമ്പാദിച്ചതായി ആരോപണം നേരിടുന്നവരാണ്. ഇതിന് പുറമെയാണ് അനധികൃത സെക്രട്ടറിയുടെ ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍.
(പി വി അഭിജിത്)

deshabhimani

No comments:

Post a Comment