Wednesday, June 12, 2013

ചൈനയുംകടന്ന് ദേവസ്വംഭേദഗതി

ചൈനീസ് മാര്‍പാപ്പയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും പിന്നെ സ്ത്രീകളോടുള്ള അവഗണനയും. ദേവസ്വം ഭേദഗതി ബില്ലിന്റെ ചര്‍ച്ച ഭക്തിയും വിഭക്തിയും കടന്ന് മണിക്കൂറുകള്‍ നീണ്ടു. ദേവസ്വം ബോര്‍ഡുകളില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താത്തതിനെതിരെ പ്രതിപക്ഷം കത്തിക്കയറിയപ്പോള്‍ പിന്തുണയ്ക്കാന്‍ ഭരണപക്ഷത്തുള്ള ചിലരും മടി കാട്ടിയില്ല. പനിമരണവും സഭയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന എളമരം കരീമിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്.

പഴയ ഒരു ചൈനായാത്രയുടെ കഥപറഞ്ഞ എ കെ ബാലനാണ് ആ സംഭവം വിവരിച്ചത്. മുസ്ലിംലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണി, അഹമ്മദ് കബീര്‍ എന്നിവരും സംഘത്തിലുണ്ട്. യാത്ര പുറപ്പെടുംമുമ്പ് രണ്ടത്താണിക്ക് കടുത്ത ശങ്ക. ചൈനയില്‍ ചെന്നാല്‍ നിസ്കരിക്കാന്‍ വഴിയുണ്ടോ? അവിടെ പള്ളികള്‍ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് രണ്ടത്താണി ധരിച്ചുവച്ചിരിക്കുന്നത്. പക്ഷേ, ചൈനയിലെത്തിയ രണ്ടത്താണി അഞ്ചുനേരവും നിസ്കരിച്ചെന്നുമാത്രമല്ല, ഹലാലായ ഭക്ഷണവും കഴിച്ചത്രേ. പോരാത്തതിന് ഖുറാന്‍ വില്ലേജും സന്ദര്‍ശിച്ചാണ് മടങ്ങിയത്. "ചൈനയിലെ കാര്യം ഇങ്ങനെയാണെങ്കില്‍ മുസ്ലിംലീഗ് പിരിച്ചുവിടേണ്ടിവരും". മടക്കയാത്രയില്‍ ബാലനോട് രണ്ടത്താണി സ്വകാര്യമായി പറഞ്ഞത്രേ.

ബാലന്റെ വെളിപ്പെടുത്തല്‍ രണ്ടത്താണിക്ക് ഏറ്റെന്നു തോന്നി. ഒളിമ്പിക്സിനുമുമ്പ് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചൈന പള്ളി തുറന്നിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മാര്‍പാപ്പയെ അംഗീകരിക്കാന്‍ വിസമ്മതിച്ച ചൈന സ്വന്തം മാര്‍പാപ്പയെ വാഴിച്ചെന്നും ബുദ്ധക്ഷേത്രങ്ങളില്‍ ടോള്‍ ഏര്‍പ്പെടുത്തിയെന്നും രണ്ടത്താണി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രം വെളിപ്പെടുത്തി ജി സുധാകരനാണ് ഇത് നേരിട്ടത്. മാര്‍പാപ്പയെ നിഷേധിച്ച 400 വര്‍ഷത്തെ ചരിത്രം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുരയില്‍ ചെന്നപ്പോള്‍ മണിക് സര്‍ക്കാര്‍ ക്ഷേത്രത്തിലെ ഉത്സവനടത്തിപ്പിന് നേതൃത്വം കൊടുക്കുന്നതിന് സാക്ഷ്യം വഹിച്ച ഓര്‍മ പാലോട് രവിക്കുണ്ട്. മനുഷ്യന്‍ കൂടുന്നിടത്തെല്ലാം മാര്‍ക്സിസ്റ്റുകാരുണ്ടാകുമെന്ന് പി ശ്രീരാമകൃഷ്ണന്‍ രവിയെ ഓര്‍മിപ്പിച്ചു. ക്ഷേത്രത്തിലാണെങ്കിലും നരകത്തിലാണെങ്കിലും മാനവികമായ ഒന്നും മാര്‍ക്സിസത്തിന് അന്യമല്ലെന്ന് ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു. ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ എണ്ണം മൂന്നാക്കിയതില്‍ പിടിഎ റഹീം സന്തുഷ്ടനാണ്. മറിച്ചായിരുന്നെങ്കില്‍ പിഎസ്സിയുടെ അവസ്ഥയിലാകുമായിരുന്നെന്ന് അദ്ദേഹം നിരീക്ഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ത്രീയെ സ്ഥാനാര്‍ഥിയാക്കാത്ത യുഡിഎഫ് ദേവസ്വംബോര്‍ഡില്‍ വനിതാ സംവരണം ഏര്‍പ്പെടുത്താത്തതില്‍ അതിശയമില്ലെന്ന് എ കെ ബാലന്‍. ഭക്തരില്‍ ഏറിയപങ്കും സ്ത്രീകളാണ്. എന്നിട്ടും അവരോട് എന്താണ് അയിത്തമെന്ന് അദ്ദേഹം ആരാഞ്ഞു. സംവരണം ഇല്ലെങ്കില്‍ സാധാരണഗതിയില്‍ സ്ത്രീകളെയും പട്ടികജാതിക്കാരെയും പരിഗണിക്കില്ലെന്ന് ബാലന്‍ വ്യക്തമാക്കി. കെ ശിവദാസന്‍നായര്‍ ഇത് അംഗീകരിച്ചില്ല. വനിതയെ പ്രസിഡന്റും പ്രധാനമന്ത്രിയും ആക്കിയ പാര്‍ടി കോണ്‍ഗ്രസ് മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ജവാഹര്‍ലാല്‍ നെഹ്റുവിന് ഒരു ആണ്‍കുട്ടിയില്ലാതെ പോയതുകൊണ്ടാണ് ഇന്ദിര ഗാന്ധിക്ക് പ്രധാനമന്ത്രിസ്ഥാനം കിട്ടിയതെന്ന് കെ ടി ജലീല്‍ മറുപടി നല്‍കി. സ്ത്രീസംവരണം ഏര്‍പ്പെടുത്തണമെന്ന വാദഗതിക്കാരനാണ് ഭരണപക്ഷത്തുനിന്ന് ബില്ലിന് ഭേദഗതി അവതരിപ്പിച്ച കെ മുരളീധരന്‍. ദേവസ്വംബോര്‍ഡ് അംഗങ്ങളായിരുന്ന് അഴിമതി നടത്തിയവരാരും പിന്നീട് ഗതിപിടിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിയില്‍നിന്ന് മാറ്റിയതുകൊണ്ട് യുഡിഎഫിന് എന്ത് രാഷ്ട്രീയനേട്ടമുണ്ടെന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. രാമന്‍നായര്‍മാരെ സൃഷ്ടിക്കാനേ ഇത് വഴിവയ്ക്കൂവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പാട്ടുപാടുന്ന വനിതകള്‍ക്ക് ദേവസ്വംബോര്‍ഡില്‍ കഴിഞ്ഞ സര്‍ക്കാര്‍ സംവരണം നല്‍കിയതിലായിരുന്നു കെ ശിവദാസന്‍നായരുടെ രോഷം. ഭക്തമീരയുടെയും കബീര്‍ദാസിന്റെയും കഥ പറഞ്ഞ് സുധാകരന്‍ അദ്ദേഹത്തെ അരിഞ്ഞുവീഴ്ത്തി. രാമായണവും ഭാഗവതവും അസലായി പാരായണംചെയ്യുന്ന സ്ത്രീകളുണ്ടെന്നും അവര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തിയതെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.

