Thursday, June 13, 2013

മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍

മുഖ്യമന്ത്രിയുടെ ഓഫീസുമായി ഗാഢബന്ധം പുലര്‍ത്തുന്ന സാമ്പത്തികത്തട്ടിപ്പ് കേസുകളിലെ പ്രതി സരിത എസ് നായര്‍ക്ക് യുഡിഎഫ് സര്‍ക്കാരിലെ പല ഉന്നതരുമായും അടുത്ത ബന്ധമുള്ളതായി സൂചന. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും കേന്ദ്രീകരിച്ച് നടക്കുന്ന അവിഹിത ഇടപാടുകളിലേക്കാണ് കോടികള്‍ വെട്ടിച്ച കുറ്റവാളിയുമായുള്ള ബന്ധം വെളിച്ചം വീശുന്നത്.

സൗരോര്‍ജ പ്ലാന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ സുതാര്യമുഖംമൂടി വലിച്ചുകീറി. കുറ്റവാളികള്‍ക്കും ഇടനിലക്കാര്‍ക്കും ഭരണസിരാകേന്ദ്രം തുറന്നുകൊടുത്തിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അതിനിടെ, ഫോണ്‍സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്. തട്ടിപ്പുകേസില്‍ ജയിലിലടയ്ക്കപ്പെട്ട സരിത പുറത്തിറങ്ങി വീണ്ടും സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ്. യുഡിഎഫ് മന്ത്രിമാര്‍ ഇവരുടെ സ്ഥാപനത്തിന്റെ ചില ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. തട്ടിപ്പുകേസുകളില്‍ പ്രതിയായിട്ടും സരിതയുടെ സൗരോര്‍ജ പ്ലാന്റ് പദ്ധതി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്തുമായാണ് സരിതയും കൂട്ടാളികളും തങ്ങളെ സമീപിച്ചതെന്ന് തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി സദാസമയം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലേക്കാണ് സരിത തുടര്‍ച്ചയായി വിളിച്ചത്. അതാകട്ടെ മറ്റൊരാളുടെ മേല്‍വിലാസത്തില്‍ എടുത്ത സിംകാര്‍ഡുപയോഗിച്ചും. മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഫോണിലേക്ക് സരിത വിളിച്ചതിനേക്കാള്‍ കൂടുതല്‍ തവണ തിരിച്ചുവിളിച്ചതാണ് ഗൗരവമേറിയ കാര്യം. തുടര്‍ച്ചയായി സന്ദേശങ്ങളും കൈമാറി. ഔദ്യോഗികവസതിയിലെ ഫോണുകളില്‍നിന്നും സരിതയെ വിളിച്ചു. അറസ്റ്റിലായ ശേഷവും മുഖ്യമന്ത്രിയുടെ ഓഫീസ് സരിതയെ ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള സരിത കൊച്ചിയില്‍ ടീം സോളാര്‍ എന്ന സ്ഥാപനമാരംഭിച്ചശേഷംപണമിടപാടിന് ആ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി. പരാതി പറഞ്ഞവരെ പൊലീസ് ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തി.

സരിതയുടെ സ്ഥാപനം പൊലീസ് അസോസിയേഷന്റെ പരിപാടി സ്പോണ്‍സര്‍ ചെയ്തതായും അവാര്‍ഡ് നൈറ്റിന് 40 ലക്ഷത്തോളം രൂപ നല്‍കിയതായും പറയുന്നു. 70 ജീവനക്കാരുമായാണ് കൊച്ചിയില്‍ സ്ഥാപനം തുറന്നത്. പിന്നീട് പലപ്പോഴായി ജീവനക്കാരുടെ എണ്ണം കുറച്ചു. കോടികള്‍ കൈക്കലാക്കി കൂട്ടാളികള്‍ക്കൊപ്പം മുങ്ങുകയും ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും രക്ഷപ്പെടുത്താനുള്ള നീക്കം സജീവമായിരുന്നു. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും വസതിയുമായുള്ള ബന്ധം പുറത്തായത്. മുഖ്യമന്ത്രിയുടെ സന്തതസഹചാരി ടെന്നി ജോപ്പനു പുറമെ അദ്ദേഹത്തിന്റെ ഓഫീസിലെ മറ്റു ചിലരുമായും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. അതിനിടെ, സരിതയുടെ തട്ടിപ്പുകേസ് ഒത്തുതീര്‍ക്കാന്‍ പരാതിക്കാരനുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മധ്യസ്ഥചര്‍ച നടത്തിയ കാര്യവും പുറത്തായിട്ടുണ്ട്.

ഓഫീസ് ദുരുപയോഗം ചെയ്തിരിക്കാം: മുഖ്യമന്ത്രി

തിരു: തന്റെ ഓഫീസ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. താന്‍ ഓപ്പണ്‍ ആണ്. ആര്‍ക്കും ഓഫീസില്‍ വരാം. ഓഫീസിലേക്ക് വിളിക്കാം. ദുരുപയോഗം ചെയ്യുമെന്നു കരുതി ആരെയും വിലക്കാനാകില്ല. പേഴ്സണല്‍ അസിസ്റ്റന്റും സന്തത സഹചാരിയുമായ ടെന്നി ജോപ്പന്റെ ഫോണില്‍ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും സരിതയുടെ ഫോണിലേക്ക് വിളിച്ചതിനെപ്പറ്റിയുള്ള ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ പറയാനില്ല. അന്വേഷണം പൂര്‍ത്തിയായിട്ട് എന്തുചെയ്യുമെന്ന് പറയാം-മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കുന്ന കേന്ദ്രമായി: പിണറായി

തിരു: കുറ്റവാളികളെ സംരക്ഷിക്കുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം പാളയം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ അടുത്ത് സാധാരണ കാണുന്ന ആളാണെന്നകാര്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. കൈയോടെ ഇത് പിടികൂടിയിട്ടും നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്-പിണറായി ചോദിച്ചു.

സഭയില്‍ മറുപടിയില്ലാതെ സര്‍ക്കാര്‍

തിരു: സൗരോര്‍ജപ്ലാന്റ് തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ഇ പി ജയരാജന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, ആരും നിയമത്തിന് അതീതരല്ലെന്ന പതിവുമറുപടി നല്‍കി അദ്ദേഹം ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയുടെ ഓഫീസിന് സരിതയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എല്ലാ അഴിമതിക്കേസുകളും സുതാര്യമായി ഒതുക്കിത്തീര്‍ക്കുന്നതുപോലെ ഇതും ഒതുക്കിത്തീര്‍ക്കരുത്. സ്റ്റാഫംഗത്തെ പഴിചാരി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കിമിനല്‍കേസിലെ പ്രതിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ആരോപണം സംബന്ധിച്ച് ചട്ടം 300 പ്രകാരം നിയമസഭയില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന പി ശ്രീരാമകൃഷ്ണന്റെ ആവശ്യവും മുഖ്യമന്ത്രി നിരാകരിച്ചു.

deshabhimani

No comments:

Post a Comment