അല്ലാതെ ഷക്കീലയുടെ കൂടെ നടന്ന് പാട്ടുപാടുന്നവരെയല്ല.... ശിവദാസന്‍ നായരേ...... അതോടെ നായരടങ്ങി. ദേവസ്വം ബോര്‍ഡ് കോണ്‍ഗ്രസ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചാല്‍ എങ്ങിനിരിക്കും. ദാര്‍ശനികവിഭാഗം എ ഗ്രൂപ്പിനും സംഗീതജ്ഞരുടെ ഗണത്തില്‍ വിശാല ഐയും പെടുമെന്നാണ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. ആനകളെ ഉപയോഗിച്ചുള്ള എഴുന്നള്ളത്തിന് സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു ബാബു എം പാലിശേരിയുടെ ആവശ്യം. നട്ടുച്ചയ്ക്കുള്ള എഴുന്നള്ളത്ത് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ആനത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പാലിശേരി വെളിപ്പെടുത്തിയപ്പോള്‍ അത് പുതിയ കാര്യമാണല്ലോയെന്നായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍.

മന്ത്രിയായിരുന്ന കെ ബി ഗണേശ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം അറിയാമെന്നും തന്നെ സര്‍ക്കാര്‍ പല യോഗങ്ങള്‍ക്കും ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു പാലിശേരിയുടെ മറുപടി. ദേവസ്വം ഭേദഗതി ബില്ലിനെ പിന്തിരിപ്പന്‍, ഭരണഘടനാ വിരുദ്ധം, സ്ത്രീവിരുദ്ധം എന്നിങ്ങനെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പനിമരണം അടിയന്തര പ്രമേയ നോട്ടീസിന് വിഷയമാക്കിയ എളമരം കരീം കണക്കുകള്‍ നിരത്തിയാണ് നേരിട്ടത്. മന്ത്രി വി എസ് ശിവകുമാറാകട്ടെ യോഗങ്ങളുടെ കണക്കാണ് വിശദീകരിച്ചത്. ചെന്നിത്തല ജാഥയുമായി വന്നപ്പോള്‍ എല്ലാവരും പിറകെ പോയതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പനിമൂലം ആളുകള്‍ മരിക്കുമ്പോള്‍ കൈയും കെട്ടിയിരിക്കുന്ന മന്ത്രിമാരെ വളഞ്ഞുപിടിച്ച് കണ്ണീര് വരുംവരെ ചൂരല്‍ കൊണ്ടടിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. അതിന് മുന്‍കാല പ്രാബല്യം നല്‍കാന്‍ തയ്യാറുണ്ടോയെന്നായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തയ്യാറെന്ന് വി എസും.

കെ ശ്രീകണ്ഠന്‍ deshabhimani

No comments:

Post a Comment